Breaking

Monday, March 30, 2020

അപ്പച്ചാ ഇത് റാന്നീന്ന് കൊടുത്തുവിട്ട പാലാ'ണെന്ന് പറഞ്ഞ് നല്‍കും

മാത്യു ജേക്കബ് ഗാന്ധിനഗർ(കോട്ടയം): അവരുടെ കൊച്ചുമക്കൾ ആകാനുള്ള പ്രായമേ ഞങ്ങൾക്കുള്ളൂ. പ്രായവും അസുഖവും കാരണം പരിഭവിച്ചാലും അത് ഞങ്ങൾ ചിരിയോടെ കേൾക്കും. ഇപ്പോഴവർക്ക് ഞങ്ങളുെട ഹൃദയത്തിലാണ് സ്ഥാനം.- പറയുന്നത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊറോണ തീവ്രപരിചരണവിഭാഗത്തിൽ സേവനം അനുഷ്ഠിക്കുന്ന മാത്യു ജേക്കബ് എന്ന സ്റ്റാഫ് നഴ്സ്. ഇറ്റലിയിൽനിന്നുവന്ന കുടുംബത്തിന്റെ വയോധികരായ മാതാപിതാക്കളെയാണ് മാത്യുവും സംഘവും പ്രധാനമായും പരിചരിക്കുന്നത്. വയോധികരിലെ ഗൃഹനാഥന് 93 വയസ്സുണ്ട്. ഭാര്യയ്ക്ക് 89-ഉം. പുറത്തുനിന്നുള്ള ഭക്ഷണം അദ്ദേഹത്തിന് ഇഷ്ടമല്ല. പാലാണെങ്കിൽ പുറമേ നിന്നുള്ളത് ഒട്ടുമേ താത്പര്യമില്ലെന്ന് അറിയിച്ചിട്ടുണ്ട്. പക്ഷേ ആരോഗ്യരക്ഷയ്ക്ക്പാൽ നൽകുകയും വേണം. അതിനുള്ള വഴി മാത്യു കണ്ടെത്തി. അപ്പച്ചാ ഇത് റാന്നിയിലെ വീട്ടീന്ന് കൊടുത്തുവിട്ട പാലാണ് എന്ന് പറയാൻ നഴ്സുമാരെ ചുമതലപ്പെടുത്തി. ഉറപ്പാണോ എന്ന് ചോദിച്ച് അദ്ദേഹം കുടിച്ചു. തനിക്ക് അസുഖമുണ്ടെന്ന് അദ്ദേഹത്തിന് അറിയാം. അപ്പോഴും അദ്ദേഹം ഇടയ്ക്കിടെ തിരക്കുന്നത് ഭാര്യയുടെ സ്ഥിതി. അവർക്ക് എങ്ങനെയുണ്ടെന്ന് എപ്പോഴും ചോദിക്കും. ഒ.കെ.യാണ് എന്ന് പറഞ്ഞാൽ തൃപ്തനായി. സ്വന്തം ജീവിതകഥ പറഞ്ഞ് കൊണ്ടിരിക്കുക എന്നതാണ് അദ്ദേഹത്തിന് ഇഷ്ടം. 17-ാം വയസ്സിൽ ജീവിതസഖിയെ ഒപ്പംകൂട്ടിയത് പറയുന്പോൾ ഏറെ സ്നേഹംകൊണ്ട് കണ്ണ് നിറയും. പാട്ട് അറിയാവുന്നവർ ഉണ്ടെങ്കിൽ പാടിക്കേ എന്ന് പറഞ്ഞുള്ള പ്രോത്സാഹനം നഴ്സുമാർക്കും തിരക്കിനിടെ സന്തോഷം പകരും. രാത്രി പ്രാർഥന നിർബന്ധം. ഡോക്ടർമാരും ഹെഡ് നഴ്സ്, 16 സ്റ്റാഫ് നഴ്സുമാർ, ആറ് നഴ്സിങ് അസിസ്റ്റന്റുമാർ, ആറ് ഗ്രേഡ് 2 സ്റ്റാഫ് നഴ്സുമാർ എന്നിവരും നേതൃത്വം നൽകുന്ന മികച്ച ചികിത്സയാണ് മാർച്ച് എട്ട് മുതൽ ഈ ദമ്പതിമാർക്ക് നൽകുന്നത്. ഇവരുടെ രോഗം മാറി ആശുപത്രി വിടുന്ന നിമിഷത്തിനായി ജീവനക്കാരും പ്രാർഥനയോടെ കാത്തിരിക്കുകയാണെന്ന് മാത്യു പറയുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3atj7vv
via IFTTT