Breaking

Sunday, February 23, 2020

ഭാര്യയെ വീട്ടിനുള്ളിൽ മരിച്ചനിലയിലും ഭർത്താവിനെ ജീവനൊടുക്കിയനിലയിലും കണ്ടെത്തി

ഇരിട്ടി: മുഴക്കുന്ന് കടുക്കാപ്പാലത്ത് ഭാര്യയെ വീടിനുള്ളിൽ മരിച്ചനിലയിലും ഭർത്താവിനെ മുറിക്കുള്ളിൽ തൂങ്ങിമരിച്ചനിലയിലും കണ്ടെത്തി. കടുക്കപ്പാലത്തെ ജീഷ്മനിവാസിൽ പൂവളപ്പിൽ മോഹന(53)നെയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഭാര്യ ജ്യോതി (43) കിടക്കയിൽ മരിച്ചനിലയിലായിരുന്നു. ജ്യോതിയുടെ കഴുത്തിൽ പാടുകൾ കണ്ടതിനാൽ കൊലപാതകമാണെന്ന് സംശയിക്കുന്നു. ജ്യോതിയെ കഴുത്തുഞെരിച്ചുകൊന്നശേഷം മോഹനൻ ആത്മഹത്യചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച രാവിലെ ഇരുവരെയും വീടിന് വെളിയിൽ കാണാത്തതിനെത്തുടർന്ന് സമീപത്ത് താമസിക്കുന്ന ജ്യോതിയുടെ സഹോദരൻ പ്രജീഷ് അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഒറ്റമുറിവീടിന്റെ കതക് അടച്ചനിലയിലാണെങ്കിലും വാതിൽ അകത്തുനിന്ന് പൂട്ടിയിരുന്നില്ല. പ്രജീഷ് വിവരമറിയിച്ചതിനെത്തുടർന്ന് നാട്ടുകാരെത്തി. തുടർന്ന് പോലീസിലും വിവരമറിയിച്ചു. ഇരിട്ടി ഡിവൈ.എസ്.പി. സജേഷ് വാഴാളപ്പിൽ, പേരാവൂർ സി.ഐ. പി.ബി.സജീഷ് എന്നിവരുടെ നേതൃത്വത്തിൽ വിരലടയാളവിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ചായപ്പൊടി ചില്ലറവിതരണക്കാരനാണ് മോഹനൻ. ഇയാൾ ഭാര്യയെ ഉപദ്രവിക്കാറുണ്ടെന്നാണ് ജ്യേതിയുടെ ബന്ധുക്കളും സമീപവാസികളും പറയുന്നത്. ഇവർക്ക് രണ്ട് മക്കളുണ്ട്. ഇരുവരും വിവാഹിതരായി മറ്റിടങ്ങളിലാണ് താമസം. ജ്യോതി സഹോദരിയുടെ ചികിത്സാർഥം ഇടയ്ക്ക് സഹോദരിയുടെ വീട്ടിലാണ് താമസം. വെള്ളിയാഴ്ച തറവാട്ടുവീട്ടിലുണ്ടായിരുന്ന ജ്യോതി രാത്രി ഒൻപതോടെയാണ് തൊട്ടടുത്തുള്ള സ്വന്തം വീട്ടിലേക്ക് പോയത്. കുടുംബവഴക്കിനിടയിൽ അർധരാത്രിയോടെ കൊലയും ആത്മഹത്യയും നടന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. മൃതദേഹപരിശോധനാ റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു. മക്കൾ: ജിഷ്ണുദാസ് (ഇന്ത്യൻ കോഫി ഹൗസ് ഛത്തീസ്ഗഢ്), ജീഷ്മ. മരുമക്കൾ: ജയദാസ് (മാനന്തേരി), നമിത. കടുക്കാപ്പാലത്തെ പരേതനായ നാണുവിന്റെയും കമലയുടെയും മകനാണ് മോഹനൻ. സഹോദരങ്ങൾ: ലക്ഷ്മണൻ, അജിത, അജയൻ. പരേതനായ ശ്രീധരൻ നമ്പ്യാരുടെയും ജാനകി അമ്മയുടെയും മകളാണ് ജ്യോതി. സഹോദരങ്ങൾ: ശ്രീജ, പ്രീതി, പ്രജീഷ്, പ്രിയേഷ്. Content Highlights:woman found dead and husband commit suicide in Irity


from mathrubhumi.latestnews.rssfeed https://ift.tt/2HOYvRK
via IFTTT