Breaking

Saturday, March 28, 2020

അപകടത്തില്‍ മരിച്ച സഹപ്രവര്‍ത്തകന് അന്ത്യാഞ്ജലി അര്‍പ്പിക്കാനാകാതെ പോലീസുകാര്‍

കോഴിക്കോട്: വാഹനാപകടത്തിൽ മരിച്ച സഹപ്രവർത്തകന് അന്ത്യാഞ്ജലി അർപ്പിക്കാനാകാതെ പോലീസുകാർ. വ്യാഴാഴ്ച മരിച്ച കസബ സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസർ പേരാമ്പ്ര കരുവണ്ണൂർ പൈതോത്ത് മറയത്തുംകണ്ടി സലീഷിന് അന്തിമോപചാരമേകാനാണ് സഹപ്രവർത്തകർക്ക് കഴിയാതിരുന്നത്. കൊറോണ പ്രതിരോധ പ്രവർത്തനത്തോടനുബന്ധിച്ച് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ ശവസംസ്കാരച്ചടങ്ങിൽ ഒത്തുചേരാനോ ഗാർഡ് ഓഫ് ഓണർ നൽകാനോ കഴിഞ്ഞില്ല. അവസാനം വ്യത്യസ്തസമയങ്ങളിൽ വ്യത്യസ്തസ്ഥലങ്ങളിലായി നിശ്ചിത അകലം പാലിച്ച് അന്തിമോപചാരം അർപ്പിച്ച് അവർ പിരിഞ്ഞു. കണ്ണൂർ റെയിഞ്ച് ഡി.ഐ. ജി. കെ. സേതുരാമൻ, നാദാപുരം എ.എസ്.പി. അങ്കിത് അശോകൻ, കേരള പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി.പി. പവിത്രൻ, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ ഖജാൻജി വി.കെ. വിനോദ്, സിറ്റി പോലീസ് മേധാവി എ.വി. ജോർജ് എന്നിവർ അന്തിമോപചാരം അർപ്പിച്ചു. സഹപ്രവർത്തകരുടെ പ്രയാസം ഉൾക്കൊണ്ടുതന്നെയാണ് സിറ്റി പോലീസിന് ഇത്തരമൊരു രീതി സ്വീകരിക്കേണ്ടിവന്നതെന്ന് ജോർജ് മാതൃഭൂമിയോട് പറഞ്ഞു. കൊറോണ ഭീതിയൊഴിയുമ്പോൾ പോലീസ് ക്ലബ്ബിൽ അനുശോചനയോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. Content Highlight: Cops cannot pay their last respects to a colleague who died in an accident


from mathrubhumi.latestnews.rssfeed https://ift.tt/2QRdFee
via IFTTT