Breaking

Tuesday, March 31, 2020

പോലീസ് കൈകളിൽ പറന്നെത്തിയത് ലതികയ്ക്കുള്ള മൃതസഞ്ജീവനി

പെരിയ(കാസർകോട്): എൻഡോസൾഫാൻ ദുരിതബാധിതന്റെ അമ്മയ്ക്കുള്ള ജീവൻരക്ഷാമരുന്ന് പെരിയയിലെത്തിയത് പാതിരാത്രി‌ നിർത്താതെ ഓടിയ 19 പോലീസ് വാഹനങ്ങളിലൂടെ. തിങ്കളാഴ്ച രാവിലെ മൊയോലത്തെ വീട്ടിൽ ലതിക മരുന്ന് ഏറ്റുവാങ്ങുമ്പോൾ സംസ്ഥാനത്തെ പോലീസ് സംവിധാനമാകെ ഉണർന്നു പ്രവർത്തിച്ച ദൗത്യമാണ് പൂർണതയിലെത്തിയത്.കഥ തുടങ്ങുന്നുമൊയോലത്തെ കൃഷ്ണന്റെ ഭാര്യ ലതിക ഹൃദ്രോഗിയാണ്. ഇവരുടെ രണ്ടാമത്തെ മകൻ അനിരുദ്ധ് കൃഷ്ണൻ ജന്മനാ മാനസിക വെല്ലുവിളി നേരിടുന്ന അപസ്മാരരോഗിയും. ലതിക 19 വർഷമായി മുടങ്ങാതെ കഴിക്കുന്ന പെൻസിലിൻ-വി എന്ന മരുന്ന് മൂന്നുവർഷമായി തിരുവനന്തപുരത്തുനിന്നാണ് എത്തിക്കുന്നത്. ലോക്ഡൗണായതോടെ മരുന്നെത്തിക്കാനുള്ള വഴിയും മുടങ്ങി. മരുന്നുതീരാൻ ഒരു ദിവസം ബാക്കിയുള്ളപ്പോഴാണ് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി കൺവീനർ കൂടിയായ അമ്പലത്തറ കുഞ്ഞികൃഷ്ണനെ വിവരമറിയിക്കുന്നത്. അദ്ദേഹം തൃക്കരിപ്പൂർ കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. സെയ്ഫുദ്ദീനെ വിവരമറിയിച്ചു. മരുന്ന്: ആദ്യ വെല്ലുവിളിസെയ്ഫുദ്ദീൻ ഈ വിവരം ശനിയാഴ്ച രാത്രി പോലീസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് നൽകി. തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ അനിൽ മരുന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിനടുത്തുള്ള മെഡിക്കൽ ഷോപ്പിലുണ്ടെന്ന് ഞായറാഴ്ച വൈകീട്ട് കണ്ടെത്തി. മരുന്ന് കാസർകോട്ടെ പെരിയയിലെങ്ങനെ എത്തിക്കും എന്നതായി അടുത്ത വെല്ലുവിളി. മന്ത്രി ചന്ദ്രശേഖരനെ അറിയിക്കുന്നതിന് സെയ്ഫുദ്ദീൻ കാഞ്ഞങ്ങാട്ടെ സി.പി.ഐ. നേതാവ് എ. ദാമോദരനെ വിളിച്ചു. ദാമോദരനും പോലീസ് അസോസിയേഷൻ സംസ്ഥാനസെക്രട്ടറി സി.ആർ. ബിജുവും മന്ത്രിയെ വിവരം ധരിപ്പിച്ചു. മന്ത്രി അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ വിട്ട് മരുന്ന് വാങ്ങിപ്പിച്ച് പോലീസ് പോലീസ് ആസ്ഥാനത്ത് എത്തിച്ചു. യാത്രതുടങ്ങുന്നുഡി.ജി.പി. ലോക്നാഥ് ബെഹ്റയോട് മരുന്ന് കാഞ്ഞങ്ങാട്ടെത്തിക്കാൻ മന്ത്രി നിർദേശിച്ചു. ഞായറാഴ്ച രാത്രി ഒമ്പതുമണിക്ക് മരുന്നുമായി പോലീസ് വാഹനം കുതിച്ചുതുടങ്ങി. വഴിയിലെ ഏഴു ജില്ലാ പോലീസ് മേധാവികൾക്കും ദൗത്യത്തിൽ പങ്കാളിയാവാൻ പോലീസ് സഹായം വിട്ടുകൊടുക്കാൻ ഡി.ജി.പി. നിർദേശിച്ചു. ഒരു രാത്രികൊണ്ട് വിവിധ ജില്ലകളിലെ 19 ഹൈവേ പട്രോളിങ് വാഹനങ്ങളിലൂടെ ഞായറാഴ്ച പുലർച്ചെ അഞ്ചിന് നീലേശ്വരം ജനമൈത്രി പോലീസ് സ്റ്റേഷനിൽ മരുന്നെത്തി. രാവിലെ നീലേശ്വരം പോലീസ് ഇൻസ്പെക്ടർ എം.എ. മാത്യുവിന്റെയും സെയ്ഫുദ്ദീന്റെയും നേതൃത്വത്തിൽ മരുന്ന് ലതികയ്ക്ക് നൽകി. പണംപോലും വാങ്ങാതെ ലഭിച്ച മരുന്ന് ഏറ്റുവാങ്ങിയപ്പോൾ ലതികയുടെ കണ്ണ് നിറഞ്ഞു. നീലേശ്വരം സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഓമനക്കുട്ടൻ, അമ്പലത്തറ കുഞ്ഞികൃഷ്ണൻ എന്നിവരും കൂടെയുണ്ടായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2xwnsPT
via IFTTT