കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിലത്തിറങ്ങിയ എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിന്റെ പിൻഭാഗം നിലത്തുരഞ്ഞനിലയിൽ കണ്ടെത്തിയത് ആശങ്ക പരത്തി. ദമാമിൽനിന്ന് കോഴിക്കോട്ടെത്തിയ വിമാനത്തിന്റെ പിൻചിറകിനടിയിലെ ഭാഗമാണ് നിലത്തുരഞ്ഞത്. ചിറകിനടിയിൽ വിമാനത്തിന്റെ ഭാഗങ്ങൾ ചതഞ്ഞരഞ്ഞ നിലയിലാണ്. ഇതേത്തുടർന്ന് വിമാനം നിലത്തിറക്കി.തിങ്കളാഴ്ച രാവിലെ 9.20-നാണ് കോഴിക്കോട് വിമാനത്താവളത്തെ ആശങ്കയിലാഴ്ത്തിയ സംഭവം. ദമാമിൽനിന്ന് 194 യാത്രക്കാരുമായാണ് വിമാനം കോഴിക്കോട്ടെത്തിയത്. നിലത്തിറങ്ങുമ്പോൾ വിമാനത്തിന് അസാധാരണ കുലുക്കം അനുഭവപ്പെട്ടതായി പൈലറ്റ് റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വിമാനത്തിന്റെ പിൻഭാഗം നിലത്തുരഞ്ഞതായി കണ്ടെത്തിയത്.എന്നാൽ സംഭവം കോഴിക്കോട്ടുവെച്ചാണ് ഉണ്ടായതെന്ന് തീർത്തുപറയാൻ സാധിക്കില്ലെന്ന് എയർ ട്രാഫിക്ക് കൺട്രോൾ വിഭാഗം അറിയിച്ചു. ലാൻഡിങ്ങിനിടയിലും ടേക്ക് ഓഫിനിടയിലും ഇത്തരം സംഭവങ്ങൾ ഉണ്ടാകാമെന്ന് അവർ പറയുന്നു.വിമാനം നിലത്തിറങ്ങുന്നതോ പറന്നുപൊങ്ങുന്നതോ ആയ സമയത്ത് വൈമാനികർക്ക് സംഭവിക്കാവുന്ന പിഴവുകൾ ഇത്തരം ഉരസലുകൾക്ക് കാരണമാകും. റൺവേയിൽ വിമാനം ഉരസിയിറങ്ങിയിൽ തീയും പുകയും ഉണ്ടാകും എന്നാൽ വിമാനം കോഴിക്കോട്ടിറങ്ങുമ്പോൾ ഇത്തരത്തിലൊന്നും ഉണ്ടായിട്ടില്ലെന്ന് അവർ പറയുന്നു.അടുത്തദിവസങ്ങളിൽ രണ്ടാമത്തെ വൻദുരന്തത്തിൽനിന്നാണ് എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം രക്ഷപ്പെടുന്നത്. കഴിഞ്ഞദിവസം മംഗലാപുരത്ത് വിമാനം റൺവേയിൽനിന്ന് പുറത്ത് കടന്നിരുന്നു. വിമാനത്തിന്റെ ഏറ്റവും പ്രധാന ഭാഗമായ പവർ യൂണിറ്റുകൾ പിറകിലാണുള്ളത്. ഇവയ്ക്കാവശ്യമായ ഇന്ധനം സംഭരിക്കുന്നത് മിക്ക വിമാനങ്ങളിലും പിൻ ചിറകിലാണ്. ഉരസലിന്റെ ആഘാതം ഇവക്കേറ്റിരുന്നെങ്കിൽ വൻ ദുരന്തത്തിനാകും കോഴിക്കോട് സാക്ഷ്യം വഹിക്കുക.വിദഗ്ധപരിശോധനയിൽ വിമാനത്തിന്റെ തകരാർ സാരമുള്ളതല്ലെന്ന് കണ്ടെത്തി. തുടർന്ന് വിമാനം കോഴിക്കോട്ടുനിന്നും ഷാർജയിലേക്കുപോയി. സംഭവത്തെക്കുറിച്ച് എയർ ഇന്ത്യ എക്‌സ്‌പ്രസ് അന്വേഷണം നടത്തും. ഡി.ജി.സി.എ.യും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2KVcYiu
via
IFTTT