Breaking

Thursday, July 4, 2019

യജമാനൻ മുങ്ങി: ‘ടി കക്ഷികൾ’ കുടുങ്ങി

തിരുവനന്തപുരം: യജമാനന് ഒരുപകാരം ചെയ്യാൻ ചാടിയിറങ്ങിയതാണ് ഈ 14 പേർ; കേസിൽപ്പെടുമെന്ന് കരുതിയതേയില്ല. ജപ്തി നോട്ടീസ് പതിക്കാനെത്തിയ ബാങ്ക് ജീവനക്കാരെ വിരട്ടിയോടിച്ച് കോടതിനടപടി തടസ്സപ്പെടുത്തിയ കേസിലെ 'പ്രതികളാണ്' ഇപ്പോൾ ഈ 14 നായ്ക്കൾ. ജപ്തിനോട്ടീസുമായി പലതവണയെത്തിയ ബാങ്ക് ജീവനക്കാരെ വീടിന്റെ മതിലിനിപ്പുറം കടക്കാനനുവദിക്കാതെ അപകടകാരികളായ നായകൾ ആക്രമിച്ചതോടെ ബാങ്കുകാരും തിരിഞ്ഞോടി. ഒടുവിൽ ബാങ്ക് അധികൃതർ കോടതി ഉത്തരവുമായെത്തി ഈ ശ്വാനപ്പടയെ പിടിച്ചുകൊണ്ടുപോയി. എന്നാൽ നായ്ക്കളെ പോറ്റാനുള്ള ചെലവും വഹിക്കേണ്ടിവന്നതോടെ അങ്കലാപ്പിലായിരിക്കുകയാണ് ബാങ്ക്. ബാങ്കിന്റെ സ്റ്റാച്യുശാഖയാണ് 'ശ്വാനവാൽ' പിടിച്ചത്. നെടുമങ്ങാട് ചുള്ളിമാനൂർ സ്വദേശിയായ അനിൽകുമാറാണ് വസ്തു പണയപ്പെടുത്തി 80 ലക്ഷം രൂപ വായ്പയെടുത്ത് അടയ്ക്കാതിരുന്നത്. ഒടുവിൽ ജപ്തി നടപടികളിലേക്ക് കടക്കാതെ തരമില്ലെന്നായപ്പോൾ ബാങ്ക് നിയമാനുസൃത വഴിതേടി. അധികൃതർ സ്ഥലത്തെത്തുമ്പോൾ ഉടമ നായ്ക്കളെ തുറന്നുവിട്ട് ഇവരെ വിരട്ടി ഓടിക്കുക പതിവായി. അഡ്വക്കേറ്റ് കമ്മിഷണറും ബാങ്ക് ഉദ്യോഗസ്ഥരും പലതവണ പോയി കുരകേട്ട് മടങ്ങി. ഒടുവിൽ കാര്യങ്ങൾ കോടതിയെ അറിയിച്ചു. നായപിടിത്തക്കാരെക്കൊണ്ട് 'ടി കക്ഷികളെ' പിടിക്കാൻ കോടതിയിൽനിന്ന് വിധി നേടി. അങ്ങനെ യജമാനനെ സേവിച്ച 14 നായ്ക്കളെയും ബാങ്കിന്റെ ചെലവിൽ പിടികൂടിയശേഷമാണ് നോട്ടീസ് പതിക്കാനായത്. 'യജമാനൻ' അപ്പോഴേക്കും ഒളിവിൽപ്പോവുകയും ചെയ്തു. എന്നാൽ തലവേദന തീർന്നില്ല. ശ്വാനപ്പടയെ പിടിച്ച് അഞ്ചുദിവസം പോറ്റിയപ്പോൾതന്നെ ബാങ്കിന് 30,000 രൂപ ചെലവായി. നഗരത്തിലെ നായസംരക്ഷണകേന്ദ്രത്തിൽ സുഭിക്ഷമായി കഴിയുകയാണിവർ. നന്നായി പരിപാലിച്ച് വളർത്തിയിരുന്ന നായ്ക്കൾക്ക് ഒരുകുറവും വരുത്തരുതെന്ന് കോടതി പറഞ്ഞിട്ടുണ്ട്. ചെലവ് കൂടുന്നതോടെ യജമാനനെ അറിയിക്കാനായി ബാങ്ക് പത്രപരസ്യം കൊടുത്തു. തത്കാലം, ഇതുവരെ ചെലവായ തുകയടച്ച് നായ്ക്കളെ തിരികെ കൊണ്ടുപോകണമെന്നും ഇല്ലാത്തപക്ഷം ഇവയെ ഒരറിയിപ്പും കൂടാതെ വിൽപ്പന നടത്തുമെന്നുമായിരുന്നു പരസ്യം. ചുള്ളിമാനൂരിലെ വീടുവിട്ട അനിൽകുമാർ നഗരത്തിൽ താമസിക്കുന്നതായി വിവരം ലഭിച്ചെങ്കിലും ആളെ കണ്ടെത്താനായിട്ടില്ല. പത്രപരസ്യം കണ്ട് യജമാനൻ മടങ്ങിവരുമോയെന്ന് കാത്തിരിക്കുകയാണ് അധികൃതർ. content highlights:dogs,banks,chullimanoor anilkumar


from mathrubhumi.latestnews.rssfeed https://ift.tt/3260J87
via IFTTT