Breaking

Friday, March 27, 2020

‘രോഗം ഒരു കുറ്റമാണോ’ എന്ന് ചോദിച്ച നാടകത്തിന് ഇന്ന് ഏറെ പ്രസക്തി

തോപ്പിൽ ഭാസി ആലപ്പുഴ: രോഗം ഒരു കുറ്റമാണോ ഡോക്ടർ? - തോപ്പിൽഭാസിയുടെ അശ്വമേധം നാടകത്തിൽ നായിക സരോജം ഡോക്ടർ തോമസിനോട് ചോദിക്കുന്നു. ഇന്ന് ലോകമാകെ വിറപ്പിക്കുന്ന കൊറോണ വൈറസ് തറവാട്ടിലെ കോവിഡ് 19 ബാധിതരും ഇതേ ചോദ്യമാണ് സമൂഹത്തോട് ചോദിക്കുന്നത്. കാലാതിവർത്തിയാണ് ഈ നാടകം എന്ന് വർത്തമാനകാലം നമ്മോടു പറയുകയാണ്. ഇപ്പോൾ കൊറോണ ബാധിതരേക്കാൾ അയിത്തം കൽപ്പിക്കുന്ന അവസ്ഥയിലായിരുന്നു നമുക്കിടയിൽ അൻപതുകളിൽ കുഷ്ഠരോഗികൾ. രോഗം നിശ്ശേഷം മാറിയവരും വീടുകളിൽ തിരസ്കരിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഈ നാടകം ഉണ്ടായതെന്ന് തോപ്പിൽഭാസിയുടെ മകനും നാടകകാരനുമായ തോപ്പിൽ സോമൻ പറഞ്ഞു. കുഷ്ഠരോഗികളെ അറപ്പോടെ കണ്ടിരുന്ന സമൂഹത്തിന്റെ മനോഭാവത്തെ ചികിത്സിച്ച് മാറ്റിയ നാടകമായിരുന്നു അശ്വമേധം. നാടകമായി അഞ്ചുവർഷത്തിനുശേഷം സിനിമയുമായെങ്കിലും ഏറെ സ്വീകരിക്കപ്പെട്ടത് നാടകമായിരുന്നുവെന്ന് കെ.പി.എ.സി. സെക്രട്ടറി എ.ഷാജഹാൻ പറഞ്ഞു. 1962 സെപ്റ്റംബർ 20നായിരുന്നു കെ.പി.എ.സി. ഈ നാടകം ആദ്യം അവതരിപ്പിച്ചത്. പിന്നീട് ഇന്ത്യയിലങ്ങോളമിങ്ങോളം 4000ത്തിലധികം വേദികളിൽ ഈ നാടകം കളിച്ചു. 'നൂറനാട് കുഷ്ഠരോഗാശുപത്രിയിൽ കൂട്ടുകാരനെ സന്ദർശിക്കാൻ പോയതാണ് നാടകത്തിന് നിമിത്തമായതെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ടെന്ന്' തോപ്പിൽസോമൻ. തെരുവിലലയുന്ന കുഷ്ഠരോഗികളെ അറസ്റ്റുചെയ്ത് പാർപ്പിക്കുന്നതിന് സർക്കാർ ഒരുബില്ല് കൊണ്ടുവരുന്നതുസംബന്ധിച്ച ആലോചന നടക്കുന്ന സമയമായിരുന്നു അത്. അന്ന് എം.എൽ.എ. ആയിരുന്ന തോപ്പിൽഭാസിയെ വിളിച്ച് നൂറനാട് കുഷ്ഠരോഗാശുപത്രിയിലെ ഡോ.ഉണ്ണിത്താൻ ചോദിച്ചു. കുറ്റവാളികളെയല്ലേ അറസ്റ്റുചെയ്യേണ്ടത്? രോഗം ഒരാളുടെ കുറ്റമാണോ ? ഈ ചോദ്യം തോപ്പിൽഭാസിയെ മഥിച്ചു. പിന്നീട് ഭാസി ഈ ചോദ്യം തന്റെ നായികയെ കൊണ്ട് ചോദിപ്പിച്ചു. രോഗത്തെ അറപ്പോടെ കണ്ടവരിൽ ശാസ്ത്രബോധം കടത്തിവിട്ട് മനുഷ്യത്വത്തിന്റെ മഹത്വം വിളംബരം ചെയ്ത ഈ നാടകത്തിന്റെ പ്രസക്തി ഈ കൊറോണ കാലത്ത് വർധിച്ചിട്ടില്ലേ എന്ന് സോമൻ ചോദിക്കുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2QIMzWv
via IFTTT