Breaking

Sunday, February 23, 2020

മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിന്റെ ഇതുവരെയുള്ള കഥ ഇങ്ങനെ തന്നെയാണോ?നയം വ്യക്തമാക്കി സുജസൂസൻ ജോർജ്ജ്

കോഴിക്കോട്: സ്വാഗതപ്രസംഗത്തിനിടെ ഉദ്ഘാടനം നടത്തി മുഖ്യമന്ത്രി വേദിവിട്ടത് വിവാദമായ പശ്ചാത്തലത്തിൽ അന്ന് വേദിയിൽ സംഭവിച്ചതിനെ കുറിച്ച് തുറന്നെഴുതിയിരിക്കുകയാണ് മലയാളമിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ്ജ്. സ്വാഗതപ്രസംഗം നടക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനത്തിന് എഴുന്നേറ്റതുകൊണ്ടാണ് സ്വാഗതപ്രാസംഗികയായിരുന്ന സുജ സൂസൻ ജോർജ്ജ് പ്രസംഗം മുഴുമിപ്പിക്കാതെ പിൻമാറിയത്. നാലുമിനിറ്റുകൊണ്ട് ഉദ്ഘാടനപ്രസംഗം അവസാനിപ്പിച്ച മുഖ്യമന്ത്രി വേറെ വഴിയില്ലാത്തതുകൊണ്ടാണിതെന്നു പറഞ്ഞാണ് വേദിവിട്ടത്. തിരുവനന്തപുരത്ത് മലയാള മിഷന്റെ ത്രിദിന പരിപാടിയായ മലയാൺമ 2020-ന്റെ ഉദ്ഘാടനച്ചടങ്ങിലായിരുന്നു സംഭവം. ഇത് മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. കേരളത്തിന്റെയും രാജ്യത്തിന്റെയും പുറത്ത് നിന്ന് വന്നവർക്ക് മുഖ്യമന്ത്രിയുടെ സാന്നിധ്യം പ്രധാനപ്പെട്ടതായതു കൊണ്ട് മാത്രമാണ് വലിയ തിരക്കുള്ള ദിവസമായിട്ടും യോഗസ്ഥലത്ത് വന്നു പോകാൻ മുഖ്യമന്ത്രി തീരുമാനിച്ചെന്ന് വിവാദത്തിന് മറുപടിയായി സുജ സൂസൻ ജോർജ്ജ് പറയുന്നു. "അദ്ദേഹം വന്നപ്പോൾ തന്നെ ഒറ്റവാചകത്തിൽ സ്വാഗതം പറയട്ടെ എന്ന് ചോദിച്ചെങ്കിലും അത് വേണ്ട, എല്ലാം അതിന്റെ വഴിക്ക് നടക്കട്ടെ നിങ്ങൾക്ക് മലയാളം മിഷനെക്കുറിച്ച് ധാരാളം പറയാനുണ്ടാകുമല്ലോ എന്ന് പറഞ്ഞതനുസരിച്ചാണ് താൻ സ്വാഗതം തുടങ്ങിയത്. അതിനിടയിൽ ഞാൻ ആദ്യം പറയാം പിന്നെ സ്വാഗതം വിശദമായി പറയാം അല്ലാതെ നിവൃത്തിയില്ല എന്ന് മുഖ്യമന്ത്രി ഇടപെടുകയായിരുന്നു", സുജ സൂസൻ ജോർജ്ജ് പറയുന്നു. തന്റെ ഫെയ്സ്ബുക്ക് പേജിലാണ് സുജ സൂസൻ ജോർജ്ജ് അന്ന്നടന്ന സംഭവത്തെ കുറിച്ച് വിശദീകരിച്ച് കുറിപ്പിട്ടത്. ഫെയ്സ്ബുക്ക് പോസ്റ്റിന്റെപൂർണ്ണ രൂപം ഇന്നത്തെ മാധ്യമങ്ങളുടെ ഒരു കിടുക്കൻ വാർത്തയുടെ ഇരയായിരുന്നല്ലോ ഞാൻ. പ്രതീക്ഷിച്ചിരുന്നതിനാൽ അത്ര വലിയ ഞെട്ടലായില്ല. 130 പ്രവാസികൾ പങ്കെടുക്കുന്ന ക്യാമ്പ് നടത്തുന്ന തിരക്കിലാണെന്നതിനാൽ അതിനൊട്ട് നേരവും കിട്ടിയില്ല. എന്താണ് യഥാർത്ഥത്തിൽ അയ്യങ്കാളി ഹാളിൽ ഉണ്ടായതെന്ന് പറയണമെന്ന് ഇപ്പോൾ തോന്നുന്നു. മലയാളം മിഷന്റെ ഭരണസമിതി ചെയർമാൻ മുഖ്യമന്ത്രിയാണ്. മലയാണ്മ 2020 എന്ന പേരിൽ മലയാളം മിഷൻ വാർഷികവും അധ്യാപകരുടെ ക്യാമ്പും ഫെബ്രുവരി 21 മുതൽ സംഘടിപ്പിച്ചിരുന്നു.ഭാഷാപ്രതിഭാപുരസ്ക്കാര വിതരണം, റേഡിയോ മലയാളത്തിന്റെ ഉദ്ഘാടനം,സമ്മാനവിതരണം എന്നിവയെല്ലാം ഇന്നലത്തെ യോഗത്തിൽ മുഖ്യമന്ത്രി നിർവ്വഹിക്കേണ്ടതുമായിരുന്നു. (നിർവ്വഹിക്കുകയും ചെയ്തു.)