Breaking

Friday, March 27, 2020

എവിടെ ഒളിച്ചാലും കണ്ടെത്തും; ഇത് കൊല്ലം സ്റ്റൈൽ

കൊല്ലം : വിദേശരാജ്യങ്ങളിൽനിന്നോ ഇതരസംസ്ഥാനങ്ങളിൽനിന്നോ വന്ന് രഹസ്യമായി കൊല്ലത്ത് തങ്ങാമെന്നു കരുതേണ്ട. എവിടെ ഒളിച്ചാലും കണ്ടെത്തും. അതാണ് ഇവിടത്തെ രീതി. കൊറോണ രോഗബാധിതപ്രദേശങ്ങളിൽനിന്നെത്തി നിരീക്ഷണവലയത്തിൽപ്പെടാതെ താമസിച്ചിരുന്ന 79 വിദേശികളെയാണ് കഴിഞ്ഞദിവസംമാത്രം പോലീസ് കണ്ടെത്തിയത്.ആർ.ഡി.ഒ. സുമീതൻ പിള്ളയുടെ നേതൃത്വത്തിൽ ഡോ. ശശി, ഡോ. അരുൺ, ഡോ. ടി.എ.നാരായണൻ എന്നിവർ വ്യാഴാഴ്ചയും 43 വിദേശീയരുടെ ആരോഗ്യനില പരിശോധിച്ചു. ഡി.എം.ഒ.യുടെ നിർദേശപ്രകാരം 30 പേരുടെ സാമ്പിൾ പരിശോധനയ്ക്കയച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും ഹൈ റിസ്ക് രാജ്യങ്ങളിൽനിന്നുള്ളവരായതിനാൽ ഇവരുടെയെല്ലാം സാമ്പിൾ എടുക്കുന്നതിനായി പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. ഗൾഫിൽനിന്നെത്തി കൊല്ലത്തെ വാടകവീട്ടിൽ തങ്ങിയ ദമ്പതിമാരെയും കഴിഞ്ഞദിവസം കണ്ടെത്തി. അവരും ഇപ്പോൾ നിരീക്ഷണത്തിലാണ്. വിദേശങ്ങളിൽനിന്നെത്തി നഗരത്തിലെ ഫ്ലാറ്റുകളിൽ ‘ഒളിച്ചു’താമസിച്ചിരുന്നവരുടെയടുത്തും ആരോഗ്യവകുപ്പ് അധികൃതരെത്തി.നിലവിൽ സംസ്ഥാനത്ത്‌ കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്യാത്ത രണ്ടു ജില്ലകളിൽ ഒന്നാണ് കൊല്ലം. ഇക്കാര്യത്തിൽ ഓരോ ഘട്ടത്തിലും ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും പുലർത്തുന്ന ജാഗ്രതയും മുൻകരുതലും വളരെ വലുതാണ്. വീട്ടിൽ ഒളിച്ചുതാമസിക്കുന്ന പ്രവണത നിലവിലെ സാഹചര്യത്തിൽ ഒട്ടും നല്ലതല്ല. ഇങ്ങനെ എന്തെങ്കിലും വിവരം ലഭിച്ചാൽ അധികൃതരെ അറിയിക്കാനും അമാന്തിക്കേണ്ട. ജില്ലയിലെ ഹോട്ടലുകളിലും റിസോർട്ടുകളിലും ഹോം സ്റ്റേകളിലും വരുംദിവസങ്ങളിലും പരിശോധന തുടരും. രോഗബാധയുടെ എന്തെങ്കിലും ലക്ഷണങ്ങളുണ്ടെങ്കിൽ കൺട്രോൾ റൂം നമ്പരുകളിൽ വിളിക്കാം. ശാസ്ത്രീയമായ രീതിയിൽ സഹായം ലഭ്യമാക്കും.


from mathrubhumi.latestnews.rssfeed https://ift.tt/3aq7Agg
via IFTTT