ഹരിപ്പാട്: മണ്ണുവാരിയെറിഞ്ഞും ശരീരം കുലുക്കിയും കുടഞ്ഞെറിയാൻ ആന നോക്കിയതാ. എന്തും വരട്ടെയെന്ന് കരുതി പിടിച്ചിരുന്നു. ഇടയ്ക്ക് വൈദ്യുതിത്തൂൺ വലിച്ചിട്ടപ്പോൾ എല്ലാം കഴിഞ്ഞെന്ന് തോന്നി. പിന്നീട് മയക്കുവെടി വെക്കുമ്പോൾ ശ്വാസം നിന്നുപോയി. ഉന്നംതെറ്റിയാൽ എല്ലാം കഴിഞ്ഞേനേ... ഒന്നാം പാപ്പാൻ വർക്കല ആലുവിള വീട്ടിൽ കലേഷി(40)നെ അടിച്ചുകൊന്ന ആനയുടെ പുറത്ത് നാലേകാൽ മണിക്കൂറോളം ചങ്ങലയിൽ പിടിച്ചിരുന്ന രണ്ടാം പാപ്പാൻ സഞ്ജു (ബോബന്റോ തങ്കച്ചൻ-24) അവിശ്വസനീയമായ രക്ഷപ്പെടലിനെപ്പറ്റി ഓർത്തെടുക്കുകയാണ്. പള്ളിപ്പാട്ട് എഴുന്നള്ളത്തിനുശേഷം രാത്രി പത്തേകാലോടെയാണ് ഹരിപ്പാട് ക്ഷേത്രത്തിന് സമീപമെത്തിയത്. ഈ സമയം പിന്നാലെ ബൈക്കിൽ വന്നവർ കാതടപ്പിക്കുന്ന ശബ്ദത്തിൽ ഹോൺ മുഴക്കി. ആനയ്ക്കൊപ്പം നടന്നിരുന്ന കലേഷ് പെട്ടെന്ന് തിരിഞ്ഞുനോക്കി. ഇതുശ്രദ്ധിച്ച ആനയും വെട്ടിത്തിരിഞ്ഞു. പക്ഷേ, ഇതിനിടെ തുമ്പിക്കൈ തട്ടി കലേഷ് വീണുപോയി. അടുത്ത നിമിഷം ആന മുഖം അമർത്തി കലേഷിനെ ഞെരുക്കിയിട്ട് റോഡരികിലേക്ക് തള്ളിയിട്ടു. ആനപ്പുറത്തായിരുന്ന സഞ്ജുവിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. പരിക്കേറ്റ കലേഷ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മരിച്ചത്. പിന്നീട് മണിക്കൂറുകളോളം ക്ഷേത്രനടയിലെ റോഡിൽ അങ്ങോട്ടുമിങ്ങോട്ടും ആന നടക്കുകയായിരുന്നു. ചാടി രക്ഷപ്പെടാൻ ശ്രമിച്ചാൽ ആന കൊല്ലുമെന്ന് ഉറപ്പായിരുന്നു. ഉയരമുള്ള കെട്ടിടത്തിന്റെ മുകളിലേക്ക് ചാടാൻ നോക്കിയാൽ തുമ്പിക്കൈകൊണ്ട് വലിച്ചിടും. മയക്കുവെടി വെച്ച് തളയ്ക്കുന്നതുവരെ കാത്തിരിക്കാനായിരുന്നു തീരുമാനം. ആന വൈദ്യുതിത്തൂൺ തള്ളിമറിച്ചപ്പോൾ തൊട്ടടുത്താണ് വീണത്. ഇതോടെ വഴിവിളക്കുകൾ കെട്ടു. കൈയിൽ കരുതിയിരുന്ന ടോർച്ചാണ് തുണച്ചത്. ക്ഷേത്രക്കുളത്തിന് സമീപത്ത് പതിവായി തളയ്ക്കാറുള്ള പുരയിടത്തിലേക്ക് ഇരുട്ടത്താണ് ആന കയറിയത്. ടോർച്ച് തെളിച്ചാണ് മരങ്ങളിൽ തട്ടിവീഴാതെ രക്ഷപ്പെട്ടത്. ഇതിനിടെ മാവും തെങ്ങും കുത്തിമറിച്ചു. ഒരു വീടിന്റെ മേൽക്കൂരയ്ക്ക് കേടുവരുത്തി. അപ്പോഴെല്ലാം ആനപ്പുറത്ത് അള്ളിപ്പിടിച്ചിരിക്കുകയായിരുന്നു. രണ്ടുമണിയോടെയാണ് മയക്കുവെടി വെക്കുന്നത്. പിന്നെയും അരമണിക്കൂർ കഴിഞ്ഞാണ് ആനയെ തളച്ചത്. അങ്ങനെ നാലേകാൽ മണിക്കൂറിനുശേഷം താഴെയിറങ്ങുമ്പോഴും രക്ഷപ്പെട്ടെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല.- മയക്കുവെടിവെച്ച് തളച്ച ആനയ്ക്ക് വെള്ളം കൊടുത്തുകൊണ്ടാണ് സഞ്ജു പറഞ്ഞത്. കരുനാഗപ്പള്ളിയിലെ ഒരു ആനയുടെ പാപ്പാന്മാരായിരുന്ന കലേഷും സഞ്ജുവും മൂന്നുമാസം മുൻപാണ് മലപ്പുറം സ്വദേശി പരിപാടികൾക്കായി ഹരിപ്പാട്ട് കൊണ്ടുവന്നിട്ടുള്ള അപ്പു എന്ന ആനയെ പരിചരിച്ചുതുടങ്ങിയത്. ഇതിനോടകം നാല് ക്ഷേത്രങ്ങളിൽ എഴുന്നള്ളിച്ചു. ഒരിടത്തും പ്രശ്നമുണ്ടാക്കിയിട്ടില്ല. content highlights:Elephant runs amok, mahout
from mathrubhumi.latestnews.rssfeed https://ift.tt/2Tbflzi
via
IFTTT