Breaking

Saturday, March 28, 2020

കൊറോണക്കാലത്തെ ആക്ഷൻഹീറോസ്‌; അനുഭവങ്ങളുടെ നാല് ദിനരാത്രങ്ങള്‍

ക്രമസമാധാനപാലനം കൊറോണപ്രതിരോധമായി മാറിയ ദിനങ്ങൾ. ഇവരാണ് ഈ കൊറോണക്കാലത്തെ പ്രധാനതാരങ്ങൾ. നാലുദിവസമായി ഇവർ നിരത്തിലാണ്, രാവും പകലും.... ഇവരുടെ അനുഭവങ്ങൾ യതീഷ് ചന്ദ്ര ജില്ലാ പോലീസ് മേധാവി കണ്ണൂർ വിദ്യാസമ്പന്നരായിട്ടും ബോധവാന്മാരല്ലാത്ത 10 ശതമാനമാണ് പ്രശ്നം. ആദ്യദിവസം അഭ്യർഥിച്ചു. അധികമാരും ചെവിക്കൊണ്ടില്ല. പിന്നെ കർശനമാക്കി. എന്നിട്ടും 10 ശതമാനം പേർ കബളിപ്പിക്കുകയാണ്. പരിശോധന നടത്തുന്നതിനിടെ അച്ഛനും അമ്മയും രണ്ട് മക്കളും കാറിൽ വന്നു. എവിടെപ്പോകുന്നെന്ന് ചോദിച്ചപ്പോൾ അമ്മയ്ക്ക് സുഖമില്ല, കാണാൻ പോകുന്നെന്ന് മറുപടി. പാടില്ലെന്നറിഞ്ഞുകൂടേ എന്നും ഭവിഷ്യത്തും പറഞ്ഞപ്പോൾ ശരി എന്നുപറഞ്ഞ് അവർ മടങ്ങി. കാര്യമായ അസുഖമല്ല, അവധിയല്ലേ ഒന്നുപോയി കണ്ടുകളയാം എന്നതായിരുന്നു മനോഭാവം എന്നെനിക്ക് മനസ്സിലായി. മറിയാമ്മ ജേക്കബ് എസ്.ഐ. വനിതാ പോലീസ് സ്റ്റേഷൻ, കോട്ടയം രാവിലെ എട്ടിന് സ്റ്റേഷനിലെത്തി. വാഹനപരിശോധനയ്ക്കിറങ്ങി. ഇതിനിടെ ആഹാരം കഴിക്കുന്നതിനുമാത്രമാണ് മാറിനിന്നത്. മുന്പ് പരിശോധന നിശ്ചിതസമയം മാത്രമായിരുന്നു. മുഴുവൻനേരവും പട്രോളിങ്ങിലാണ്. ബൈക്ക് യാത്രക്കാർ വെറുതെ വരുന്നത് പ്രശ്നമായിട്ട് തുടക്കത്തിൽ തോന്നിയിരുന്നു. വെള്ളിയാഴ്ച മുതൽ അനാവശ്യക്കാർ ഒഴിഞ്ഞു പോയി. കറങ്ങിനടക്കുന്നവരെ കർശനമായി തിരിച്ചയയ്ക്കും. രാത്രി ഒൻപതിന് ജോലി അവസാനിക്കുംവരെയും വാഹനപരിശോധനതന്നെ. ഒ.എസ്. സരിത പിങ്ക് പോലീസ് യൂണിറ്റ്, മലപ്പുറം വെള്ളിയാഴ്ച രാവിലെ മലപ്പുറത്തുവെച്ചാണ് പെരിന്തൽമണ്ണ ഗവ. ആശുപത്രിയിൽ ഓഡിയോളജിസ്റ്റായ ധനുഷ പടിയനെ കണ്ടത്. ജോലിക്കുപോകാനായി വാഹനമില്ലാതെ വിഷമിച്ചുനിൽക്കുകയായിരുന്നു അവർ. മലപ്പുറത്ത് വാഹനപരിശോധന നടത്തുകയായിരുന്നു ഞങ്ങൾ. ഇവരെ ജോലിസ്ഥലത്തുകൊണ്ടുപോയി തിരികെയെത്തിച്ചു. ദൂരെസ്ഥലങ്ങളിൽ വീടുള്ള ജീവനക്കാർ ജോലികഴിഞ്ഞ് ഇറങ്ങിയാൽ വാഹനമില്ലാതെ ബുദ്ധിമുട്ടുകയാണ്. പലരെയും വീട്ടിലെത്തിക്കും. അല്ലെങ്കിൽ വാഹനം തരപ്പെടുത്തിക്കൊടുക്കും. കെ.