കോവളം: മറുനാടൻ തൊഴിലാളിയെ റോഡിലിട്ട് മർദിച്ച കേസിൽ ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റിൽ. വെങ്ങാനൂർ തൈവിളാകത്ത് ശിവശൈലംവീട്ടിൽ സുരേഷിനെ(47)യാണ് വിഴിഞ്ഞം പോലീസ് അറസ്റ്റു ചെയ്തത്. വിഴിഞ്ഞം മുക്കോല കിടാരക്കുഴിയിൽ താമസിക്കുന്ന പശ്ചിമബംഗാൾ സ്വദേശി ഗൗതം മണ്ഡലിനെ തലയിലും മുഖത്തുമിടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ഇയാളുടെ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ശനിയാഴ്ച സന്ധ്യയോടെ വിഴിഞ്ഞം മുക്കോല ജങ്ഷനിലായിരുന്നു സംഭവം. പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ എടുത്തപ്പോൾ ഗൗതമിന്റെ ശരീരത്തിൽ തട്ടി. ഇത് ചോദ്യം ചെയ്തതിൽ പ്രകോപിതനായ സുരേഷ്, ഗൗതമിനെ നടുറോഡിലിട്ട് മർദിക്കുകയായിരുന്നുവെന്നാണ് പരാതി. ഗൗതമിന്റെ പക്കലുണ്ടായിരുന്ന തൊഴിൽ കാർഡ് ആവശ്യപ്പെട്ടു. നൽകാൻ വിസമ്മതിച്ചതോടെ മർദനം തുടർന്നു. നാട്ടുകാരുടെ മുന്നിൽവെച്ചായിരുന്നു മർദനം.മർദിക്കുന്ന രംഗങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയവർ സമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് വിവാദമായത്. ഞായറാഴ്ച പുലർച്ചെ വിഴിഞ്ഞം എസ്.എച്ച്.ഒ. എസ്.ബി.പ്രവീണിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വൈകീട്ട് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.വധശ്രമത്തിനാണ് കേസെടുത്തതെന്ന് പോലീസ് അറിയിച്ചു. പ്രതിയെ റിമാൻഡ് ചെയ്തു. സുരേഷ് പിടിയിലായതിനു പിന്നാലെ ഇയാൾക്കെതിരേ പരാതിയുമായി മറ്റൊരാളുമെത്തി. മുക്കോല ജങ്ഷനിലുളള മൊബൈൽ കടയിൽക്കയറി മർദിച്ചുവെന്നാരോപിച്ച് കടയുടമ ബാലരാമപുരം വാണിയർ തെരുവ് സ്വദേശി മുനീറാണ് പരാതി നൽകിയത്. കഴിഞ്ഞ ഏഴിന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. സിംകാർഡ് ആവശ്യപ്പെട്ടെത്തിയതായിരുന്നു സുരേഷ്.പള്ളിയിൽ പോകുന്നതിനാൽ അരമണിക്കൂർ കഴിഞ്ഞ് വരാൻ പറഞ്ഞതിൽ പ്രകോപിതനായി മർദിക്കുകയായിരുന്നുവെന്നാണ് പരാതി.
from mathrubhumi.latestnews.rssfeed https://ift.tt/39XcK2Q
via
IFTTT