ബെംഗളൂരു: 'കുമ്പളങ്ങി നൈറ്റ്സ്' മാനസിക്ക് ഏറെയിഷ്ടപ്പെട്ട സിനിമയായിരുന്നു. വെള്ളിത്തിരയിൽക്കണ്ട 'കുമ്പളങ്ങി' നേരിൽകാണുകയെന്ന മോഹം ബാക്കിനിർത്തിയാണ് മാനസി യാത്രയായത്. ക്രൈസ്റ്റ് കോളേജിൽ എം.ബി.എ.ക്ക് പ്രവേശനം ലഭിച്ചതിനാൽ ക്ലാസ് ആരംഭിക്കുന്നതിനുമുമ്പ് കേരളത്തിൽ കുടുംബസഹൃത്തുക്കൾക്കൊപ്പം അവധി ആഘോഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാനസി കേരളത്തിലേക്ക് തിരിച്ചത്. ആ യാത്ര അവിനാശിയിൽ അവസാനിച്ചു. തിരുപ്പൂരിൽനിന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വ്യാഴാഴ്ച രാത്രി 11.30-ഓടെയാണ് നാഗർഭവിയിലെ ഹിമവൻ അപ്പാർട്ട്മെന്റിലെത്തിച്ചത്. ഇടപ്പള്ളിയിലെ കുടുംബസുഹൃത്തായ വസന്തിന്റെയും ഭാര്യ ഹീരയുടെയും വീട്ടിലേക്കായിരുന്നു യാത്ര. എറണാകുളത്തെത്തിയ ശേഷം കുടുംബസുഹൃത്തുക്കൾക്കൊപ്പം വാഗമൺ, മറയൂർ തുടങ്ങിയ സ്ഥലങ്ങളിൽ പോകാനായിരുന്നു തീരുമാനം. ഒപ്പം കുമ്പളങ്ങിയിലേക്കുള്ള സ്വപ്നയാത്രയും. ഇതിനാവശ്യമായ ഒരുക്കങ്ങളെല്ലാം നടത്തി. ബുധനാഴ്ച സന്തോഷവതിയായി കേരളത്തിലേക്കുപോയ മാനസിയുടെ ചേതനയറ്റ ശരീരം വ്യാഴാഴ്ച രാത്രി ബെംഗളൂരു നാഗർഭവി കോക്കനട്ട് ഗാർഡനിലെ ഹിമവൻ അപ്പാർട്ട്മെന്റിലെത്തിച്ചപ്പോൾ കണ്ടുനിന്നവർ വിതുമ്പി. യാത്രാമൊഴിയേകാൻ ബന്ധുക്കളും സുഹൃത്തുക്കളും എത്തി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ സുമനഹള്ളി ശ്മശാനത്തിലായിരുന്നു ശവസംസ്കാരം. ബിസിനസുകാരായ മണികണ്ഠന്റെയും ബിജുവിന്റെയും ഏക മകളാണ് മാനസി. പഠിച്ചതും വളർന്നതുമെല്ലാം ബെംഗളൂരുവിലാണ്. അച്ഛന്റെ വീട് തൃശ്ശൂർ തൃക്കൂരും അമ്മയുടെ വീട് കൊടകരയിലുമാണ്. വർഷങ്ങളായി ബെംഗളൂരുവിലാണ് സ്ഥിരതാമസം. Content Highlights:coimbatore bus accident victim avinashi, traveling to kumbalangi
from mathrubhumi.latestnews.rssfeed https://ift.tt/2VbeqBJ
via
IFTTT