Breaking

Saturday, February 1, 2020

പ്രോക്‌സി വോട്ട്: സംസ്ഥാന സർക്കാരും പ്രവാസികളെ പറ്റിച്ചു

മലപ്പുറം: പ്രോക്സി വോട്ട് എന്ന പ്രവാസികളുടെ കാലങ്ങളായുള്ള ആവശ്യം സംസ്ഥാന സർക്കാറും അവഗണിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ നാട്ടിലെത്താതെ ത്തന്നെ അടുത്തബന്ധുക്കൾവഴി പ്രവാസികൾക്ക് വോട്ടുചെയ്യാൻ അവസരമൊരുക്കുന്നത് (പ്രോക്സി വോട്ട്) സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ സർക്കാറിന് നിർദേശം സമർപ്പിച്ചിരുന്നു. 2019 ജൂൺ ഒന്നിന് തദ്ദേശ സ്വയംഭരണ വകുപ്പിനാണ് റിപ്പോർട്ട് കൈമാറിയത്. പോളിങ് സ്റ്റേഷനുകളിൽ നേരിട്ടെത്തി വോട്ട്ചെയ്യണമെന്ന കേരള പഞ്ചായത്ത് രാജ് ആക്ടിൽ ഭേദഗതിവരുത്തി പ്രോക്സിവോട്ട് അനുവദിക്കാമെന്നായിരുന്നു നിർദേശം. പ്രവാസികൾക്ക് വിദേശത്ത് നിന്നുതന്നെ വോട്ടർപട്ടികയിൽ പേരുചേർക്കാൻ ഇപ്പോൾ അവസരമുണ്ട്. അതിനൊപ്പം തിരഞ്ഞെടുപ്പ് ഓഫീസർക്ക് അധികാരപത്രം കൊടുത്ത് അടുത്തബന്ധുവിനെ വോട്ടുചെയ്യാൻ ചുമതലപ്പെടുത്താമെന്നായിരുന്നു നിർദേശം. പ്രവാസികളിൽനിന്നുള്ള നിരന്തര ആവശ്യം പരിഗണിച്ചും പ്രതിരോധ മേഖലയിലുള്ളവർക്ക് ദേശീയതലത്തിൽ പ്രോക്സിവോട്ട് അനുവദിച്ചതിന്റെ ചുവടുപിടിച്ചുമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ സർക്കാറിന് നിർദേശം സമർപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തീരാജ് ആക്ടിൽ ഭേദഗതിവരുത്തി നിയമസഭ പാസാക്കിയിരുന്നെങ്കിൽ ഈവർഷം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രോക്സി വോട്ട് യാഥാർത്ഥ്യമാകുമായിരുന്നു. എന്നാൽ, എട്ടുമാസം സമയം കിട്ടിയിട്ടും നടപടിയുണ്ടായില്ല. ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകളിൽ പ്രോക്സി വോട്ട് അനുവദിക്കുന്നതിലുള്ള നിയമപ്രശ്നങ്ങൾ കേന്ദ്ര സർക്കാർ ഇനിയും തീർപ്പാക്കിയിട്ടില്ല. അതിനിടെ തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രോക്സി വോട്ട് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി മാതൃകയാകാനുള്ള അവസരമാണ് കേരളം പാഴാക്കിയത്. പ്രോക്സി വോട്ട് സംബന്ധിച്ച നിർദേശം തന്റെ മുന്നിലെത്തിയിട്ടില്ലെന്നും ഇക്കാര്യം പരിശോധിക്കുമെന്നും തദ്ദേശമന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. പ്രവാസികൾ 22.72 ലക്ഷം; വോട്ടർപട്ടികയിൽ 457 മാത്രം സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിന്റെ റിപ്പോർട്ട് പ്രകാരം 22.71 ലക്ഷം പ്രവാസി മലയാളികളുണ്ട്. ഇതിൽ വളരെ കുറച്ചുപേർ മാത്രമാണ് വോട്ടർപട്ടിയിൽ ഇടംനേടുന്നത്. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് തദ്ദേശ തിരഞ്ഞെടുപ്പിലാണ് പ്രവാസി വോട്ടർമാർ കുറവ്. 2015- ലെ തദ്ദേശ തിരഞ്ഞെടുപ്പിനായി 457 പ്രവാസികൾ മാത്രമാണ് രജിസ്റ്റർചെയ്തത്. ഇത്തവണ വോട്ടുചെയ്യണമെങ്കിൽ വീണ്ടും പേരുചേർത്ത് നേരിട്ട് ബൂത്തിലെത്തണം.


from mathrubhumi.latestnews.rssfeed https://ift.tt/31iPmKa
via IFTTT