Breaking

Monday, March 30, 2020

മുഖാവരണത്തിനും മേലെയൊരു പ്രതിരോധമറ; പി.ജി. വിദ്യാർഥികളുടെ കണ്ടെത്തലിന് വൻ ഡിമാൻഡ്‌

തിരുവനന്തപുരം: കൊറോണ വാർഡിലെ രോഗികളെ ചികിത്സിക്കുന്നവർക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കുന്ന പുത്തൻ പ്രതിരോധമറ തയ്യാറാക്കി ജൂനിയർഡോക്ടർമാർ. മുഖാവരണം, ഗൂഗിൾസ് എന്നിവ ഉൾപ്പെടെയുള്ള സുരക്ഷാകവചം ഉണ്ടെങ്കിലും ചികിത്സയിൽ കഴിയുന്നവർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തേയ്ക്ക് തെറിക്കുന്ന സ്രവങ്ങൾ മുഖാവരണത്തിലും മറ്റും പറ്റിപ്പിടിക്കാനുള്ള സാധ്യത ഏറെയാണ്. ഇത് പരിഹരിക്കാൻ ശ്വാസകോശരോഗ വിഭാഗത്തിലെ മൂന്നാംവർഷ പി.ജി. വിദ്യാർഥി ഡോ. മുഹമ്മദിന് തോന്നിയ ആശയമാണ് സഹപ്രവർത്തകരുടെ സഹകരണത്തോടെ പ്രാവർത്തികമായത്. പ്രതിരോധമറയായി ഇത് ധരിച്ചാൽ മുഖാവരണത്തിലും ഗൂഗിൾസിലും സ്രവങ്ങൾ തെറിക്കാനുള്ള സാധ്യത കുറയും. മുഖാവരണങ്ങളുടെയും ഗൂഗിൾസുകളുടെയും ലഭ്യതക്കുറവ് ഉണ്ടായേക്കാവുന്ന സാഹചര്യത്തിൽ ഇവ അണുവിമുക്തമാക്കി വീണ്ടും ഉപയോഗിക്കേണ്ടിവന്നേക്കാം. ഈ മുഖാവരണം ഉപയോഗിക്കുമ്പോൾ എൻ 95 മുഖാവരണങ്ങളിലേക്കും ഗൂഗിൾസിലേക്കുമുള്ള അണുപ്രസരണം കുറയും. അതുവഴി ഉപയോഗിക്കുന്ന മുഖാവരണങ്ങളുടെ എണ്ണം പരിമിതപ്പെടുത്താനാവുമെന്ന നേട്ടവുമുണ്ട്. ചൈനയിലും ഇറ്റലിയിലുമൊക്കെ ഇത്തരം മുഖാവരണം ഉണ്ടെങ്കിലും ഇവിടെ ലഭിക്കുന്ന സുരക്ഷാകവചങ്ങളുടെ കൂട്ടത്തിൽ ഇവ ലഭിക്കുന്നില്ല. ഇതേ തുടർന്നാണ് സ്വന്തമായി മുഖാവരണം നിർമിക്കാൻ ഇവർ തയ്യാറായത്. ഓവർഹെഡ് പ്രൊജക്ടർ ഫിലിമിനു (ഒ.എച്ച്.പി. ഫിലിം) പുറത്ത് തുണി തയ്ച്ചുപിടിപ്പിച്ചശേഷം അതിനുമുകളിൽ പോളിഫോം ഷീറ്റ് മുറിച്ചെടുത്ത് ഒട്ടിച്ചുചേർത്താണ് മുഖാവരണം തയ്യാറാക്കുന്നത്. 'ടി.എം.സി. ഷീൽഡ്' എന്നുപേരിട്ടിരിക്കുന്ന മുഖാവരണം ഒരെണ്ണത്തിന് അഞ്ചുരൂപയിൽ താഴെ മാത്രമാണ് ചെലവുവരുന്നത്. ഡോ മുഹമ്മദിനൊപ്പം ഭാര്യയും ശ്വാസകോശരോഗവിഭാഗത്തിലെ രണ്ടാംവർഷ പി.ജി വിദ്യാർഥിനിയുമായ ഡോ. റിഹാന ബഷീർ, കമ്യൂണിറ്റി മെഡിസിൻ മൂന്നാംവർഷ പി.ജി വിദ്യാർഥിനി ഡോ .മറിയം, മറ്റൊരു ഡോക്ടർദമ്പതികളായ ഡോ. ഋത്വിക് (സൈക്യാട്രി, രണ്ടാംവർഷ പി.ജി. വിദ്യാർഥി),ഡോ. സോന (സർജറി, രണ്ടാംവർഷ പി.ജി. വിദ്യാർഥിനി) എന്നിവരാണ് മുഖാവരണത്തിന്റെ അണിയറശില്പികൾ. നിലവിൽ ഒറ്റത്തവണ ഉപയോഗത്തിനുവേണ്ടിയാണു മുഖാവരണം രൂപപ്പെടുത്തിയിരിക്കുന്നത്. ഡിമാൻഡ് ഏറിയതോടെ ഞായറാഴ്ച ഉൾപ്പെടെയുള്ള ദിവസങ്ങളിൽ അഞ്ചംഗ സംഘം പണിപ്പുരയിലുണ്ട്. ഡോക്ടർമാരും നഴ്സുമാരും മാത്രമല്ല, കൊറോണ വാർഡിലെ രോഗികളെ പരിചരിക്കാൻ നിയോഗിക്കപ്പെട്ട എല്ലാവരും നിലവിലുള്ള സുരക്ഷാകവചത്തിനു പുറമേ പുതിയ മുഖാവരണംകൂടി ധരിച്ചാണ് വാർഡിലെത്തുന്നത്. Content Highlight: Junior doctors developed masks for doctors in Coronavirus


from mathrubhumi.latestnews.rssfeed https://ift.tt/33VemYW
via IFTTT