അഹമ്മദാബാദ്: മുപ്പത്തിയാറു മണിക്കൂർ നീളുന്ന സന്ദർശനത്തിനായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മണിക്കൂറുകൾക്കുള്ളിൽ ഇന്ത്യയിലെത്തും. ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷിബന്ധത്തിൽ പുതിയ അധ്യായമായി മാറാവുന്ന സന്ദർശനത്തിലേക്ക് നയതന്ത്രലോകം ഉറ്റു നോക്കുകയാണ്. ഭാര്യ മെലാനിയ, മകൾ ഇവാൻക, ഇവാൻകയുടെ ഭർത്താവ് ജെറാദ് കുഷ്നർ എന്നിവരും ഉന്നതതല പ്രതിനിധി സംഘവും ട്രംപിനെ അനുഗമിക്കുന്നുണ്ട്. രാവിലെ 11.40-നാണ് ട്രംപിന്റെ എയർഫോഴ്സ് വൺ വിമാനം സർദാർ പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുക. സഹപ്രവർത്തകരുമായി മറ്റൊരു വിമാനം നേരത്തെയെത്തും. സുരക്ഷാ- യാത്രാസാമഗ്രികളുമായി ആറു ചരക്കുവിമാനങ്ങൾ കഴിഞ്ഞ ദിവസങ്ങളിലായി എത്തിക്കഴിഞ്ഞു. ട്രംപിന് യാത്ര ചെയ്യാനുള്ള ബീസ്റ്റ് എന്ന അത്യാധുനിക ലിമോസിൻ കാർ എത്തിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ഉപയോഗിക്കാനുള്ള മറീൻ-വൺ ഹെലികോപ്റ്ററും എത്തിച്ചിട്ടുണ്ട്. വിമാനത്താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിനെ വരവേൽക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഗവർണർ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി വിജയ് രൂപാണി, മേയർ ബിജൽ പട്ടേൽ തുടങ്ങിയവർ ഒപ്പമുണ്ടാകും. തുടർന്ന് ഗാർഡ് ഓഫ് ഓണർ. വിമാനത്താവളത്തിൽനിന്ന് 12-ന് റോഡ് ഷോ ആരംഭിക്കും. 28 സംസ്ഥാനങ്ങളുടെ കലാപരിപാടികൾ റോഡിലെ വിവിധ വേദികളിൽ വിശിഷ്ടാതിഥികൾക്കായി അവതരിപ്പിക്കും. ട്രംപും ഭാര്യ മെലാനിയയും കാറിലിരുന്ന് പരിപാടികൾ വീക്ഷിക്കും. ഗുജറാത്തിലെ നൃത്തസംഘമാകും ആദ്യത്തെ വേദിയിലുണ്ടാവുക. കന്റോൺമെന്റ്് ഭാഗത്താണ് മലയാളീ കലാകാരന്മാർക്ക് സ്ഥലം അനുവദിച്ചിരിക്കുന്നത്. സാബർമതി ആശ്രമത്തിലെത്തിയാൽ ട്രംപിനും സംഘത്തിനും ആവശ്യമെങ്കിൽ ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്. അരമണിക്കൂർ മാത്രമാണ് ചെലവഴിക്കുക. നദീതീരത്തെ വേദിയിൽനിന്ന് അഹമ്മദാബാദ് ഓൾഡ് സിറ്റി വീക്ഷിക്കാൻ കഴിയും. ആശ്രമത്തിൽ നിന്നിറങ്ങിയാൽ റോഡ് ഷോ പുനരാരംഭിക്കും. ഇവിടെനിന്ന് മൊട്ടേര സ്റ്റേഡിയം വരെ ജനങ്ങൾ പതാകകൾ വീശി സ്വീകരിക്കും. മോദിക്കൊപ്പം 22 കിലോമീറ്റർ സഞ്ചരിച്ച് ഒന്നരയോടെ സ്റ്റേഡിയത്തിലെത്തും. രാവിലെ ഒമ്പതു മുതൽ സ്റ്റേഡിയത്തിൽ കാണികളെ പ്രവേശിപ്പിക്കും. ഇവർക്കായി ഗുജറാത്തിലെയും ഹോളിവുഡിലെയും പ്രമുഖ ഗായകരുടെ സംഗീതപരിപാടികൾ ഉണ്ടാകും. വിശിഷ്ടാതിഥികൾ എത്തുന്നതിനുമുന്നേ ഇവ അവസാനിപ്പിക്കും. നരേന്ദ്ര മോദിയും ഡൊണാൾഡ് ട്രംപും ഒരു ലക്ഷത്തിലേറെ വരുന്ന ജനക്കൂട്ടത്തോട് സംസാരിക്കും. 