Breaking

Sunday, February 23, 2020

സ്പാനിലെ വിള്ളൽ പാലാരിവട്ടം മേല്പാലം പൊളിക്കാൻ മതിയായ കാരണമല്ല -ഐ.ഐ.ടി. പ്രൊഫസർ

കൊച്ചി: കോൺക്രീറ്റിൽ വിള്ളൽ ഉള്ളത് പാലാരിവട്ടം മേല്പാലം പൊളിക്കുന്നതിന് മതിയായ കാരണമല്ലെന്ന് ഡൽഹി ഐ.ഐ.ടി. അസിസ്റ്റന്റ് പ്രൊഫസറും കോൺക്രീറ്റ് വിദഗ്ധനുമായ ഗുപ്ത സുപ്രതീക് പറഞ്ഞു. ആർ.സി.സി. കോൺക്രീറ്റിങ്ങിൽ വിള്ളൽ സ്വാഭാവികമാണ്. കോർ ടെസ്റ്റിൽ ചിലതിൽ മതിയായ റിസൽട്ട് കിട്ടാത്തതും സ്പാൻ പൂർണമായി മാറ്റണമെന്നതിന് ന്യായികരണമല്ല. കോർ ടെസ്റ്റുകളെല്ലാം പരാജപ്പെട്ടാലേ പാലം പൊളിക്കുന്നത് അംഗീകരിക്കാനാകൂ -പ്രൊഫ. ഗുപ്ത സുപ്രതീക് പറഞ്ഞു. ബിൽഡേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ പാലാരിവട്ടം മേല്പാലത്തെക്കുറിച്ച് നടന്ന പ്ലീനറി സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണൽ, വെള്ളം, സിമന്റ്എന്നിവയിൽ ഏതെങ്കിലും ഒന്നിന്റെ ഗുണനിലവാരം പോലും സ്പാനുകളുടെ ബലത്തെ ബാധിക്കും. അതിനാൽത്തന്നെ കോർ ടെസ്റ്റിന്റെ ഫലം മാത്രം കണക്കിലെടുത്ത് പാലം പൊളിച്ചുപണിയാൻ തീരുമാനിക്കാനാകില്ല. പാലാരിവട്ടം മേല്പാലത്തിന്റെ തകർച്ചയിലേക്ക് നയിച്ചത് സ്പാനുകൾ തമ്മിൽ യോജിപ്പിക്കാൻ ഉപയോഗിച്ച ഡെക് കണ്ടിന്യൂയിറ്റി സംവിധാനമായിരുന്നു. അത് മാറ്റിയാൽ പ്രശ്നം പരിഹരിക്കാൻ കഴിയുമായിരുന്നു. സ്പാനുകളുടെ ബലം നിശ്ചയിക്കാനായി ഭാരപരിശോധന നടത്തണമെന്നും പ്രൊഫ്. ഗുപ്ത പറഞ്ഞു. പാലാരിവട്ടം മേല്പാലത്തിന്റെ ബലം ഉറപ്പാക്കാൻ ഭാരപരിശോധന നടത്തണമെന്ന് ബെംഗളൂർ സ്റ്റെപ്പ് കൺസൾട്ടന്റ് ഡയറക്ടർ അൻപ് തോമസ് സാമുവൽ പറഞ്ഞു. ഒരു സ്പാനിൽ ഭാരപരിശോധന നടത്താൻ രണ്ടുദിവസമേ വേണ്ടിവരികയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടനം നേരത്തെ നടത്തുന്നതിനായി ടാറിങ് തിടുക്കത്തിൽ നടത്തിയതാണ് പാലാരിവട്ടം മേൽപ്പാലത്തിന്റെ തകർച്ചയ്ക്ക് കാരണമായതെന്ന് കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വർഗ്ീസ് കണ്ണമ്പള്ളിൽ പറഞ്ഞു. സ്ട്രക്ചറൽ കൺസൾട്ടന്റ് ഡോ. അനിൽ ജോസഫ് അധ്യക്ഷനായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2wCC9Ap
via IFTTT