Breaking

Monday, March 30, 2020

മദ്യത്തിന് കുറിപ്പടിക്കായി കോളുകൾ; മദ്യം മരുന്നല്ലെന്ന് ഡോക്ടർമാർ

കൊച്ചി: മദ്യംവാങ്ങാനുള്ള കുറിപ്പടിക്കായി ഡോക്ടർമാർക്ക് വ്യാപകമായി കോളുകൾ. ബ്രാൻഡ് ആവശ്യപ്പെട്ടവർവരെയുണ്ട്. എന്നാൽ മദ്യം ഒരു മരുന്നായി നൽകാൻ കഴിയില്ലെന്ന നിലപാടിലാണ് ഡോക്ടർമാർ. ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കിൽ മദ്യപാനാസക്തിയുള്ളവർക്ക് മദ്യംനൽകാമെന്ന് മുഖ്യമന്ത്രി പറഞ്ഞതിനെത്തുടർന്നാണ് വിളി തുടങ്ങിയത്. സർക്കാർനിർദേശം അധാർമികമാണെന്നും ഇത് പിൻവലിക്കണമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ, ഇന്ത്യൻ സൈക്കാട്രിക് സൊസൈറ്റി എന്നിവർ ആവശ്യപ്പെട്ടു. വിത്ത്ഡ്രോവൽ സിൻട്രം പ്രകടിപ്പിക്കുന്നവർക്ക് സൈക്കോട്രോപ്പിക്ക് മരുന്നുകൾ ഫലപ്രദമാണ്. ഇവയുടെ ലഭ്യതയും ചികിത്സാസംവിധാനവുമാണ് സർക്കാർ ഉറപ്പുവരുത്തേണ്ടതെന്ന് ഇന്ത്യൻ സൈക്കാട്രിക് സൊസൈറ്റി പ്രസിഡന്റ് ഡോ. എം.ടി. ഹരീഷ് പറഞ്ഞു. മദ്യാസക്തി രോഗങ്ങൾ നേരിടാൻവേണ്ട മാർഗനിർദേശങ്ങൾ ആരോഗ്യവകുപ്പ് ഇറക്കിയിട്ടുണ്ടെന്നും അതുപാലിച്ചുള്ള ചികിത്സാരീതികളാണ് അവലംബിക്കേണ്ടതെന്നും കെ.ജി.എം.ഒ.എ. ജനറൽ സെക്രട്ടറി ഡോ. ജി.എസ്. വിജയകൃഷ്ണൻ പറഞ്ഞു. രോഗികൾക്ക് മദ്യംനിർദേശിക്കാനുള്ള അധികാരം ഡോക്ടർമാർക്കില്ലെന്ന് ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വർഗീസ് അഭിപ്രായപ്പെട്ടു. സർക്കാർനിർദേശത്തിനെതിരേ മദ്യവിമുക്തപ്രവർത്തകരും രംഗത്തെത്തി. മദ്യം ഉപയോഗിക്കുന്നവരെ വിമുക്തരാക്കാനാണ് ഈ അവസരം ഉപയോഗിക്കേണ്ടത്. പകരം മദ്യംനൽകുന്നതിലൂടെ മദ്യപിക്കാനുള്ള പ്രവണത അതേപടി അവശേഷിക്കും. ചികിത്സ ലഭ്യമാക്കാത്തതാണ് അപകടം. ആവശ്യമായ മരുന്ന് നൽകിയാൽ മദ്യാസക്തികൊണ്ടുള്ള അസ്വസ്ഥതമാറും. ഇതിനാണ് സർക്കാർ ശ്രമിക്കേണ്ടതെന്ന് അഡിക് ഇന്ത്യ ചെയർമാൻ ജോൺസൺ ഇടയാറന്മുള പറഞ്ഞു. ചികിത്സയ്ക്കുള്ള മരുന്നെഴുതാനേ പറ്റൂ വിഡ്രോവൽ സിംപ്റ്റംസ് രോഗാവസ്ഥയായിക്കണ്ട് ചികിത്സ തേടുകയാണ് വേണ്ടതെന്ന് പ്രമുഖ മാനസികാരോഗ്യവിദഗ്ധൻ ഡോ. സി.ജെ. ജോൺ പറഞ്ഞു. ശരീരത്തിന് ദോഷമായവസ്തുക്കളെ നിർവീര്യമാക്കാനുള്ള മരുന്നാണ് നൽകുന്നത്. അല്ലാതെ കുടിനിർത്തിക്കാനുള്ള മരുന്നല്ല. എന്നാൽ മദ്യപാനം പൂർണമായി നിർത്താനുള്ള മരുന്നാണോ ഇത് എന്ന സംശയം മദ്യപന് വരാം. അത് കഴിക്കാൻ അവർക്ക് വൈമനസ്യം കാണും. മരുന്നുകഴിക്കാൻ അയാൾ തയ്യാറായില്ലെങ്കിൽ രോഗി ചികിത്സ നിഷേധിക്കുന്നുവെന്ന് എഴുതിക്കൊടുക്കാൻ ഡോക്ടർക്ക് കഴിയും. ആ സർട്ടിഫിക്കറ്റുമായി വരുന്നവർക്ക് മദ്യംകൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ്. ഇത്തരം രോഗികളുടെ ഡേറ്റാബേസ് തയ്യാറാക്കുകയും ഹെൽപ്പ്ലൈൻ നമ്പരുകൾ പ്രസിദ്ധപ്പെടുത്തുകയും വേണമെന്നും ഡോ. സി.ജെ. ജോൺ പറഞ്ഞു. ചികിത്സ തേടിയത് 282 പേർ തിരുവനന്തപുരം: മദ്യാസക്തിക്ക് ചികിത്സതേടി എക്സൈസിന്റെ വിമുക്തി കൗൺസലിങ്ങ് കേന്ദ്രങ്ങളെ സമീപിക്കുന്നവരുടെ എണ്ണംകൂടി. ശനിയാഴ്ചമാത്രം 201 പേരാണ് എത്തിയത്. ഇവരിൽ മിക്കവർക്കും മരുന്നുകൾ നൽകി. മദ്യശാലകൾപൂട്ടിയശേഷം ഇതുവരെ 282 പേർക്ക് ചികിത്സ നൽകി. മദ്യവിൽപ്പനകേന്ദ്രങ്ങൾ അടച്ചെങ്കിലും പലരുടെയും കൈവശം വാങ്ങിവച്ച മദ്യശേഖരം ഉണ്ടാകാം. ഞായറാഴ്ചയോടെ ഇത് തീർന്നേക്കും. തുടർന്നുള്ള 72 മണിക്കൂർ നിർണായകമാണ്. 15,000 പേർക്കെങ്കിലും മദ്യാസക്തിവിമുക്ത ചികിത്സ നൽകേണ്ടിവരുമെന്നാണ് കരുതുന്നത്. ഇതിൽ രണ്ടുശതമാനം ആത്മഹത്യാപ്രവണത കാണിക്കും. Content Highlight: Alcohol is not medicine; Doctors vv


from mathrubhumi.latestnews.rssfeed https://ift.tt/2UrwBSL
via IFTTT