കൊച്ചി: രാത്രിഷിഫ്റ്റിൽ ജോലിചെയ്യുന്നില്ലെന്ന പേരിൽ ജീവനക്കാരികൾക്ക് സ്ഥാനക്കയറ്റമോ സീനിയോറിറ്റിയോ നിഷേധിക്കരുതെന്ന് ഹൈക്കോടതി. തൃശ്ശൂർ പുല്ലഴിയിൽ നാഷണൽ ടെക്സ്റ്റൈൽസ് കോർപ്പറേഷനുകീഴിലുള്ള കേരള ലക്ഷ്മി മിൽസിലെ ഒരുകൂട്ടം ജീവനക്കാരുടെ ഹർജിയിലാണ് ജസ്റ്റിസ് എസ്.വി. ഭട്ടിയുടെ ഈ ഉത്തരവ്. നാഷണൽ ടെക്സ്റ്റൈൽസ് കോർപ്പറേഷൻ, കേരള ലക്ഷ്മി മിൽസ്, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഇൻസ്പെക്ടർ എന്നിവരാണ് ഹർജിയിലെ എതിർകക്ഷികൾ. രാത്രി ഷിഫ്റ്റ് ചെയ്യുന്നവർക്ക് സീനിയോറിറ്റിയിലും സ്ഥാനക്കയറ്റത്തിലും മുൻഗണനയുണ്ടാകുമെന്നുകാണിച്ച് മാനേജ്മെന്റ് നൽകിയ നോട്ടീസിനെയാണ് ഹർജിക്കാർ ചോദ്യംചെയ്തത്. സീനിയോറിറ്റിയും സ്ഥാനക്കയറ്റവും എൻ.ടി.സി. സർവീസ് ചട്ടപ്രകാരമാണ് നിശ്ചയിക്കേണ്ടതെന്നും രാത്രി ജോലിചെയ്യലുമായി അതിനെ ബന്ധപ്പെടുത്തരുതെന്നും ഹർജിക്കാർ വാദിച്ചു. രാവിലെ ആറുമുതൽ വൈകീട്ട് ഏഴുവരെ ജോലി ചെയ്യാൻ തയ്യാറാണെന്നും ഹർജിക്കാർ അറിയിച്ചു. നോട്ടീസിലെ വ്യവസ്ഥയ്ക്ക് നിയമത്തിന്റെ പിൻബലമുള്ളതായി കാണാനാവില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം, സ്ഥാപനത്തിൽ അധികവും സ്ത്രീകളായതിനാൽ അവരെ തീർത്തും ഒഴിവാക്കിയാൽ രാത്രി ഷിഫ്റ്റ് പ്രവർത്തിപ്പിക്കാനാവില്ലെന്ന് ലക്ഷ്മി മിൽസ് ബോധിപ്പിച്ചു. നഷ്ടത്തിലായ സ്ഥാപനത്തിന്റെ നിലനിൽപ്പിനെ അത് ബാധിക്കും. അതിനാൽ സമ്മതം അറിയിക്കുന്ന ജീവനക്കാരികളെ രാത്രിഷിഫ്റ്റിൽ ജോലിക്ക് നിയോഗിക്കാൻ അനുവദിക്കണമെന്ന് കമ്പനി ആവശ്യപ്പെട്ടു. സന്നദ്ധത അറിയിക്കുന്ന ജീവനക്കാരികളെ ആവശ്യമായ സുരക്ഷാമുൻകരുതലോടെ രാത്രി ഷിഫ്റ്റിൽ നിയോഗിക്കാമെന്ന് കോടതി വ്യക്തമാക്കി. എന്നാൽ അത് രാത്രി ഷിഫ്റ്റിന് തയ്യാറാകാതെ പകൽ ഷിഫ്റ്റ് മാത്രം എടുക്കുന്നവരുടെ സീനിയോറിറ്റിയിയോ സ്ഥാനക്കയറ്റത്തെയോ ബാധിക്കരുതെന്നും കോടതി ഓർമിപ്പിച്ചു. content highlights:no denial of promotion to woman for not working in night shift says high court
from mathrubhumi.latestnews.rssfeed https://ift.tt/325X4XV
via
IFTTT