Breaking

Saturday, February 1, 2020

മോഷ്ടിച്ചത് മറ്റൊരാള്‍; ചെയ്യാത്ത കുറ്റത്തിന് രമേശ് ജയിലില്‍ക്കിടന്നത് 47 ദിവസം

മാവേലിക്കര: മാലമോഷണക്കേസിൽ 47 ദിവസം ജയിലിൽ കഴിയേണ്ടിവന്ന ആൾ നിരപരാധിയാണെന്ന് മൊഴി. പക്ഷേ, അപ്പോഴേക്കും ജോലിയും വീടും നഷ്ടപ്പെട്ട കുറ്റാരോപിതൻ തെരുവിലായി. കസ്റ്റഡിയിലിരിക്കെ ഏറ്റ ക്രൂരമർദനത്തിന്റെയും നാട്ടുകാർക്കുമുൻപിൽ കള്ളനാകേണ്ടിവന്നതിന്റെ വേദനയുമായി കടത്തിണ്ണയിൽ കഴിയുകയാണ് 59 കാരനായ ചെട്ടികുളങ്ങര കൈത തെക്ക് മങ്ങാട്ടേത്ത് കളയ്ക്കൽ ജി.രമേശ് കുമാർ. സ്ഥലവാസിയായ പുളിമൂട്ടിൽ കാർത്ത്യായനിയുടെ മാലപൊട്ടിച്ച കേസിലാണ് രമേശ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ, മാലപൊട്ടിച്ചത് താനാണെന്ന് മറ്റൊരു മോഷണക്കേസിൽ അറസ്റ്റിലായ കായംകുളം മേനാമ്പള്ളി സ്വദേശി നിധിൻ (32) കഴിഞ്ഞ ദിവസം ഏറ്റുപറഞ്ഞു. നവംബർ 12-ന് പുലർച്ചേയായിരുന്നു സംഭവം. മാലപൊട്ടിച്ച ആൾ രമേശ്കുമാറിന്റെ വീട്ടിലേക്ക് ഓടിക്കയറിയെന്ന കാർത്ത്യായനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രമേശ് കുമാറിനെ അറസ്റ്റ് ചെയ്ത് റിമാൻഡിൽ വിട്ടത്. 47 ദിവസം കഴിഞ്ഞാണ് ജാമ്യം ലഭിച്ചത്. തന്റെ പേരിൽ നാളിതുവരെ ഒരു പെറ്റിക്കേസുപോലുമുണ്ടായിട്ടില്ലെന്ന് രമേശ് കുമാർ പറയുന്നു. നല്ലനിലയിലാണ് കഴിഞ്ഞിരുന്നത്. മോഷണക്കേസിൽപ്പെട്ടതോടെ വീട്ടുകാർ കൈയൊഴിഞ്ഞു. കായംകുളം ചെറിയ പത്തിയൂരിലെ സ്വകാര്യ സ്കൂളിലെ ഡ്രൈവർ ജോലിയും പോയി. മോഷണക്കേസിലെ പ്രതിയായതിനാൽ ജാമ്യത്തിലറങ്ങിയിട്ടും ആരും സഹകരിച്ചില്ല. മാലപൊട്ടിച്ച ആൾ കുറ്റം ഏറ്റുപറഞ്ഞെങ്കിലും രമേശ് കുമാറിനെതിരേ മൊഴിയുണ്ടെന്നാണ് പോലീസ് ഇപ്പോഴും പറയുന്നത്. വയോധികയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രമേശ് കുമാറിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും പോലീസ് പറയുന്നു. ഇതേപ്പറ്റി കൂടുതൽ വിശദീകരിക്കാൻ മാവേലിക്കര പോലീസ് തയ്യാറാകുന്നില്ല. രമേശ് കുമാറിനെ അറസ്റ്റ് ചെയ്ത എസ്.ഐ. സ്ഥലം മാറിപ്പോയി. 'കസ്റ്റഡിയിലെടുത്തശേഷം മാവേലിക്കര പോലീസ് ക്രൂരമായി മർദിച്ചു. മാല മോഷ്ടിച്ചത് താനാണെന്ന് സമ്മതിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മർദനം. ജീവൻ പോയാലും സമ്മതിക്കില്ലെന്ന് പറഞ്ഞപ്പോൾ ഇടിയുടെ ശക്തിയും കൂടി. മർദിച്ചത് കോടതിയിൽ പറഞ്ഞാൽ കസ്റ്റഡിയിൽ വാങ്ങുമ്പോൾ കാണിച്ചുതരുമെന്ന് പോലീസുകാർ ഭീഷണിപ്പെടുത്തി. ഇതിനാൽ മജിസ്ട്രേറ്റ് ചോദിച്ചപ്പോൾ ദേഹോപദ്രവം ഉണ്ടായില്ലെന്നാണ് പറഞ്ഞത്. മുഖ്യമന്ത്രി, ഡി.ജി.പി., പോലീസ് കംപ്ലയിന്റ് അതോറിറ്റി, മനുഷ്യാവകാശ കമ്മിഷൻ എന്നിവരെ സമീപിച്ച് എനിക്കുനേരിടേണ്ടിവന്നിരിക്കുന്ന ദുരന്തത്തെപ്പറ്റി അറിയിക്കും' -രമേശ്കുമാർ പറഞ്ഞു. എന്നാൽ, തൻറെ മാല പൊട്ടിച്ചത് ഇപ്പോൾ അറസ്റ്റിലായ ആളല്ലെന്ന് കാർത്ത്യായനി പറയുന്നു. Content Highlights:ramesh kumar innocent man arrested andspent judicial custody for 47 days, theft case kerala, Injustice


from mathrubhumi.latestnews.rssfeed https://ift.tt/2uPrQbo
via IFTTT