3.30-ഓടെ പരിപാടികൾ അവസാനിപ്പിക്കും. സ്റ്റേഡിയത്തിനുപിന്നിൽ പുതുതായി നിർമിച്ച റോഡിലൂടെയോ ഹെലികോപ്റ്ററിലോ ആകും ട്രംപിന്റെ വിമാനത്താവളത്തിലേക്കുള്ള മടക്കയാത്ര. പ്രധാനമന്ത്രി വ്യോമസേനാ വിമാനത്തിൽ ഡൽഹിക്കും ട്രംപ് എയർഫോഴ്സ്-വണ്ണിൽ ആഗ്രയ്ക്കും തിരിക്കും. വൈകീട്ട് 4.45-ന് ആഗ്രയിലെത്തുന്ന ട്രംപും സംഘവും താജ്മഹൽ സന്ദർശിക്കും. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാകും ട്രംപിനെ ഇവിടെ സ്വീകരിക്കുക. വൈകീട്ട് ഡൽഹിയിലെത്തും. ചൈന, പാകിസ്താൻ എന്നീ അയൽരാജ്യങ്ങൾ മാത്രമല്ല, വികസിത രാജ്യങ്ങളും ട്രംപിന്റെ സന്ദർശനത്തെ ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്. ചൊവ്വാഴ്ചയാണ് നിർണായക നയതന്ത്ര ചർച്ചകൾ. ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ രാവിലെ 11-നു മോദിയും ട്രംപും കൂടിക്കാഴ്ച നടത്തും. സന്ദർശനത്തിനിടെ ഇന്ത്യയുമായി വൻവ്യാപാരക്കരാറിൽ ഒപ്പിടാനുള്ള ശ്രമങ്ങൾ നടന്നിരുന്നെങ്കിലും അത് വിജയിച്ചിട്ടില്ല. ഇക്കാര്യത്തിൽ ട്രംപ് പരസ്യമായി അതൃപ്തി പ്രകടമാക്കിയിരുന്നു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ വാണിജ്യം, ഊർജം, പ്രതിരോധം, ഭീകരവാദവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും. കൂടിക്കാഴ്ചയ്ക്കു ശേഷം ഇരുരാജ്യങ്ങളും പരസ്പര സഹകരണത്തിനുള്ള അഞ്ചു ധാരണാപത്രങ്ങളിലും നാവികസേനയ്ക്കായി 260 കോടി ഡോളർ ചെലവിൽ 24 സീഹോക്ക് ഹെലികോപ്റ്റർ വാങ്ങാനുള്ള കരാറിലും ഒപ്പുവെക്കും. അമേരിക്കൻ എംബസി സംഘടിപ്പിക്കുന്ന രണ്ടു ചടങ്ങുകളിലും രാഷ്ട്രപതി നൽകുന്ന അത്താഴവിരുന്നിലും പങ്കെടുത്ത ശേഷം രാത്രി 10-ന് യു.എസ്. പ്രസിഡന്റ് മടങ്ങും. പ്രസിഡന്റ് ട്രംപിന്റെ ആദ്യ ഇന്ത്യ സന്ദർശനമാണിത്. ഇന്ത്യയിലേക്കു മാത്രമായി ഒരു യു.എസ്. പ്രസിഡന്റ് എത്തുന്നതും ആദ്യമായാണ്. നവംബറിൽ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് ഈ സന്ദർശനമെന്നത് അമേരിക്കയുടെ ആഭ്യന്തരരാഷ്ടീയത്തിനും പ്രധാനമാണ്. ട്രംപിന്റെ സന്ദർശന പരിപാടികളുള്ള അഹമ്മദാബാദ്, ഡൽഹി, ആഗ്ര നഗരങ്ങൾ കനത്ത സുരക്ഷാ വലയത്തിലാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഞായറാഴ്ച മൊട്ടേര സ്റ്റേഡിയത്തിലെത്തി തയ്യാറെടുപ്പുകൾ വിലയിരുത്തി. Content Huighlights:Donald Trump India Visit-Namaste-Trump: US President Set For Big Welcome In India
from mathrubhumi.latestnews.rssfeed https://ift.tt/2SQqVB4
via
IFTTT