Breaking

Monday, March 30, 2020

ഉറ്റവർക്ക് ആശ്വാസമാവുന്നു, പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലേക്ക്‌ അയക്കാൻ വഴിതുറന്നു

ദുബായ് : യു.എ.ഇ.യിലെ പ്രവാസിമലയാളികളുടെ ഉറ്റവർക്ക് ആശ്വസിക്കാം. പ്രിയപ്പെട്ടവരെ അവസാനമായൊന്ന് കാണാനും അന്ത്യചുംബനം നൽകാനും വഴിതുറന്നു. കേരളത്തിൽനിന്ന് യു.എ.ഇ.യിലേക്ക് ചരക്കുകളുമായി എത്തുന്ന വിമാനങ്ങൾ തിരിച്ചുപറക്കുമ്പോൾ മൃതദേഹങ്ങൾ കൊണ്ടുപോകാനുള്ള സൗകര്യമായി.അന്താരാഷ്ട്ര വിമാനസർവീസുകൾ നിലച്ചതോടെ പിറന്നനാട്ടിലെ ആറടിമണ്ണിൽ ഉറ്റവർക്ക് അന്ത്യനിദ്ര ഒരുക്കാനാവാത്ത വിഷമത്തിലായിരുന്നു പ്രവാസികളുടെ കുടുംബാംഗങ്ങൾ. കണ്ണീർവാർത്തുകൊണ്ട് നാട്ടിൽ ഉറ്റവരും കൂട്ടുകാരും കാത്തിരിക്കുകയായിരുന്നു. വിമാനസർവീസുകൾ ഇനിയെന്ന് ആരംഭിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലാതിരിക്കുകയും ബദൽമാർഗങ്ങൾ ഇല്ലാതെവരികയുംചെയ്തതോടെ ചില മൃതദേഹങ്ങൾ ഇവിടെത്തന്നെ സംസ്‌കരിച്ചു. പത്തോളം മൃതദേഹങ്ങൾ ആശുപത്രി മോർച്ചറികളിലും സൂക്ഷിച്ചിരിക്കുന്നു. ഉറ്റവരുടെ വറ്റാത്ത കണ്ണീരും പ്രവാസികളുടെ നിസ്സഹായതയും കണ്ട പൊതുപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരിയുടെ ശ്രമഫലമായാണ് ഇപ്പോൾ കാർഗോവിമാനങ്ങളിൽ ഇവ കൊണ്ടുപോകാനുള്ള വഴിതുറന്നത്. ഇതുസംബന്ധിച്ച് അഷ്‌റഫ് നേരത്തേ ഫെയ്‌സ്ബുക്കിൽ ഇട്ട സങ്കടഹർജി ശ്രദ്ധയിൽപ്പെട്ട ചില വ്യവസായപ്രമുഖരാണ് കാർഗോ വിമാനങ്ങളുടെ തിരിച്ചുള്ള യാത്രയിൽ ഈസൗകര്യം ശരിയാക്കിക്കൊടുത്തത്.വിമാനത്താവളങ്ങളിലെ ചില ചെലവുകൾ വേണ്ടിവരുന്നുണ്ടെങ്കിലും അധികം കാത്തിരിപ്പില്ലാതെ മൃതദേഹം കയറ്റിയയ്ക്കാനുള്ള സംവിധാനമാണ് ഇപ്പോൾ ദുബായിൽ തുറന്നുകിട്ടിയത്. ഹൃദയാഘാതത്തെത്തുടർന്ന് മരിച്ച ആന്റണി ജെയ്‌സൺ, സ്റ്റീഫൻ വിറ്റസ് എന്നിവരുടെ മൃതദേഹങ്ങളാണ് ഞായറാഴ്ച വൈകീട്ട് തിരുവനന്തപുരത്തേക്ക് എമിറേറ്റ്‌സിന്റെ കാർഗോ വിമാനത്തിൽ അയച്ചത്. തിങ്കളാഴ്ച നെടുമ്പാശ്ശേരിയിലേക്കുപോകുന്ന ചരക്കുവിമാനത്തിൽ രണ്ട് മൃതദേഹങ്ങൾകൂടി കൊണ്ടുപോകും. കെ.വി. എക്‌സ്‌പോർട്ട്‌സ് ഉടമ റഫീഖ് തലശ്ശേരിയാണ് തിങ്കളാഴ്ചത്തെ വിമാനം ഒരുക്കിയതെന്ന് സാമൂഹികപ്രവർത്തകരായ അഷ്‌റഫ് താമരശ്ശേരിയും റിയാസ് കൂത്തുപറമ്പും അറിയിച്ചു. വിമാനത്താവളത്തിൽനിന്ന് ആവശ്യപ്പെട്ടാൽ മൃതദേഹം കൊണ്ടുപോകാൻ സൗകര്യമൊരുക്കുമെന്ന് നോർക്ക റൂട്‌സ് സി.ഇ.ഒ. ഹരികൃഷ്ണൻ നമ്പൂതിരിയും നിയമപ്രതിനിധി അഡ്വ. ഫെമിൻ പണിക്കശ്ശേരിയും പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2UsRsFu
via IFTTT