Breaking

Tuesday, March 31, 2020

പാർക്കിങ് ഫീസ്‌ ഭാരവുമായി വിമാനക്കമ്പനികൾ

മുംബൈ: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി വ്യോമഗതാഗതം നിർത്തിയതോടെ വ്യോമയാന കമ്പനികൾക്ക് പാർക്കിങ് ഫീസും വിമാനങ്ങളുടെ പരിപാലനച്ചെലവും ഭാരമാവുന്നു. എയർ ഇന്ത്യ, എയർഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ഗോ എയർ, വിസ്താര, എയർഏഷ്യ കമ്പനികളുടേതായി 650 -ഓളം വിമാനങ്ങളാണ് രാജ്യത്തുള്ളത്. ഇവയെല്ലാം പല വിമാനത്താവളങ്ങളിലായി പാർക്ക് ചെയ്തിരിക്കുകയാണിപ്പോൾ. മാർച്ച് 31 വരെയാണ് ആദ്യം സർവീസ് നിർത്തിയതെങ്കിലും പിന്നീടിത് ഏപ്രിൽ 14 വരെ നീട്ടി. എന്നു സർവീസ് പുനരാരംഭിക്കുമെന്നതിൽ ഇനിയും വ്യക്തതയില്ല. ലോക്ഡൗൺ തീരുമ്പോൾ സർവീസുകൾ തുടങ്ങിയാലും എണ്ണം തീരെ കുറവായിരിക്കും. ചെലവു ചുരുക്കുന്നതിന്റെ ഭാഗമായി വിമാനക്കമ്പനികൾ ജീവനക്കാരെ വീടുകളിലേക്ക് വിട്ടിട്ടുണ്ട്. വിമാനങ്ങൾ പാർക്ക് ചെയ്യുന്നതിന് വിമാനത്താവളങ്ങളിൽ പാർക്കിങ് ഫീസ്, ഹൗസിങ് ഫീസ് എന്നിങ്ങനെ രണ്ടിനത്തിൽ പണം ഈടാക്കുന്നുണ്ട്. വിമാനത്തിന്റെ ഭാരംനോക്കി മണിക്കൂർ അടിസ്ഥാനത്തിൽ ഓരോ വിമാനത്താവളങ്ങളിലും ഫീസ് നിശ്ചയിച്ചിട്ടുണ്ട്. ഇതനുസരിച്ച് ചെറുവിമാനങ്ങൾക്ക് ദിവസം 30,000 രൂപ മുതൽ 50,000 രൂപ വരെയും വലിയ വിമാനങ്ങൾക്ക് ഒരുലക്ഷം രൂപവരെയുമാണ് നൽകേണ്ടിവരിക. ലൈവ് എയർട്രാഫിക് വെബ്സൈറ്റായ ഫ്ളൈറ്റ് റഡാർ 24 -ന്റെ കണക്കുപ്രകാരം ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഏറ്റവുമധികം വിമാനങ്ങൾ പാർക്ക് ചെയ്യുന്നത്. 205 എണ്ണമാണ് ഇവിടെയുള്ളത്. മുംബൈയിൽ നൂറിനടുത്ത് വിമാനങ്ങളുണ്ട്. ബെംഗളൂരു - 71, ഹൈദരാബാദ് 61, കൊൽക്കത്ത - 54, ചെന്നൈ - 53 എന്നിങ്ങനെയാണ് കണക്ക്. ഈ ആറു വിമാനത്താവളങ്ങളിലായാണ് 85 ശതമാനം വിമാനങ്ങളുമുള്ളത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളും കമ്പനികൾ പാർക്കിങ്ങിനായി ഉപയോഗിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ വിമാനക്കമ്പനികൾ 60 കോടി രൂപ പാർക്കിങ് ഫീയായി നൽകേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. വരുമാനമില്ലാത്ത സാഹചര്യത്തിൽ അവർക്ക് ഈ തുക ഭാരമായി മാറും. മാത്രമല്ല, പല കമ്പനികളും ഭീമമായ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. പാർക്കിങ് ഫീസ് ഒഴിവാക്കണമെന്ന് കമ്പനികൾ സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്. 'കാപ' സെന്റർ ഫോർ ഏവിയേഷന്റെ കണക്കുപ്രകാരം ഇപ്പോഴത്തെ നിലയിൽ 2021 ജൂൺ 30 വരെ ഇന്ത്യൻ വ്യോമയാന കമ്പനികൾക്ക് ആകെ 360 കോടി ഡോളറിന്റെ (27,000 കോടി രൂപ) നഷ്ടമുണ്ടാകുമെന്നാണ് കരുതുന്നത്. ഏപ്രിൽ 15 നുശേഷം സർവീസ് പുനരാരംഭിച്ചാലുള്ള സ്ഥിതിയാണിത്.


from mathrubhumi.latestnews.rssfeed https://ift.tt/2wFA0Vd
via IFTTT