ആലപ്പുഴ: സ്കൂൾ വിട്ടാലുടൻ റോഡരികിൽ കപ്പലണ്ടി വിൽപ്പന. ഇടയ്ക്ക് വീണുകിട്ടുന്ന സമയത്ത് ഹോംവർക്ക് ചെയ്യലും പഠനവും. രാത്രിയാകുമ്പോൾ പട്ടിണി കിടക്കാതെ പഠിക്കാനുള്ള കാശുമായി വാടകവീട്ടിലേക്ക് മടക്കം. തടിയിലും കല്ലിലും ഗ്രാനൈറ്റിലുമെല്ലാം കംപ്യൂട്ടറിന്റെ സഹായത്തോടെ വിസ്മയം തീർക്കുന്ന തിരക്കേറിയ ഡിസൈനർ നന്ദകുമാറിന്റെ കുട്ടിക്കാലം ഇതായിരുന്നു. ഇന്ന് കേരളത്തിനകത്തും പുറത്തുമെല്ലാം നന്ദകുമാറിന്റെ ഡിസൈനിന് ആവശ്യക്കാരേറെ. തെരുവിലെ കപ്പലണ്ടി കച്ചവടക്കാരൻ കംപ്യൂട്ടർ പഠിച്ച് ഡിസൈനറും യുവസംരംഭകനുമായതിനു പിന്നിൽ ഒരു കഥയുണ്ട്. എസ്.ഡി.വി. സ്കൂളിൽ പഠിക്കുന്ന സമയത്ത് സ്കൂളിന് മുന്നിലെ റോഡിലായിരുന്നു അച്ഛൻ മുരുകനൊപ്പം നന്ദകുമാർ കപ്പലണ്ടിക്കച്ചവടം നടത്തിയിരുന്നത്. പ്ലസ്ടുവിന് ചേർന്നതോടെ പഠിക്കാൻ കൂടുതൽ കാശ് വേണമെന്നായി. അങ്ങനെ ആലപ്പുഴ കനറാ ബാങ്കിന് മുൻഭാഗത്ത് റോഡരികിൽ നന്ദകുമാർ സ്വതന്ത്രമായി കപ്പലണ്ടിക്കച്ചവടം ആരംഭിച്ചു. കപ്പലണ്ടി വാങ്ങാൻ ദിവസേന എത്തുന്നവരുടെ കൂട്ടത്തിൽ കനറാ ബാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (സി.ബി.ഐ.ഐ.ടി.)യിലെ കെ.പി. രജിത്തുമുണ്ടായിരുന്നു. പഠിക്കാനായി സ്വന്തമായി അധ്വാനിക്കുന്ന നന്ദകുമാറിനെ രജിത്തിന് ശരിക്കും ബോധിച്ചു. സി.ബി.ഐ.ഐ.ടി.യുടെ സൗജന്യ കംപ്യൂട്ടർ കോഴ്സിലേക്ക് നന്ദകുമാറിനെയും ചേർത്തു. അവിടെനിന്ന് ഡി.ടി.പി. പഠിച്ചിറങ്ങി. കാനറാ ബാങ്ക് ശാഖകളിലും എറണാകുളത്തെ ഡിസൈനിങ് സ്ഥാപനങ്ങളിലും ജോലി. ഒടുവിൽ തമിഴ്നാട്ടിലും ജോലി. അവിടെനിന്നാണ് കംപ്യൂട്ടറിലൂടെയുള്ള ഡിസൈനിങ് ശരിക്കും പഠിച്ചത്. പലയിടത്തും ജോലിചെയ്ത് ഒടുവിൽ നാലുകൊല്ലം ആലപ്പുഴ കൈചൂണ്ടിമുക്കിന് സമീപം നന്ദാ ഡിസൈൻസ് എന്ന സ്ഥാപനം തുടങ്ങി. ബാങ്ക് വായ്പ എടുത്ത് അവിടേയ്ക്ക് വേണ്ട കംപ്യൂട്ടറിൽ ഡിസൈൻ ചെയ്യാവുന്ന ആധുനിക യന്ത്രങ്ങളും വാങ്ങി. തടി, കല്ല്, ഗ്രാനൈറ്റ് എന്നിവയിലാണ് കംപ്യൂട്ടർ കൊത്തുപണി. കൂടാതെ, ഗ്രാനൈറ്റിലും തുണിയിലുമെല്ലാം ഫോട്ടോപതിപ്പിച്ചുള്ള എൻഗ്രേവിങ്ങുമുണ്ട്. 3 ഡി ലെറ്റർ മേക്കിങ്, എൽ.ഇ.ഡി. സൈൻ ബോർഡ്സ്, ഇന്റീരിയർ ഡിസൈനിങ് തുടങ്ങിയവയെല്ലാം നന്ദകുമാർ ചെയ്യും. കേരളത്തിനകത്തും പുറത്തുമായി ഇവയ്ക്ക് ആവശ്യക്കാർ ഏറെയാണ്. സിനിമയിലേക്കും ഡിസൈനുകൾ നൽകുന്നു. ഓൺലൈനായി 40 കുട്ടികൾക്ക് നന്ദകുമാർ ഡിസൈനിങ് ക്ലാസുകളും നൽകുന്നുണ്ട്. മാർക്കറ്റിങ്ങിനും സഹായത്തിനുമായി ആറുപേരും നന്ദകുമാറിനൊപ്പമുണ്ട്. മകൻ വലിയ ഡിസൈനറായെങ്കിലും അച്ഛൻ മുരുകൻ ഇപ്പോഴും കപ്പലണ്ടി കച്ചവടം നടത്തുന്നുണ്ട്. ഇതിനായി വണ്ടിയും നന്ദകുമാർ തയ്യാറാക്കി നൽകി. ഭാര്യ ലക്ഷ്മിക്കും മകൾ ശ്രീജനനി, അമ്മ ഉമാമുരുകൻ എന്നിവരോടൊപ്പം അവലൂക്കുന്ന് ശിവസദനത്തിൽ വാടകവീട്ടിലാണ് താമസം.
from mathrubhumi.latestnews.rssfeed https://ift.tt/32gCgNY
via
IFTTT