Breaking

Saturday, February 1, 2020

ഗവർണറെ പിണക്കാൻ സർക്കാരില്ല; കുരുക്കാനൊരുങ്ങി പ്രതിപക്ഷം

തിരുവനന്തപുരം: ഗവർണറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെടുന്ന പ്രതിപക്ഷപ്രമേയത്തെ അംഗീകരിക്കുന്നത് നയതന്ത്ര വീഴ്ചയാകുമെന്ന് സർക്കാരിന്റെ കണക്കുകൂട്ടൽ. നയപ്രഖ്യാപനത്തിലൂടെ സർക്കാരും ഗവർണറും അനുരഞ്ജനപാതയിലെത്തിയതാണ്. ഗവർണറെ പിണക്കുന്നതിന് ഇനി സർക്കാരായി വഴിയൊരുക്കാതിരിക്കുകയെന്ന ജാഗ്രതയാണ് പ്രമേയത്തിന് അനുമതി നിഷേധിച്ചുള്ള തീരുമാനത്തിന് പിന്നിൽ. അതേസമയം, ഗവർണർക്കുവേണ്ടി വാദിക്കുന്നവരായി ഭരണപക്ഷത്തെ മാറ്റുകയെന്ന രാഷ്ട്രീയതന്ത്രമാണ് പ്രതിപക്ഷത്തിന്റേത്. ഇതിനുള്ള കൗശലമായിരിക്കും സഭാതലത്തിൽ ഇനി പ്രതിപക്ഷം പ്രകടിപ്പിക്കുക. പ്രതിപക്ഷനേതാവ് നൽകിയ പ്രമേയത്തിന് അനുമതി നിഷേധിക്കാൻ ചട്ടപ്രകാരം വ്യവസ്ഥയില്ല. ഇതാണ് സ്പീക്കർക്ക് വിലക്കാൻ കഴിയാതിരുന്നത്. അവസരം ആയുധമാക്കാൻ പ്രതിപക്ഷനേതാവ് ഒരുപടികൂടി കടന്ന് ഇടപെടുകയും ചെയ്തു. സമയം നിശ്ചയിക്കാത്ത അജണ്ടയിലുൾപ്പെടുത്തി പ്രമേയം പ്രസിദ്ധീകരിക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടത് അതുകൊണ്ടാണ്. അതും സ്പീക്കർ അംഗീകരിച്ചു. ഇതോടെയാണ് പ്രതിരോധം തീർക്കേണ്ട ബാധ്യത സർക്കാരിന്റെ കളത്തിലേക്ക് മാറിയത്. ഗവർണർക്കെതിരേ കേരളനിയമസഭയിൽ മുമ്പ് പ്രമേയം കൊണ്ടുവന്നത് ഇ.എം.എസ്. ആണെന്നതിനാൽ സർക്കാരിനോ എൽ.ഡി.എഫിനോ ഇതിനെ രാഷ്ട്രീയമായി ചോദ്യംചെയ്യാനാകില്ല. പൗരത്വനിയമ ഭേദഗതിക്കെതിരേ നിയമസഭ ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തിന്റെ 'ക്രെഡിറ്റ്' സർക്കാരിനാണ് കൂടുതൽ. ആ പ്രമേയമാണ് ഗവർണറെ സർക്കാരിനെതിരാക്കിയതും. എന്നാൽ ഇവിടെ ഗവർണർക്കെതിരേയാണ് പ്രമേയം. അതുണ്ടാക്കുന്ന അസ്വാരസ്യം സർക്കാരിനും രാഷ്ട്രീയനേട്ടം പ്രതിപക്ഷത്തിനുമാകും. പ്രതിപക്ഷ നീക്കത്തിലെ ഈ രാഷ്ട്രീയകൗശലം തിരിച്ചറിഞ്ഞാണ് സർക്കാരിന്റെ ഇപ്പോഴത്തെ നീക്കം. നിയമസഭയുടെ കാര്യോപദേശ സമിതിയിലാണ് ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയം അവതരിപ്പിക്കുന്നതിന് സമയം നൽകേണ്ടതില്ലെന്ന തീരുമാനമെടുത്തത്. കാര്യോപദേശ സമിതി തീരുമാനങ്ങൾ മുഖ്യമന്ത്രി തിങ്കളാഴ്ച സഭയിൽ റിപ്പോർട്ട് ചെയ്യും. ഈ ഘട്ടത്തിൽ പ്രമേയ അവതരണത്തിന് സമയം നൽകണമെന്ന കാര്യം വീണ്ടും കാര്യോപദേശ സമിതി ചർച്ചചെയ്യണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെടും. അതിനുള്ള ന്യായീകരണം നിരത്താൻ അദ്ദേഹത്തിന് സ്പീക്കർ അനുമതി നൽകേണ്ടതായും വരും. പ്രതിപക്ഷനേതാവിന്റെ ആവശ്യം വോട്ടിനിടുകയെന്ന തീരുമാനം മാത്രമാകും സ്പീക്കർക്ക് മുന്നിലുണ്ടാകുക. അങ്ങനെ തീരുമാനിച്ചാൽ പ്രമേയത്തെ എതിർത്ത് ഭരണപക്ഷത്തിന് വോട്ടുചെയ്യേണ്ടിവരും. സഭയിലെ ഭൂരിപക്ഷമനുസരിച്ച് പ്രതിപക്ഷ ആവശ്യം പരാജയപ്പെടുമെങ്കിലും ഗവർണർക്കുവേണ്ടി വാദിക്കുന്നവരായി ഭരണപക്ഷത്തെ ചിത്രീകരിക്കാൻ പ്രതിപക്ഷത്തിനാകും. അത് സഭാരേഖയിലുമുണ്ടാകും. Content Highlights:governor arif mohammed khan-kerala government


from mathrubhumi.latestnews.rssfeed https://ift.tt/36LN3Ab
via IFTTT