Breaking

Sunday, February 23, 2020

അങ്കമാലിയിൽ വീട് കുത്തിത്തുറന്ന് 40 പവൻ കവർന്നു

അങ്കമാലി: അങ്കമാലി വേങ്ങൂരിൽ എം.സി. റോഡിനോട് ചേർന്ന് ആളില്ലാതിരുന്ന വീട് കുത്തിത്തുറന്ന് 40 പവൻ കവർന്നു. വേങ്ങൂർ വിശ്വജ്യോതി സ്കൂളിന് സമീപം താമസിക്കുന്ന പുതുവൽ കണ്ടത്തിൽ പി.പി. തിലകന്റെ വീട് കുത്തിത്തുറന്നാണ് സ്വർണാഭരണങ്ങൾ കവർന്നത്. തിലകനും കുടുംബവും ഗുരുവായൂർ ക്ഷേത്രത്തിൽ ദീപാരാധന തൊഴാനായി പോയിരുന്ന സമയത്താണ് കവർച്ച നടന്നത്. വീടിന്റെ അടുക്കളഭാഗത്തായി ഗ്രില്ലിന്റെ വാതിൽ ഉണ്ട്. അത് പൂട്ടിയിരുന്നില്ല. അടുക്കളവാതിൽ തിക്കിത്തുറന്ന മോഷ്ടാവ്, മറ്റൊരു വാതിലും കുത്തിത്തുറന്നാണ് അകത്തു കടന്നിരിക്കുന്നത്. അലമാരകളിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നരയ്ക്കാണ് അയൽവാസികളുമൊത്ത് തിലകനും കുടംബവും കാറിൽ ക്ഷേത്രത്തിലേക്ക് പോയത്. അയൽവാസിയുടെ കാറിലായിരുന്നു യാത്ര. തിലകന്റെ ഭാര്യ ചന്ദ്രിക, മകൻ മനു, മനുവിന്റെ ഭാര്യ അഖില, മകൾ കൃഷ്ണ എന്നിവർ ക്ഷേത്രദർശനം കഴിഞ്ഞ് രാത്രി 10.45-ന് വീട്ടിൽ തിരികെയെത്തി. ഇതിനിടയിലാണ് മോഷണം നടന്നിരിക്കുന്നത്. രണ്ടുനില വീട്ടിൽ താഴത്തെ കിടപ്പുമുറിയിൽ സാധനങ്ങൾ വലിച്ചുവാരിയിട്ടിരിക്കുന്നതുകണ്ട് സംശയം തോന്നി നോക്കിയപ്പോഴാണ് അലമാരയിലെ സ്വർണം കവർന്നതായി അറിയുന്നത്. താഴത്തെ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന, ചന്ദ്രികയുടെ 15 പവനും മുകളിലത്തെ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന അഖിലയുടെയും കുട്ടിയുടെയും 25 പവൻ ആഭരണങ്ങളുമാണ് കവർന്നത്. താഴത്തെ മുറിയിലെ അലമാരയുടെ ലോക്കറിലും മുകളിലത്തെ മുറിയിലെ അലമാരയുടെ തട്ടിനടിയിലെ രഹസ്യലോക്കറിലും സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷണം പോയിരിക്കുന്നത്. വീടിന്റെ പടിഞ്ഞാറുഭാഗത്തുള്ള പറമ്പിലൂടെ കടന്ന്, മതിൽ ചാടിയാണ് മോഷ്ടാവ് വീട്ടുവളപ്പിലേക്ക് കടന്നിരിക്കുന്നതെന്നാണ് പോലീസ് നിഗമനം. വീടിന്റെ പടിഞ്ഞാറുഭാഗത്ത് ഇരുട്ടാണ്. പോലീസും സ്പെഷ്യൽ ബ്രാഞ്ചും വിരലടയാള വിദഗ്ധരും പോലീസ് നായയും വീട്ടിലെത്തി പരിശോധന നടത്തി.


from mathrubhumi.latestnews.rssfeed https://ift.tt/2VatEHb
via IFTTT