Breaking

Tuesday, March 31, 2020

അതിഥിതൊഴിലാളികളെ അടിച്ചോടിക്കണമെന്ന് തള്ളുന്നവര്‍ നിലത്തിറങ്ങി പണിയെടുക്കാന്‍ തയ്യാറുണ്ടോ?

കോഴിക്കോട്: ഒറ്റദിവസം കൊണ്ടാണ് അതിഥിതൊഴിലാളികൾ ചിലർക്ക് ശത്രുക്കളായി തീർന്നത്. കഴിഞ്ഞ ദിവസം കോട്ടയം പായിപ്പാട്ട് ലോക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയത് മുതൽ അവരെ ഓടിച്ചിട്ട് തല്ലണമെന്ന് ആഹ്വാനം ചെയ്ത് കൊണ്ട് ഫെയ്സ്ബുക്ക് പോരാളികൾ ഇന്റർനൈറ്റിൽ പോർമുഖം തുറന്നിരിക്കുകയാണ്. ഭക്ഷണം കിട്ടുന്നില്ലെന്ന് പറഞ്ഞുകളഞ്ഞൂവെന്നാണ് ഇവരുടെ പ്രധാന ആരോപണം. കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ നിന്ന് നാട്ടിലേക്ക് പോവുന്ന അവിടേയുള്ള അന്യ സംസ്ഥാന തൊഴിലാളികളെ പാലായനമെന്ന് പറഞ്ഞ് സൈബറിടങ്ങളിൽ ആഘോഷിച്ചവർ തന്നെയാണ് ഇത്തവണ അത് പായിപ്പാട്ട് സംഭവിക്കാനുള്ള സാഹര്യമുണ്ടായപ്പോൾ അവരെ രാജ്യദ്രോഹികളാക്കി മുദ്രകുത്തിയത് എന്ന് കാണാതിരുന്നും കൂട. പായിപ്പാട്ടെ സംഭവത്തിന് പിന്നിൽ വ്യക്തമായ ഗൂഢാലോചന തന്നെയുണ്ട്. പക്ഷെ ആക്രോശത്തിനിടയിൽ അവരുടെ യഥാർഥ പ്രശ്നത്തിൽ നിന്ന് നമ്മൾ തെന്നിമാറി പോവുന്നുമുണ്ട്. നമ്മളെ പോലെതന്നെ ഒരുപക്ഷെ അതിൽ കൂടുതൽ നവമാധ്യമങ്ങളെ വലിയ രീതിയിൽ ഉപയോഗിക്കുന്നവരാണ് അവർ ഓരോരുത്തരും. എന്ന് തീരുമെന്നറിയാത്ത ഒരു മഹാമാരിയിൽ പെട്ട് വീടും നാടും അകലെയായി സംതംഭിച്ച് നിൽക്കുന്നവർ. അങ്ങനെയുള്ളവർക്കിടയിൽ ഒരു പക്ഷെ ചെറിയൊരു തീപൊരി മതിയാവും കത്തിപടരാൻ. അത് കൃത്യമായി മുതലാക്കുന്നവരും ഒരുഭാഗത്തുണ്ട്. ഭക്ഷണമെത്തിക്കുന്നുവെന്ന് പറയുമ്പോഴും അവരുടെ സാമൂഹിക അകലത്തെകുറിച്ചോ രോഗവാഹകരാവാമെന്ന ആധിയെ കുറിച്ചോ ആരും ചർച്ച ചെയ്യുന്നില്ലെന്നതാണ് യാഥാർഥ്യം. ഒറ്റമുറിയിൽ ആറും ഏഴും പേർ താമസിക്കുന്നുണ്ട് പലയിടങ്ങളിലും. ജോലിയില്ലാതായതോടെ രാവിലെ മുതൽ മുറിയിൽതന്നെ കഴിഞ്ഞ് കൂടേണ്ടവർ. നമുക്ക് വീട് നൽകുന്ന സുരക്ഷയോ, വർക്ക് അറ്റ് ഹോമോ സാധ്യമാകാതെ മുറിക്കുള്ളിൽ തന്നെ കഴിഞ്ഞ് കൂടേണ്ടി വരുന്നവരാണവർ. അത്തരക്കാരെ അഡ്രസ് ചെയ്തേ മതിയാകൂ. പായിപ്പാട്ട് അവരെ ഇറക്കിവിട്ടവരെയും അതിന് പ്രേരിപ്പിച്ചവരേയും നിയമത്തിന് മുന്നിൽ കൊണ്ടുവരിക തന്നെ വേണം. അതിനൊപ്പം മുറിക്കുള്ളിൽ കഴിഞ്ഞാൽ അതിഥി തൊഴിലാളികളും, ഒത്തൊരുമിച്ചാൽ നാടുകാണാമെന്ന കള്ള പ്രചാരണത്തിൽ തെറ്റിദ്ധരിച്ച് പുറത്തിറങ്ങിയവരെ സർക്കാരിനേതിരേ പ്രതിഷേധിച്ചത് കൊണ്ട് മാത്രം നിമിഷങ്ങൾക്കുള്ളിൽ രാജ്യദ്രോഹികളുമാക്കുന്ന ചിലരുടെ രാഷ്ട്രീയ അന്ധതയേയും തിരിച്ചറിയണം. സാമൂഹിക അകലം എന്നത് മാത്രമാണ് കോവിഡ്-19 നെ പ്രതിരോധിക്കാനുള്ള ഏകമാർഗമെന്നത് അന്താരാഷ്ട്ര തലത്തിൽ തന്നെ അംഗീകരിച്ച കാര്യമാണ്. ഈയൊരു സാഹചര്യത്തിലാണ് 21 ദിവസത്തെ ലോക്ഡൗൺ രാജ്യം പ്രഖ്യാപിച്ചതും നിന്നിടത്തുതന്നെ നിൽക്കുക എന്ന കാര്യം പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയതും. അങ്ങനേയുള്ളപ്പോഴാണ് അതിഥിതൊഴിലാളികൾ ആറും ഏഴും പേർ വീതം ഒരുമിച്ച് താമസിക്കാൻ നിർബന്ധിക്കപ്പെടുന്നത്.അപ്പോൾ കൃത്യമായ ബോധവൽക്കരണവും അവരുടേതായ ഭക്ഷണവും അവർക്ക് ഉറപ്പാക്കേണ്ടതുമുണ്ട്. അതിന് പകരം അവരെ ഒറ്റ നിമിഷം കൊണ്ട് രാജ്യദ്രോഹികളാക്കുകയല്ല വേണ്ടത്. കേരളത്തിൽ അതിഥിതൊഴിലാളികൾ എത്രയുണ്ടെന്ന വ്യക്തമായ കണക്ക് സർക്കാരിന്റെ കയ്യിൽ പോലുമില്ല. ചില കവലകളിൽ ആ നാട്ടിലെ ആളുകളേക്കാൾ കൂടുതൽ ഇന്ന് അവരുടെ കേന്ദ്രമായിട്ടുണ്ട്. നമ്മൾ പണിയെടുക്കാത്ത ഇടങ്ങൾ അവർ പതിയെ സ്വന്തമാക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. നമ്മുടെ വിപണികളിൽ ഉണ്ടാവേണ്ട പണത്തിന്റെ വിനിമയം ഒട്ടുമേയില്ലാതെ സ്വന്തം നാട്ടിലേക്ക് മുടങ്ങാതെ അയക്കുന്നവരണാവർ. ഒപ്പം കേരളത്തിൽ ആവശ്യക്കാരിലേക്ക് തടസ്സമേതുമില്ലാതെ ലഭിക്കുന്ന ലഹരിയുടെ പ്രധാന കേന്ദ്രമാവാനും ഇവർക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് സർക്കാർ പോലും സമ്മതിക്കുന്ന കാര്യവുമാണ്. എന്നിട്ടുമവർ കേരളത്തിന്റെ ഒഴിവാക്കികൂടാത്ത ജനസമൂഹമായി മാറിയതിന് നമ്മൾ ഒരോരുത്തരും തന്നെയാണ് കാരണം. തലയുടെ മുടിയൊന്ന് കളയണമെങ്കിൽ പോലും ഇന്ന് അതിഥിതൊഴിലാളികൾക്ക് മുന്നിൽ നമുക്ക് തലകുനിഞ്ഞു നിന്നേ മതിയാവൂ. അവരില്ലാതെ ഒന്നും നടക്കില്ല എന്ന അവസ്ഥ തന്നെ വന്നു. അങ്ങനെയുള്ള സാഹചര്യം നിലനിൽക്കുമ്പോഴാണ് സംഘടിച്ചുവെന്ന് ഒറ്റക്കാരണം പറഞ്ഞ് അവരെ അടിച്ചോടിക്കണമെന്ന് പറഞ്ഞ് സൈബർ പോരാളികൾ നിലവിളിക്കുന്നത്. ഇങ്ങനെ ആക്രോശിക്കുന്നതിന് മുമ്പ് മണ്ണിലിറങ്ങി പണിയെടുക്കാൻ നമ്മൾ ഓരോരുത്തരും തയ്യാറുണ്ടോ എന്നത് കൂടി നമ്മൾ ചിന്തിക്കേണ്ടത്.


from mathrubhumi.latestnews.rssfeed https://ift.tt/2UMFs0p
via IFTTT