എസ്. അനിൽകുമാർ റൈറ്റർ ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷൻ പതിനാറുവർഷത്തെ ഔദ്യോഗിക ജീവിതത്തിൽ ഇത് പുതിയ നിയോഗമാണ്. സ്റ്റേഷൻ ഡ്യൂട്ടിക്കൊപ്പം ജനങ്ങൾക്കിടയിലേക്ക് സാനിറ്റൈസറും ബോധവത്കരണവുമായി ഇറങ്ങണം. ഒപ്പം ഫീൽഡിൽ പോകുന്ന ഉദ്യോഗസ്ഥർക്കുള്ള മുഖാവരണങ്ങളും കൈയുറകളും സാനിറ്റൈസറും സംഭരിക്കണം. ലോക്ഡൗൺ പ്രഖ്യാപിച്ചതുമുതൽ നിരത്തുകളിലെ നിയമലംഘനത്തിന്റെ കണക്കുകൾ അന്നന്നുതന്നെ ചേർക്കണം. ദിവസം മുഴുവൻ ചെയ്താലും തീരാത്ത ജോലിയുണ്ട്. എന്നാൽ പ്രതിരോധത്തിൽ പങ്കാളിയാകുന്നതിൽ അഭിമാനമുണ്ട്. എ.യു. ജയപ്രകാശ് തിരുനെല്ലി എസ്.ഐ. ഹൈദരാബാദിൽനിന്ന് പുലർച്ചെ തോല്പെട്ടി ചെക്പോസ്റ്റിൽ എത്തിയ 13 പെൺകുട്ടികളെ വീട്ടിലെത്തിച്ചതാണ് തിരുനെല്ലി എസ്.ഐ. എ.യു. ജയപ്രകാശിന് മറക്കാനാവാത്തത്. ബാവലി, തോല്പെട്ടി ചെക്പോസ്റ്റുകളിലായിരുന്നു ഡ്യൂട്ടി. ബുധനാഴ്ച പുലർച്ചെ ഒന്നരയ്ക്കാണ് ടാറ്റ കൺസൾട്ടൻസിയിലെ ജീവനക്കാരി എം.ആർ. ആതിര എസ്.ഐ.യെ ഫോണിൽവിളിച്ച് സഹായം ആവശ്യപ്പെട്ടത്. അർധരാത്രിയിൽ വഴിയിൽ കുടുങ്ങുമോ എന്ന ഭയത്തോടെ വിളിച്ച പെൺകുട്ടികളോട് ധൈര്യമായി ഇരിക്കാനും ചെക്പോസ്റ്റിലേക്ക് വരാനും പറഞ്ഞു. മൂന്നരയോടെ അവരെത്തി. അപ്പോഴേക്കും മാനന്തവാടിയിൽനിന്ന് ട്രാവലർ എത്തിച്ചിരുന്നു. അവർ മുഖ്യമന്ത്രിയുടെ സഹായം തേടിയ കാര്യം പിന്നീടാണ് അറിയുന്നത്. അവരെ സുരക്ഷിതമായി വീട്ടിലെത്തിച്ചു. കെ. ലാൽജി സിറ്റി അസി. പോലീസ് കമ്മിഷണർ എറണാകുളം ജനതാ കർഫ്യൂവിന്റെ അന്ന് പോലീസ് പട്രോളിങ്ങിനിടെ തെരുവിൽ കഴിയുന്ന ഒരാൾ സാറേ, കുറച്ചു വെള്ളം തരാമോ എന്നുചോദിച്ച് എന്റെ മുന്നിലെത്തി. ജീപ്പിൽനിന്ന് വെള്ളമെടുത്തു കൊടുക്കുമ്പോഴാണ് അയാൾ പട്ടിണിയിലാണെന്ന് എനിക്കു മനസ്സിലായത്. ഞങ്ങൾക്കു കഴിക്കാൻ ജീപ്പിലുണ്ടായിരുന്ന ഒരു പാക്കറ്റ് ഭക്ഷണം അയാൾക്കു കൊടുത്തു. അയാളെപ്പോലെ ആയിരങ്ങൾ നമുക്കു ചുറ്റുമുണ്ടെന്ന സത്യം മനസ്സിലായ നിമിഷമായിരുന്നു അത്. അവർക്കു കഴിയുന്നത്ര ഭക്ഷണം എത്തിക്കാനാണ് ഞാനും കൂടെയുള്ള പോലീസുകാരും പരിശ്രമിക്കുന്നത്. ഒരുപാടുപേർക്ക് ഭക്ഷണം നൽകാനായത് ജീവിതത്തിലെ പുണ്യമാണെന്ന് കരുതുന്നു. ജി. ഗോപകുമാർ സി.ഐ., വെള്ളയിൽ പോലീസ് സ്റ്റേഷൻ, കോഴിക്കോട് ഒരുകാര്യം ചെയ്യരുതെന്ന് സർക്കാർ ആവർത്തിച്ച് കർശനനിർദേശം നൽകിയിട്ടും അത് ലംഘിച്ചേ അടങ്ങൂവെന്ന് എന്തോ വാശിയുള്ളതുപോലെയാണ് ചിലരുടെ പെരുമാറ്റരീതി. ആരാധനാലയത്തിൽ കൂട്ടം കൂടരുതെന്ന് വിലക്കിയാൽ അതുചെയ്യും. കഴിഞ്ഞദിവസം തന്റെ സ്റ്റേഷൻ പരിധിയിലെ ഒരു ആരാധനാലയത്തിൽ 20 പേരാണ് പ്രാർഥനയ്ക്കെത്തിയത്. ഇവരിൽ അഞ്ചുപേർ പോലീസിനെക്കണ്ട് ജനൽ വഴി ചാടിയാണ് രക്ഷപ്പെട്ടത്. എൻ.എസ്. രാജീവ് സി.ഐ., കസബ പോലീസ് സ്റ്റേഷൻ പുതുശ്ശേരി പാലക്കാട് വാളയാറിൽ പാലം കടന്നാൽ തമിഴ്നാടായി. പക്ഷേ, കടത്തിവിടാനാവില്ല. തമിഴ്നാട് പോലീസും തിരിച്ചയയ്ക്കും. ആദ്യദിവസങ്ങളിൽ കാലി ലോറികളിലായിരുന്നു ആളുകളെത്തിയിരുന്നത്. അടച്ചുപൂട്ടലായതോടെ 80 കിലോമീറ്ററകലെ പട്ടാമ്പിയിൽനിന്നും മറ്റും നടന്നുവരുന്നവരുണ്ട്. പുസ്തകങ്ങളിലും സിനിമകളിലും മാത്രം കണ്ട പലായനം ജീവനോടെ മുന്നിലെത്തുകയായിരുന്നു. ചിലരുടെ കുട്ടികൾ അപ്പുറത്താണ്. മറ്റുചിലർക്ക് വൃദ്ധരായ മാതാപിതാക്കളാണ് അപ്പുറത്ത്. വന്നെത്തുന്നവർക്ക് ഭക്ഷണം കൊടുക്കാനാണ് പ്രധാനമായും ശ്രമിച്ചത്. ഭക്ഷണം കഴിയുമ്പോൾ അവരുടെ തിളങ്ങുന്ന കണ്ണുകൾ... അത് മനസ്സിൽനിന്ന് മായില്ല. മധു കാരക്കടവത്ത് സിവിൽ പോലീസ് ഓഫീസർ, കാസർകോട് കൊറോണരോഗം സ്ഥിരീകരിച്ച