വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുന്നതിനുള്ള കുടിശ്ശിക ഇല്ലാരേഖ (നോ ഡ്യൂസ് സർട്ടിഫിക്കറ്റ്) ഓൺലൈനിൽ കിട്ടുമെങ്കിലും രേഖ കൈയോടെ വേണമെന്ന് മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ. കംപ്യൂട്ടർവത്കരണവും ഓൺലൈൻ സംവിധാനവും ഏർപ്പെടുത്തുമ്പോഴാണ് ഓൺലൈനിൽ കിട്ടുന്ന രേഖയിൽ വിശ്വാസമില്ലെന്നുപറഞ്ഞ് വാഹന ഉടമകളെ നെട്ടോട്ടമോടിക്കുന്നത്. വാഹൻ സംവിധാനം അനുസരിച്ച് വാഹനം വിൽക്കുന്നയാളാണ് ഉടമസ്ഥാവകാശ കൈമാറ്റ അപേക്ഷ നൽകേണ്ടത്. വാഹനത്തിന് പിഴയോ മറ്റ് കുടിശ്ശികയോ ഇല്ലെങ്കിൽ വാങ്ങുന്നയാളിന്റെ മേൽവിലാസ പരിധിയിലുള്ള ഓഫീസിലേക്ക് വാഹനത്തിന്റെ ഡേറ്റാ ഓൺലൈനായി കെമാറും. പുതിയ ഉടമയ്ക്ക് തന്റെ താമസസ്ഥലത്തെ ഓഫീസിൽനിന്ന് പുതിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും. ഇതിലെ നോ ഡ്യൂസ് സർട്ടിഫിക്കറ്റിന്റെ പകർപ്പ് വാഹനം വാങ്ങുന്നയാൾ ഹാജരാക്കണമെന്ന നിബന്ധനയാണ് വാഹന ഉടമകളെ വലയ്ക്കുന്നത്. കുടിശ്ശിക ഇല്ലെങ്കിൽ മാത്രമേ ഒരു ഓഫീസിൽനിന്നുള്ള ഡേറ്റ മറ്റൊരോഫീസിലേക്ക് മാറ്റാനാകൂ. ഒറ്റക്ലിക്കിൽ ഓൺലെനിൽ ലഭിക്കുന്ന സർട്ടിഫിക്കറ്റിന്റെ അസൽ പകർപ്പ് ലഭിക്കാൻ പലതവണ ഓഫീസിൽ കയറിയിറങ്ങേണ്ടിവരും. ഇതിന് തയാറാകാത്തവർ ഇടനിലക്കാരെ ഏൽപ്പിക്കും. ചില ഏജന്റുമാർ വിചാരിച്ചാൽ അന്നുതന്നെ സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്യും. ഉടമസ്ഥാവകാശ കൈമാറ്റത്തിന്റെ സാധുത ഓൺലൈനിലൂടെ പരിശോധിക്കാമെന്നിരിക്കെ, എന്തിനാണ് രേഖ ആവശ്യപ്പെടുന്നതെന്ന് വാഹന ഉടമകൾ ചോദിക്കുന്നു. നടപടിക്രമങ്ങളുടെ ഭാഗമാണിതെന്ന് ജീവനക്കാർ വിശദീകരിക്കുന്നു. ഓൺലൈൻ നടപടികൾ പരിഷ്കരിച്ച് ട്രാൻസ്പോർട്ട് കമ്മിഷണർ കഴിഞ്ഞ ദിവസമിറക്കിയ സർക്കുലറിലും നോ ഡ്യൂസ് സർട്ടിഫിക്കറ്റ് സംബന്ധിച്ച് നിർദേശമില്ല. Content Highlights:Vehicle Ownership Change; Officials Demand Hard Copy Of No Due Certificate
from mathrubhumi.latestnews.rssfeed https://ift.tt/32hl8aF
via
IFTTT