തോപ്പുംപടി: സ്കൂൾമുറ്റത്തുനിന്ന് കണ്ണീരോടെ മടങ്ങുകയാണ് ആ കുട്ടികൾ... ഒരുവർഷം നീണ്ട ഉറക്കമൊഴിക്കലും തയ്യാറെടുപ്പുകളും വെറുതെയായി. അവർക്ക് ഇക്കുറി പത്താം ക്ലാസ് പരീക്ഷ എഴുതാനാവില്ല. തോപ്പുംപടിക്കടുത്ത് മൂലങ്കുഴിയിലുള്ള അരൂജാസ് ലിറ്റിൽ സ്റ്റാർസ് സ്കൂളിലെ 29 കുട്ടികൾക്കാണ് ഈ ദുർഗതി. ഈ സ്കൂളിന് സി.ബി.എസ്.ഇ. അംഗീകാരമില്ലാത്തതിനാൽ കുട്ടികളുടെ പേരുകൾ രജിസ്റ്റർ ചെയ്തിരുന്നില്ല. തിങ്കളാഴ്ച പരീക്ഷ തുടങ്ങാനിരിക്കെ, രണ്ടുദിവസം മുമ്പാണ് ഇവരുടെ പേരുകൾ രജിസ്റ്റർ ചെയ്യാത്ത വിവരം കുട്ടികളും രക്ഷിതാക്കളും അറിയുന്നത്. ഇതോടെ കുട്ടികൾ മാനസികമായി തകർന്നു.രക്ഷിതാക്കൾ നെട്ടോട്ടമായി. അവർ കേന്ദ്രമന്ത്രി വി. മുരളീധരനെ നേരിൽ കണ്ടു. പലവഴിക്കും ശ്രമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ രണ്ടുദിവസമായി കുട്ടികളും രക്ഷിതാക്കളും സ്കൂൾമുറ്റത്ത് കുത്തിയിരിക്കുകയാണ്. ആർക്കും അവരെ സമാധാനിപ്പിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ സ്ഥലം എം.എൽ.എ. കെ.ജെ. മാക്സിയും മറ്റ് പൊതുപ്രവർത്തകരും എത്തി രക്ഷിതാക്കളെ സമാധാനിപ്പിച്ചു.ശനിയാഴ്ചയും കുട്ടികളും രക്ഷിതാക്കളും സ്കൂളിലെത്തിയിരുന്നു. പരീക്ഷയെഴുതാൻ എന്തെങ്കിലും മാർഗമുണ്ടോ എന്ന് അന്വേഷിച്ച അവർ രാത്രിയാകുവോളം അവിടെയിരുന്നു. പൊതുപ്രവർത്തകർ സ്കൂൾ അധികൃതരുമായി സംസാരിച്ചു. അടുത്തവർഷം പരീക്ഷയെഴുതിക്കാൻ ശ്രമിക്കാമെന്ന് സ്കുൾ അധികൃതർ രക്ഷിതാക്കൾക്ക് ഉറപ്പുനൽകി. ഒരുവർഷം മറ്റേതെങ്കിലും സ്കൂളിൽ പഠിക്കാനുള്ള ചെലവ് അവർ വഹിക്കാമെന്നും ഉറപ്പുനൽകി. രേഖാമൂലം ഉറപ്പ് നൽകിയെങ്കിലും കുട്ടികൾ സ്കൂൾമുറ്റത്തുതന്നെ തുടരുകയാണ്.സി.ബി.എസ്.ഇ. നിയമപ്രകാരം കുട്ടി ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾത്തന്നെ പേര് രജിസ്റ്റർ ചെയ്യണം. ഒമ്പതിൽ പഠിക്കുമ്പോൾ പേര് രജിസ്റ്റർ ചെയ്യാത്തവർക്ക് പത്താം ക്ലാസ് പരീക്ഷയെഴുതാനാവില്ല.ഈ കുട്ടികൾക്ക് അടുത്തവർഷം പത്താം ക്ലാസ് എഴുതുന്നതിനും കടമ്പകളേറെയാണ്. അടുത്തവർഷം പരീക്ഷയെഴുതുന്നതിന് സി.ബി.എസ്.ഇ. ബോർഡിന്റെ പ്രത്യേക ഉത്തരവ് വേണം. ഇതിനുള്ള ശ്രമം നടത്തുമെന്നാണ് പൊതുപ്രവർത്തകരും സ്കൂൾ അധികൃതരും ഉറപ്പുനൽകുന്നത്. കഴിഞ്ഞ ആറ് വർഷവും മറ്റുചില സ്കൂളുകളിലാണ് സ്കൂൾ അധികൃതർ പരീക്ഷ എഴുതിച്ചത്. ഇക്കുറി അതിന് ശ്രമിച്ചെങ്കിലും നടന്നില്ല. എന്നാൽ, ഇക്കാര്യം സ്കൂൾ അധികൃതർ മറച്ചുവയ്ക്കുകയായിരുന്നെന്ന് രക്ഷിതാക്കൾ പരാതിപ്പെട്ടു.
from mathrubhumi.latestnews.rssfeed https://ift.tt/2um6um2
via
IFTTT