Breaking

Friday, March 27, 2020

ഇടുക്കിയിലെ രാഷ്ട്രീയ നേതാവിന് കൊറോണ; സംസ്ഥാനമാകെ സഞ്ചരിച്ചു

തൊടുപുഴ: ഇടുക്കിയിൽ വ്യാഴാഴ്ച കൊറോണബാധ സ്ഥിരീകരിച്ച പ്രമുഖ രാഷ്ട്രീയനേതാവ് സംസ്ഥാനമാകെ സഞ്ചരിച്ചു. ചെറുതോണി സ്വദേശിയായ നേതാവ് സംസ്ഥാന നേതാക്കളടക്കമുള്ളവരുമായി അടുത്തിടപഴകിയെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ഇദ്ദേഹം തിരുവനന്തപുരത്ത് നിയമസഭാമന്ദിരത്തിലുമെത്തി. ഏറെ യാത്രചെയ്ത ഇദ്ദേഹത്തിന്റെ ശരിയായ റൂട്ട് മാപ്പ് തയ്യാറാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. നേതാക്കളോടും അടുത്തിടപഴകിയവരോടും നിരീക്ഷണത്തിൽ കഴിയാൻ ഇടുക്കി കളക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. 23 മുതൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഇയാളെ വ്യാഴാഴ്ച തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്കുമാറ്റി. പനിയെത്തുടർന്ന് ഈ മാസം 13-ന് ഇദ്ദേഹം ചെറുതോണിയിലെ ജില്ലാ ആശുപത്രിയിലെത്തി ചികിത്സ തേടിയിരുന്നു. വിദേശത്തുനിന്ന് വന്നവരുമായോ രോഗം സ്ഥിരീകരിക്കുകയോ സംശയിക്കുകയോ ചെയ്തവരുമായോ ബന്ധമുള്ളതായി പറയാത്തതിനാൽ മരുന്നുനൽകി വിട്ടു. പനി മാറാതിരുന്നതിനെത്തുടർന്ന് 23-ന് ജില്ലാആശുപത്രിയിൽ വീണ്ടുമെത്തിയപ്പോഴാണ് സംശയമുണ്ടായത്. തുടർന്ന് ഇദ്ദേഹത്തെ വീട്ടിൽ നിരീക്ഷണത്തിലാക്കി. വ്യാഴാഴ്ചയാണ് രോഗബാധ സ്ഥിരീകരിച്ചത്. പ്രതിപക്ഷ പോഷകസംഘടനയുടെ നേതാവുകൂടിയായ ഇദ്ദേഹം മാർച്ച് 10-നുശേഷം സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ സഞ്ചരിച്ചിട്ടുണ്ട്. പാലക്കാട്, ഷോളയൂർ, മറയൂർ, മൂന്നാർ, ആലുവ, പെരുമ്പാവൂർ, മാവേലിക്കര, തിരുവനന്തപുരം, നിയമസഭാമന്ദിരം എന്നിവിടങ്ങളിൽ പോയതായാണ് ഔദ്യോഗികസ്ഥിരീകരണം. ചെറുതോണി മുസ്ലിംപള്ളിയിൽ മാർച്ച് 13, 20 തീയതികളിലും പോയിട്ടുണ്ട്. തിരുവനന്തപുരത്തുവെച്ച് സംസ്ഥാനത്തെ പല പ്രമുഖ നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം. ഇടുക്കി ജില്ലയിലെ പാർട്ടിനേതാക്കൾക്കൊപ്പവും പല പൊതുപരിപാടികളിലും പങ്കെടുത്തു. ഇടുക്കിയിൽ കൊറോണ ബാധിച്ച് ചികിത്സയിലുള്ള രണ്ടാമത്തെയാളാണ് ഇദ്ദേഹം. Content Highlight: Idukki politician tests Corona positive Traveled throughout the state


from mathrubhumi.latestnews.rssfeed https://ift.tt/2QMfNDG
via IFTTT