കൊച്ചി: കൊറോണക്കാലത്ത് മദ്യശാലയുടെ മുന്നിലെ നീണ്ട നിര നിയന്ത്രിക്കാൻ സർക്കാർ പാടുപെടുമ്പോൾ മദ്യവിൽപ്പന ശാലകൾ ആധുനികവത്കരിക്കണമെന്ന് ഓർമിപ്പിച്ച ഹൈക്കോടതിയുടെ മൂന്നുവർഷം മുൻപത്തെ വിധിക്ക് പ്രശസ്തിയേറുന്നു. യാതൊരു സൗകര്യവുമില്ലാത്ത മദ്യവിൽപ്പനശാലകളാണ് റോഡിലേക്കുവരെ നീളുന്ന നീണ്ടനിരയ്ക്ക് പ്രധാനകാരണം എന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇവയ്ക്ക് അടിസ്ഥാനസൗകര്യം വേണമെന്ന് ഓർമിപ്പിച്ചത്. 2017 ജൂലായ് അഞ്ചിനായിരുന്നു ഈ വിധി. തൃശ്ശൂരിലെ ഒരു മദ്യവിൽപ്പനശാലയ്ക്ക് മുന്നിലെ നീണ്ട ക്യൂ ശല്യമാകുന്നുവെന്ന പരാതിയുമായി എത്തിയ വ്യാപാരിയുടെ ഹർജി തീർപ്പാക്കിക്കൊണ്ടായിരുന്നു ഇത്. മദ്യം വാങ്ങാനെത്തുന്നവരെ വെയിലത്തും മഴയത്തും ക്യൂവിൽ നിർത്തുന്നത് പൗരന്റെ അന്തസ്സാണ് ഇല്ലാതാക്കുന്നത്. ഇതെല്ലാം എടുത്തു പറഞ്ഞുകൊണ്ടായിരുന്നു മദ്യവിൽപ്പനശാലകൾ ആധുനികവത്കരിക്കേണ്ടതിനെക്കുറിച്ച് കോടതി ഓർമിപ്പിച്ചത്. ഇതിന് പരിഹാരം കാണേണ്ടത് ബിവറേജസ് കോർപ്പറേഷന്റെ ചുമതലയാണെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. ആവശ്യക്കാർക്ക് ഷോപ്പിനുള്ളിലേക്ക് കയറി മദ്യം വാങ്ങാനുള്ള സൗകര്യമാണ് വേണ്ടത്. തിരക്കുള്ളപ്പോൾ കാത്തുനിൽക്കാനുള്ള സൗകര്യവും ഒരുക്കണം. ഓരോ ഷോപ്പിലും എത്താവുന്ന ഉപഭോക്താക്കളെക്കുറിച്ച് ബിവറേജസ് കോർപ്പറേഷന് അറിവുള്ളതാണ്. ഇതിനനുസരിച്ച് അടിസ്ഥാനസൗകര്യം ഒരുക്കുകയാണ് വേണ്ടത്. അത്തരം സൗകര്യങ്ങൾ ഒരുക്കിയാൽ ആവശ്യക്കാരുടെ വലിയ നിര മദ്യഷാപ്പുകൾക്കുമുന്നിൽ ഉണ്ടാകുമായിരുന്നില്ലെന്നും വിധിയിൽ പറഞ്ഞിട്ടുണ്ട്. പക്ഷേ, ഹൈക്കോടതി ഉത്തരവിൽ പറഞ്ഞ കാര്യങ്ങളൊന്നും ബിവറേജസ് കോർപ്പറേഷൻ ഗൗനിച്ചതുപോലുമില്ല. മദ്യശാലകളിലേറെയും ഇപ്പോഴും അസൗകര്യങ്ങൾ നിറഞ്ഞ സ്ഥലങ്ങളിലാണ് പ്രവർത്തിക്കുന്നത്. ഷോപ്പുകളുടെ മുൻവശം കമ്പിവലകൾ സ്ഥാപിച്ച് മുൻപത്തെപോലെ മറച്ചിരിക്കുകയാണിപ്പോഴും. ഒരാൾക്കുമാത്രം കടന്നുവരാൻ കഴിയുന്നവിധം ഇടനാഴികൾ നിർമിച്ചാണിപ്പോഴും മദ്യഷോപ്പിലേക്ക് ആവശ്യക്കാരെ കടത്തിവിടുന്നത്. ഇത് ചൂണ്ടിക്കാണിക്കുമ്പോൾ പ്രീമിയം കൗണ്ടറുണ്ടല്ലോ എന്നാണ് ബിവറേജസ് കോർപ്പറേഷന്റെ നിലപാട്. മഹാമാരിയായി കോവിഡ് പടരുന്ന കാലത്താണ് മദ്യശാലകൾക്ക് ആധുനിക മുഖം നൽകാത്തതിന്റെ ദുരിതം കേരളം ശരിക്കും അനുഭവിക്കുന്നത്. Content Highlight: The modernization of liquor stores The old judgment of the High Court
from mathrubhumi.latestnews.rssfeed https://ift.tt/3dsnxEN
via
IFTTT