ധാക്ക: കോവിഡ്-19 ആശങ്കകൾക്കിടെ ക്രിക്കറ്റ് ലോകത്തിനു തന്നെ മാതൃക കാണിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾ. കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ബംഗ്ലാദേശ് സർക്കാരിന് തങ്ങളുടെ പകുതി ശമ്പളം സംഭാവന ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾ. ബംഗ്ലാദേശ് മാധ്യമം ധാക്ക ട്രിബ്യൂണിന്റെ റിപ്പോർട്ട് പ്രകാരം 27 താരങ്ങൾ തങ്ങളുടെ പാതി ശമ്പളം സർക്കാരിന് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിൽ 17 താരങ്ങൾ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ കരാർ പട്ടികയിൽ ഉൾപ്പെട്ടവരാണ്. 10 പേർ അടുത്ത കാലത്ത് ദേശീയ ടീമിൽ കളിച്ചവരും. ഏകദേശം 23 ലക്ഷത്തോളം രൂപയാണ് ഇവർ സർക്കാരിന് നൽകുക. ലോകം മുഴുവൻ കൊറോണ വൈറസ് മഹാമാരിയോട് പോരാടുകയാണ്. ബംഗ്ലാദേശിലും കോവിഡ്-19 ബാധിതരുടെ എണ്ണം വർധിച്ചുവരുന്നു. ഈ വിപത്തിനെ ചെറുക്കാൻ എന്തൊക്കെ ചെയ്യണമെന്ന് ക്രിക്കറ്റ് താരങ്ങളെന്ന നിലയിൽ ഞങ്ങൾ ജനങ്ങളോ ബോധവൽക്കരിക്കുന്നുണ്ട്. എന്നാൽ അതുമാത്രമല്ല കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇതിന്റെ ഭാഗമായി ബി.സി.ബി കരാറിലുള്ള ഞങ്ങൾ 17 പേരും അടുത്തിടെ ദേശീയ ടീമിനായി കളിച്ച 10 താരങ്ങളും ശമ്പളത്തിന്റെ പകുതി തുക കൊറോണ വൈറസിനെതിരായ പോരാട്ടത്തിനായി നൽകുകയാണ്, താരങ്ങൾ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നു. Content Highlights: covid 19 Bangladesh Cricketers Donate Half-Month Salary To Government
from mathrubhumi.latestnews.rssfeed https://ift.tt/2wtkaNm
via
IFTTT