Breaking

Saturday, March 28, 2020

വിമാനത്തിൽനിന്ന് ഇറങ്ങിപ്പോന്ന യുവാവിന് നെഗറ്റീവ്; ഇത്രയും ദിവസം കഴിഞ്ഞത് സ്വയം ക്വാറന്റൈനിൽ

കൊച്ചി: കോവിഡ് ബാധിച്ച വിദേശ സംഘത്തിനൊപ്പം വിമാനത്തിൽ കയറിയതിനാൽ ലണ്ടൻ യാത്ര ഒഴിവാക്കി തിരിച്ചിറങ്ങിപ്പോന്ന യുവാവിന് രോഗബാധയില്ലെന്ന് തെളിഞ്ഞു. ഇത്രയും ദിവസം സ്വയം ക്വാറന്റൈനിലായിരുന്ന പത്തനംതിട്ട സ്വദേശി രാജേഷ് കൃഷ്ണയ്ക്കാണ് രക്തപരിശോധന നെഗറ്റീവാണെന്ന് തെളിഞ്ഞത്.കൊവിഡ് സ്ഥിരീകരിച്ച യാത്രക്കാരനുള്ളതിനാൽ 19 അംഗ വിദേശ സംഘത്തെ ഇക്കഴിഞ്ഞ 15-ന് നെടുമ്പാശ്ശേരിയിൽ വിമാനത്തിൽനിന്ന് തിരിച്ചിറക്കിയിരുന്നു. ഇതിൽ രണ്ടുപേരുടെ അടുത്താണ് ലണ്ടനിൽ പത്രപ്രവർത്തകനായ രാജേഷ് കൃഷ്ണ ഇരുന്നത്. യാത്ര വേണമെങ്കിൽ ഒഴിവാക്കാമെന്ന് ക്രൂ അറിയിച്ചതിനെത്തുടർന്ന് ഇദ്ദേഹം തിരിച്ചിറങ്ങി. നാലു മണിക്കൂറിനു ശേഷം ബാക്കി യാത്രക്കാരുമായി വിമാനം പോകുകയും ചെയ്തു. ലണ്ടനിൽനിന്ന് വന്ന നാൾ മുതൽ അവിടെയുള്ള തിരുവല്ലക്കാരൻ സുഹൃത്തിന്റെ ഫ്ളാറ്റിൽ ആരുമായും സമ്പർക്കമില്ലാതെ കഴിഞ്ഞ രാജേഷ്, മടങ്ങുമ്പോഴാണ് ഈ സംഭവമുണ്ടായത്. ഒരു സുഹൃത്തിന്റെ വണ്ടി വരുത്തിച്ച് സ്വയം ഡ്രൈവ് ചെയ്ത് അതേ ഫ്ളാറ്റിലേക്ക് മടങ്ങുകയും ചെയ്തു. തുടർന്നും പുറംലോകവുമായി സമ്പർക്കമില്ലാതെ കഴിഞ്ഞു. ഭാര്യ ലണ്ടനിലാണ്. സ്വയം ഭക്ഷണമുണ്ടാക്കിയും ബന്ധുക്കൾ പുറത്തുകൊണ്ടുപോയി വെച്ചിട്ടുപോകുന്ന ഭക്ഷണം ചൂടാക്കിക്കഴിച്ചും ദിവസങ്ങൾ തള്ളിനീക്കി. ഇത് വാർത്തകളിൽ വന്നതോടെ ചില കേന്ദ്രങ്ങളിൽ മുറുമുറുപ്പുണ്ടായി. കഴിഞ്ഞ വെള്ളിയാഴ്ച തൊണ്ടവേദന തോന്നിയതിനാൽ കളക്ടറുമായി ബന്ധപ്പെട്ടു. യാതൊരു സമ്പർക്കവുമില്ലാതെ കോഴഞ്ചേരിയിലെ പത്തനംതിട്ട ജില്ലാ ആശുപത്രിയിലേക്ക് വരാമെന്ന് പറഞ്ഞെങ്കിലും അവർ ആംബുലൻസ് അയച്ചു. അന്നുമുതൽ അവിടെ അഡ്മിറ്റാണ്. ഞായറാഴ്ചയാണ് രക്തസാമ്പിളെടുത്തത്. ഇതിനിടെ തൊണ്ടവേദന മാറി. ആറാം ദിവസം ഫലം ലഭിക്കുമ്പോൾ നെഗറ്റീവ്. അഥവാ രോഗമുണ്ടായാൽപോലും തന്നിൽനിന്ന് ഒരാൾക്കും വരരുതെന്ന് നിർബന്ധമുണ്ടായിരുന്നെന്ന് രാജേഷ് കൃഷ്ണ പറഞ്ഞു. അഡ്മിറ്റായിരുന്ന കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ മികച്ച സേവനമാണ് ലഭിച്ചത്.വിദേശ പത്രത്തിന് വിമർശനംകളമശ്ശേരി മെഡിക്കൽ കോളേജിനെക്കുറിച്ച് യു.കെ. പത്രമായ ‘ഗാർഡിയനി’ൽ വന്ന ഒരു റിപ്പോർട്ടിനെ വിമർശിച്ച് അദ്ദേഹം ഇതിനിടെ അതിന്റെ എഡിറ്റർക്ക് കത്തയയ്ക്കുകയും ചെയ്തു. ഐസൊലേഷൻ വാർഡിൽ എലികൾ ഓടിനടക്കുകയാണെന്നും വൃത്തിഹീനമാണെന്നും ഭക്ഷണം പോലും കിട്ടാത്ത സ്ഥിതിയാണെന്നുമാണ് ഇവിടെ കഴിയുന്ന യു.കെ. സ്വദേശികളുടെ ബന്ധുക്കളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. ബി.ബി.സി.യിലും ഇതു വന്നിരുന്നു. ഇപ്പോഴത്തെ അവിടത്തെ അവസ്ഥയിൽ ഒരു യു.കെ.ക്കാരന് സ്വപ്നം കാണാൻ കഴിയാത്ത സൗകര്യങ്ങളാണ് കേരളത്തിൽ ഒരുക്കിയിരിക്കുന്നതെന്ന് അദ്ദേഹം കത്തിൽ പറയുന്നു. കേരളത്തിൽ ആദ്യ കേസ് സ്ഥിരീകരിച്ചത് ജനുവരി 30-നാണ്. മാർച്ച് 25 വരെ 118 കേസുകളെ ആയിട്ടുള്ളൂ. ഒറ്റ മരണമില്ല. യു.കെ.യിൽ ആദ്യ സ്ഥിരീകരണം ജനുവരി 31-നായിരുന്നു. അവിടെ 465 പേർ മരിച്ചുകഴിഞ്ഞു. എറണാകുളം കളക്ടർ കളമശ്ശേരിയിലെ ആരോഗ്യ സംവിധാനങ്ങളുടെ വീഡിയോ പുറത്തുവിട്ടിരുന്നു. ഇന്ത്യയിൽ അകപ്പെട്ടുപോയ ബ്രിട്ടീഷ് പൗരൻമാരെ തിരികെ എത്തിക്കുന്നതിന് അവിടത്തെ സർക്കാരിൽ സമ്മർദം ചെലുത്തുന്നതിനാകാം വിദേശ മാധ്യമങ്ങൾ ഇത്തരം റിപ്പോർട്ട് കൊടുത്തതെന്ന് അദ്ദേഹം പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3aB5afb
via IFTTT