Breaking

Saturday, February 22, 2020

‘ദേ, നമ്മുടെ ഫ്രീകിക്ക് ടീമിനെ സിനിമേൽ എടുത്തു’

മലപ്പുറം: ഫ്രീകിക്കെടുത്ത് ലോകമെമ്പാടും വൈറലായ നിലമ്പൂർ പോത്തുകല്ലിലെ കുട്ടികൾക്ക് മലയാള സിനിമയിലേക്ക് ക്ഷണം. നിലമ്പൂർ പൂളപ്പാടം ജി.എൽ.പി. സ്കൂളിലെ നാലാംക്ലാസുകാരായ നാലുപേർക്കും സഹകളിക്കാർക്കുമാണ് അവസരംവന്നെത്തിയത്. എം. അസ്ലഹ്, എം.വി. പ്രത്യുഷ്, ലുഖ്മാനുൽ ഹക്കീം, ആദിൽ എന്നിവരാണ് ജനുവരി 20-ന് എടുത്ത ഫ്രീകിക്കിലൂടെ പരിചിതരായത്. ഇവരുടെ എതിർ ടീം അംഗങ്ങൾക്കും ഓഫറുണ്ട്. ഫ്രീകിക്കെടുത്ത നാലുപേരുടെയും പ്രകടനത്തെക്കുറിച്ച് മാതൃഭൂമിയിൽവന്ന വാർത്തകണ്ട മുംബൈ മലയാളിയായ നവാഗത സംവിധായകൻ കുട്ടികളെ സിനിമയിൽ അഭിനയിപ്പിക്കാൻ താത്പര്യമുണ്ടെന്ന് കായികാധ്യാപകൻ ശ്രീജു എ. ചോഴിയെ അറിയിക്കുകയായിരുന്നു. ഡിസംബറിലാണ് ചിത്രീകരണം ആരംഭിക്കുക. ഫുട്ബോളിന് പ്രാധാന്യം നൽകിയുള്ള സിനിമയിലേക്ക് ഇനിയും കുട്ടികളെ അണിയറപ്രവർത്തകർ തേടുന്നുണ്ട്. ഏപ്രിൽ, മേയ് മാസങ്ങളിൽ കേരളത്തിന്റെ വിവിധഭാഗങ്ങളിൽ ഇതിനായുള്ള തിരഞ്ഞെടുപ്പ് നടത്തും. വൈറലായ വഴി കായികാധ്യാപകനെടുത്ത വീഡിയോ ഫെയ്സ്ബുക്കിൽ പോസ്റ്റുചെയ്തതാണ് സംഭവത്തിന്റെ തുടക്കം. സ്കൂൾ മൈതാനത്തെ ഫുട്ബോളിൽ മൂന്നുപേർ കിക്കെടുക്കുന്നതുപോലെ കാണിച്ച് കബളിപ്പിച്ച് നാലാമത്തെ താരം കിക്കുചെയ്ത് ഗോളാക്കുന്നതാണ് വീഡിയോ. രണ്ടു വീഡിയോകൾ എടുത്തു. പ്രത്യുഷും അസ്ലഹുമാണ് കിക്കുകൾ എടുത്തത്. പ്രതിരോധനിരയ്ക്കു മുകളിലൂടെ ഉയർത്തിയ പന്ത് മനോഹരമായി പോസ്റ്റിനകത്താക്കി. ശ്രീജുവിന്റെ വീഡിയോകൾ കേരള ബ്ലാസ്റ്റേഴ്സ് ആരാധകക്കൂട്ടമായ 'മഞ്ഞപ്പട'യും പ്രശസ്ത സാമൂഹികമാധ്യമ പേജായ '433'-യും പങ്കുവെച്ചതോടെ സംഗതി വൈറലായി. ബാഴ്സലോണയുടെ ഇവാൻ റാക്കിട്ടിച്ച്, ഫ്രാങ്ക് ഡിജോങ്, ബയേൺ മ്യൂണിക്കിന്റെ ഫിലിപ്പ് കുട്ടീഞ്ഞ്യോ, പി.എസ്.ജി.യുടെ എയ്ഞ്ചൽ ഡി മരിയ തുടങ്ങിയവർ ഇൻസ്റ്റഗ്രാമിൽ '433'-യുടെ വീഡിയോകൾക്ക് ലൈക്കും അടിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2VacdpY
via IFTTT