അടിയന്തരമായി നിർവ്വഹിക്കേണ്ടതും പങ്കെടുക്കേണ്ടതുമായ ,പല പരിപാടികളും മുഖ്യമന്ത്രിയുടെ ഷെഡ്യൂളിൽ വരികയും മുഖ്യമന്ത്രി ആ ദിവസം ഇഞ്ചോടിഞ്ച് തിരക്കിൽ പെടുകയും ചെയ്തിരുന്നു ഇതെല്ലാം ഞങ്ങൾക്ക് അറിവുള്ളതുമാണ്.. കേരളത്തിന്റെയും രാജ്യത്തിന്റെയും പുറത്ത് നിന്ന് വന്നവർക്ക് മുഖ്യമന്ത്രിയുടെ സാന്നിധ്യം അത്രയും പ്രധാനപ്പെട്ടതാകയാൽ മാത്രമാണ് യോഗസ്ഥലത്ത് വന്നു പോകാൻ മുഖ്യമന്ത്രി തീരുമാനിച്ചത്. അദ്ദേഹം വന്നപ്പോൾ തന്നെ ഒറ്റവാചകത്തിൽ സ്വാഗതം പറയട്ടെ എന്ന് ചോദിച്ചെങ്കിലും അത് വേണ്ട അതെല്ലാം അതിന്റെ വഴിക്ക് നടക്കട്ടെ നിങ്ങൾക്ക് മലയാളം മിഷനെക്കുറിച്ച് ധാരാളം പറയാനുണ്ടാകുമല്ലോ എന്ന് പറഞ്ഞതനുസരിച്ചാണ് ഞാൻ സ്വാഗതം തുടങ്ങിയത്. അതിനിടയിൽ ഞാൻ ആദ്യം പറയാം പിന്നെ സ്വാഗതം വിശദമായി പറയാം അല്ലാതെ നിവൃത്തിയില്ല എന്ന് മുഖ്യമന്ത്രി ഇടപെട്ടു. വളരെ സൗഹൃദത്തിലും ക്ഷമിക്കണേ എന്ന അർത്ഥത്തിലുമാണ് അദ്ദേഹം അത് പറഞ്ഞത്. പലപ്പോഴും മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തെ കുറിച്ചുള്ള വാർത്തകൾ ഞാനും വിശ്വസിച്ച് പോയിട്ടുണ്ട്. എനിക്ക് അനുഭവപ്പെട്ടതിന് സമാനമായ സാഹചര്യങ്ങളിൽ നിന്നാണ് ഇത്തരം വാർത്തകൾ ചമച്ചിട്ടുള്ളതെങ്കിൽ അമ്പേ കഷ്ടം എന്നേ പറയാനുള്ളു. മുഖ്യമന്ത്രി മലയാണ്മയിൽ സംസാരിക്കാൻ തയ്യാറാക്കിയ പ്രസംഗം മുഴുമിപ്പിച്ചില്ലെല്ലോ എന്ന ഒറ്റ നിരാശയെ എനിക്ക് തോന്നിയുള്ളു. കാരണം കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ കഠിനമായി അധ്വാനിച്ച് ,വളരെ ചുരുങ്ങിയ സൗകര്യങ്ങൾ ഫലപ്രദമായി ഉപയോഗിച്ച് മലയാളം മിഷൻ എന്ന സ്ഥാപനത്തെ പ്രവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന പ്രധാനപ്പെട്ട സ്ഥാപനമാക്കി മാറ്റാൻ ഇപ്പോഴത്തെ മലയാളം മിഷൻ ടീമിന് കഴിഞ്ഞിട്ടുണ്ട്. ഇതെല്ലാം ചെയർമാനായ മുഖ്യമന്ത്രി തന്നെ പ്രവാസികളുൾക്കൊള്ളുന്ന ഒരു സദസ്സിൽ പറയുന്നത് അതിനു വേണ്ടി പ്രവർത്തിക്കുന്ന എല്ലാവർക്കും തീർച്ചയായും വലിയ അംഗീകാരമാകും . അത് നടക്കാത്തതിൽ വിഷമം ഉണ്ട്.. അയ്യോ ടീച്ചറേ എന്ന് ഖേദിച്ച ഒരുപാട് പേരുണ്ട് .ഒരു ഖേദത്തിന്റെയും കാര്യമില്ല. ഇത്തരം കൊച്ചു കൊച്ചു കാര്യങ്ങളും ചിലപ്പോൾ വലിയ വെല്ലുവിളികളും നേരിട്ടല്ലാതെ ഒന്നിനെയും മുന്നോട്ട് നയിക്കാനാവില്ല. അല്ലെങ്കിൽ നിന്നിടത്ത് നിന്ന് വട്ടം ചുറ്റി നേരം വെളുപ്പിക്കേണ്ടി വരും. content highlights :Suja Susan George on controversy related pinarayi Vijayan Inaugural speech


from mathrubhumi.latestnews.rssfeed https://ift.tt/2Tbfxih
via IFTTT