തൃശ്ശൂർ: വഴിയിൽ ബസ് കാത്തുനിന്ന വൃദ്ധയെ ഒാട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയി തലയ്ക്കടിച്ച് ആഭരണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. തൊടുപുഴ കുമാരമംഗലം പഴേരിൽവീട്ടിൽ ജാഫർ (33), തൊടുപുഴ കാഞ്ഞിരമറ്റം ആലപ്പാട്ട് വീട്ടിൽ കെ.ജെ. സിന്ധു (40) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഒൻപതിന് വട്ടായി കരിമ്പത്ത് സുശീലാ ബാലനാ(70)ണ് ആക്രമണത്തിനിരയായത്. തിരൂരിൽ ബസ് കാത്തുനിൽക്കുകയായിരുന്ന ഇവരെ സ്ഥലത്ത് എത്തിക്കാമെന്നു പറഞ്ഞ് ഒാട്ടോയിൽ കയറ്റിയശേഷം ആക്രമിച്ച് മാല കവരുകയായിരുന്നു. പ്രധാനവഴിയിൽനിന്ന് ഒാട്ടോ മാറിയതോടെ സുശീല സംശയം പ്രകടിപ്പിച്ചു. എന്നാൽ, അവിടെ റോഡ് മോശമാണെന്നു പറഞ്ഞ് ശ്രദ്ധമാറ്റി. കുറാഞ്ചേരിയിലെത്തിയ ഓട്ടോ പത്താഴക്കുണ്ട് അണക്കെട്ടിന് സമീപം നിർത്തി. സുശീല ബഹളംവെച്ചതോടെ വായിൽ തുണി തിരുകി. പ്ലാസ്റ്റിക് കയറുകൊണ്ട് കഴുത്തിൽ മുറുക്കി തലയ്ക്ക് വലിയ സ്പാനർകൊണ്ട് അടിച്ച് മാല പൊട്ടിച്ചെടുത്ത് തള്ളിയിട്ടു. പത്താഴക്കുണ്ട് അണക്കെട്ടിലേക്ക് സുശീലയെ തള്ളിയിടാനായിരുന്നു പദ്ധതി. എന്നാൽ, അണക്കെട്ടിൽ വെള്ളമില്ലാത്തതിനാൽ അത് ഉപേക്ഷിച്ച് റബ്ബർത്തോട്ടത്തിൽ തള്ളിയിട്ട് കടന്നുകളയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇവർ സഞ്ചരിച്ച ഓട്ടോയിൽ പതിച്ചിരുന്ന പ്രത്യേക സ്റ്റിക്കർ സി.സി.ടി.വി. ദൃശ്യത്തിൽ കണ്ടത് പിന്തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്തിയത്. ഭാര്യാഭർത്താക്കന്മാർ ചമഞ്ഞ് ചാലക്കുടിയിൽ വാടകവീട്ടിൽ താമസിക്കുകയായിരുന്നു ജാഫറും സിന്ധുവും. തട്ടുകട നടത്തുകയാണെന്നാണ് നാട്ടുകാരോട് പറഞ്ഞിരുന്നത്. ഇവരുടെ േപരിൽ എറണാകുളം, കോട്ടയം ജില്ലകളിൽ നാല് മോഷണക്കേസുകളുണ്ട്. ഒരു മോഷണക്കേസിൽ ശിക്ഷ കഴിഞ്ഞ് രണ്ടരമാസംമുന്പാണ് ജയിലിൽനിന്നിറങ്ങിയത്. തെളിവായത് ഓട്ടോയിലെ സ്റ്റിക്കർ തൃശ്ശൂർ: വൃദ്ധയെ തലയ്ക്കടിച്ച് മാലകവർന്ന കേസിൽ നന്പർ പ്ലേറ്റ് ഇല്ലാത്ത ഓട്ടോറിക്ഷ പോകുന്നതിന്റെ സി.സി.ടി.വി. ദൃശ്യമാണ് അന്വേഷണ സംഘത്തിന് കിട്ടിയ ഏക തുമ്പ്. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഓട്ടോറിക്ഷയുടെ രണ്ട് ടോപ്പ് ലൈറ്റും ഹെഡ് ലൈറ്റിന് സമീപം ഇരുവശങ്ങളിലായി സ്റ്റിക്കറും കണ്ടെത്തി. ഒരു സ്ത്രീയുടെ വെള്ള ചെരുപ്പും കണ്ടതിനെ തുടർന്ന് ഇതിനെ ചുറ്റിപ്പറ്റിയായി അന്വേഷണം.ഈ വാഹനം മലയോരമേഖലയിൽ മാത്രം ഓടുന്നതാണെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് കോട്ടയം, ഇടുക്കി, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. എന്നാൽ, വിവരങ്ങളൊന്നും കിട്ടിയില്ല. തുടർന്ന് ഈ സ്ഥലങ്ങളിൽനിന്നും തൃശ്ശൂരിൽ വന്ന് താമസിക്കുന്നവരെക്കുറിച്ച് മൂന്ന് സ്ക്വാഡുകളായി തിരിഞ്ഞ് അന്വേഷണം തുടങ്ങി. ഈ അന്വേഷണത്തിലാണ് ചാലക്കുടിയിലെ മേലൂരിൽ പുലർച്ചെ വീട്ടിൽനിന്ന് പുറപ്പെട്ട് വൈകുന്നേരം എത്തുന്ന ഒരു സ്ത്രീയും പുരുഷനും താമസിക്കുന്നുണ്ടെന്ന് വിവരം കിട്ടിയത്. പോലീസ് രഹസ്യമായി അന്വേഷിച്ചപ്പോൾ സി.സി.ടി.വി.യിൽ കണ്ട മാതിരിയിലുള്ള ചെരുപ്പ് ആ വീട്ടിൽ കണ്ടതിനെത്തുടർന്ന് പ്രതികൾ ഇവരാണെന്ന് ഉറപ്പിച്ചു.പ്രതികൾ ഓൺലൈനിലൂടെയാണ് മേലൂരിലെ വാടകവീട് കണ്ടെത്തിയതെന്നും വ്യക്തമായി. ജാഫറിനെയും സിന്ധുവിനെയും മേലൂർ കല്ലുകുത്തിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. വെള്ളിയാഴ്ച ഒരുമണിയോടെയാണ് തെളിവെടുപ്പിനായി കൊണ്ടു വന്നത്. ഫോറൻസിക് ഉദ്യോസ്ഥരും ഇവർക്കൊപ്പമുണ്ടായിരുന്നു. തെളിവെടുപ്പ് ഒന്നര മണിക്കൂർ നീണ്ടു. കൃത്യം നടത്തുമ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ വീട്ടിൽ നിന്ന് കണ്ടെടുത്തു. പ്ലാസ്റ്റിക്ക് കയർ, തലക്കടിക്കാനുപയോഗിച്ച സ്പാനർ തുടങ്ങിയവയും കണ്ടെത്തി.
from mathrubhumi.latestnews.rssfeed https://ift.tt/2SNNYMH
via
IFTTT