ഏരിയാൽ സ്വദേശിയെ കൂട്ടിക്കൊണ്ടുവരാൻ പോയപ്പോൾ പരിഭ്രാന്തരായ നാട്ടുകാരെ ബോധവത്കരിക്കേണ്ടിയും വന്നു. ഇയാൾക്കൊപ്പം നാലുദിവസം കറങ്ങിനടന്നയാളെയും കൊണ്ടുപോകണമെന്നായി അവർ. ആ വ്യക്തിയാണെങ്കിൽ ആശുപത്രിയിലേക്ക് പോകാൻ സമ്മതിക്കുന്നുമില്ല. ഒടുവിൽ അയാളെയും ആശുപത്രിയിലെത്തിച്ചു. ലക്ഷണമില്ലെന്ന് കണ്ട ഡോക്ടർമാർ ആശുപത്രിയിൽ കിടക്കാൻ സമ്മതിച്ചില്ല. ഒടുവിൽ നാട്ടുകാരുടെ ആശങ്ക ആരോഗ്യവകുപ്പധികൃതരെ പറഞ്ഞു ബോധ്യപ്പെടുത്തി ആശുപത്രിയിൽ അഡ്മിറ്റാക്കി. എസ്. സവിരാജൻ, പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. രാവിലെ ഏഴുമണിക്ക് ആരംഭിക്കുന്ന വാഹനപരിശോധന മുതൽ ബോധവത്കരണം വരെയുള്ള പ്രവർത്തനങ്ങൾ രാത്രി ഒന്പതുവരെ നീളും. റോഡിൽ എത്തുന്നവർക്ക് ഒരായിരം കാരണങ്ങളാണ്. വലിയ ശതമാനം ആളുകൾക്കും മരുന്ന് വാങ്ങണം. പക്ഷേ,‚ അതിന്റെ പ്രിസ്ക്രിപ്ഷൻ കാണില്ല. അവരോട് അല്പം കർശനമായി പെരുമാറിയാൽ അത് പോലീസ് അതിക്രമം എന്ന വ്യാഖ്യാനംവരും. പറയുന്ന കാര്യങ്ങളിൽ സത്യമേത് കള്ളമേത് എന്ന് ഗണിച്ചെടുക്കാൻ പലപ്പോഴും സാധിക്കില്ല. ആർ. ബിജു, കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്.ഐ. ലോക് ഡൗണിൽപ്പെട്ട് കൊല്ലത്ത് കുടുങ്ങിയ ടൂറിസ്റ്റ് ബസ് ജീവനക്കാരായ തിരുവനന്തപുരം സ്വദേശികൾ രണ്ടുദിവസമായി ഭക്ഷണമൊന്നും കിട്ടാതെ അലയുന്നത് കണ്ടത്. ഒപ്പമുള്ള പോലീസുകാർക്കും കഴിക്കാൻ ഡിപ്പാർട്ട്മെന്റിൽ നിന്നെത്തിച്ച ഭക്ഷണപ്പൊതി അപ്പോൾത്തന്നെ ഇവർക്ക് കൈമാറി. യുവാക്കളുടെ കണ്ണുകളിലുണ്ടായ സന്തോഷം ഇപ്പോഴും മനസ്സിലുണ്ട്. ബസിനകത്ത് താമസം തുടരുന്ന ഇവർക്ക് വരുംദിവസങ്ങളിലേക്ക് ഭക്ഷണം ലഭിക്കാനുള്ള സാഹചര്യം കൂടിയൊരുക്കിയ ശേഷമാണ് മടങ്ങിയത്. Content Highlight: police officers shares lockdown experience


from mathrubhumi.latestnews.rssfeed https://ift.tt/3dK5ABQ
via IFTTT