Breaking

Saturday, May 18, 2019

മോദിജിയുടെ വാര്‍ത്താസമ്മേളനം: അഥവാ ചോദ്യങ്ങള്‍ ഞാന്‍ കേള്‍ക്കും, ഉത്തരങ്ങള്‍ ഷാ'ജി' പറയും

വാർത്താസമ്മേളനം എന്നു പറഞ്ഞാൽ ഇതാണ്. അല്ലെങ്കിൽ ഇതായിരിക്കണം വാർത്താസമ്മേളനം. The Mother Of All Pressmeets (വി.കെ.എൻ. ശൈലിയിൽ പറഞ്ഞാൽ പെറ്റമ്മ സഹിക്കുകേല എന്നർത്ഥം) എന്ന് വിശേഷിപ്പിക്കപ്പെടേണ്ട ഗംഭീര സംഭവം. അഞ്ച് കൊല്ലമായി ഇന്ത്യൻ ജനത കാത്തിരുന്ന നിമിഷമാണ് വ്യാഴാഴ്ച വൈകീട്ടുണ്ടായത്. 2014 മെയ് 26-നാണ് മോദിജി അധികാരമേറ്റത്. അന്നുതൊട്ടുള്ള കാത്തിരിപ്പായിരുന്നു. ഒടുവിൽ 2019 മെയ് 17-ന് ആ ദിവ്യമുഹൂർത്തമുണ്ടായി. അനന്തരം പാനപാത്രമെടുത്ത് ശിഷ്യർക്ക് നൽകിക്കൊണ്ട് അവൻ അരുൾ ചെയ്തു: വേണ്ട, വേണ്ട, ചോദ്യമൊന്നും വേണ്ട. അടിയൻ ഒരു സാദാ സോൾജിയറാവുന്നു. അടിയന്റെ ഇഷ്ടമല്ല അവിടുത്തെ(ഷാജിയണ്ണന്റെ നേർക്ക് ആദരപൂർവ്വം വിരൽ ചൂണ്ടുന്നു) തിരുവുള്ളം നിറവേറട്ടെ. ഇത്രയും വിനീതവിധേയനായി മോദിജിയെ അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ല. 52 മിനിറ്റും 48 സെക്കന്റും നീണ്ടുനിന്ന വാർത്താസമ്മേളനം നിശ്ശബ്ദ സിനിമയെ ഓർമ്മിപ്പിച്ചു എന്നാണ് കൊൽക്കൊത്തയിൽ നിന്നിറങ്ങുന്ന ടെലിഗ്രാഫ് പത്രം എഴുതിയത്. നമ്മൾ മലയാളികൾക്ക് മോദിജിയുടെ വാർത്താസമ്മേളനം ജി. അരവിന്ദന്റെ കാഞ്ചനസീത പോലുള്ള സിനിമകളിലേക്കുള്ള തിരിച്ചുപോക്കായിരുന്നു. വല്ലപ്പോഴും മാത്രം സംസാരിക്കുന്ന രാമനായിരുന്നു അരവിന്ദന്റെ കഥാനായകൻ. കോട്ടയത്ത് ഒരു തിയേറ്ററിൽ കാഞ്ചനസീത കണ്ടുകൊണ്ടിരുന്ന അച്ചായൻ ഏറെ നേരത്തെ ഇടവേളയ്ക്കു ശേഷം നായകൻ ചുണ്ടനക്കിയപ്പോൾ അപ്പോ മിണ്ടാനൊക്കെ അറിയാമല്ലേ എന്ന് ചോദിച്ചതായി കേട്ടിട്ടുണ്ട്. തീർച്ചയായും വ്യത്യസ്തനായ മോദിജിയെയാണ് വ്യാഴാഴ്ച ലോകം കണ്ടത്. പുരുഷാരങ്ങൾക്ക് മുന്നിൽ വാക്കുകൾകൊണ്ട് അമ്മാനമാടുന്ന ആ വലിയ നേതാവിന് എന്തു പറ്റിയെന്നറിയാൻ ദേശത്തെ ഭക്തർ പാഴൂർ പടിപ്പുരയ്ക്ക് മുന്നിൽ പുലർകാലെ എത്തിയിട്ടുണ്ടെന്നാണ് വിവരം. നാൽപ്പത്തൊന്നാമത്തെ മിനിറ്റിലാണ് ആദ്യചോദ്യം മോദിജിക്ക് നേരെ വന്നത്. പ്രജ്ഞ സിങ് താക്കൂർ ഗോഡ്സെയെക്കുറിച്ച് നടത്തിയ ദേശസ്നേഹി പരാമർത്തെക്കുറിച്ചായിരുന്നു ചോദ്യം. അപ്പോഴാണ് മോദിജി സാദാ പട്ടാളക്കാരനായത്. ജനറൽ ഷായുള്ളപ്പോൾ ഒരു സാദാ പട്ടാളക്കാരൻ മറുപടി പറയുന്ന പ്രശ്നമേയില്ലെന്നാണ് മോദിജി വിനയപൂർവ്വം പറഞ്ഞത്. എന്തുകൊണ്ടാണ് മോദിജി ചൗക്കിദാറാണെന്ന കാര്യം മറന്നുപോയതെന്ന് കോൺഗ്രസ്സുകാർ ചോദിക്കുന്നുണ്ട്. ചൗക്കിദാറും സാദാ സോൾജിയറും ഒന്നാണെന്ന കാര്യംപോലും ഈ കോൺഗ്രസുകാർക്ക് അറിയില്ലെന്നു വന്നാൽ കഷ്ടമെന്നു മാത്രമേ പറയാനാവൂ. നാലു മിനിറ്റുകൾക്ക് ശേഷം അടുത്ത ചോദ്യം വന്നു. അപ്പോൾ മോദിജി കാഞ്ചനസീതയിലെ രാമനായി. സംസാരമില്ല, ആംഗ്യം മാത്രം. എല്ലാം ജനറൽ ഷാ പറയുമെന്ന ആംഗ്യം. അഞ്ചു കൊല്ലത്തെ ഭരണം അവസാനിക്കുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി മൗനിയാവുന്നതിന്റെ അർത്ഥമെന്തായിരിക്കും? എല്ലാം പാർട്ടി പ്രസിഡന്റ് പറയുമെന്ന ഒരേയൊരു ഉത്തരമാണ് മോദിജിക്ക് പറയാനുള്ളതെങ്കിൽ അത് നൽകുന്ന സന്ദേശമെന്താണ്? മൗനം അർത്ഥഗർഭമാണെന്നൊരു സിദ്ധാന്തം ഭാരതീയ ദാർശനികർ മുന്നോട്ടുവെച്ചിട്ടുണ്ട്. മൗനമെന്നു പറഞ്ഞാൽ ധ്യാനമാണ്. ധ്യാനത്തിലൂടെയാണ് മോക്ഷമുണ്ടാവുന്നതും അകക്കണ്ണു തുറക്കുന്നതും. പൊരുളുകളറിഞ്ഞവന്റെ മൗനമായിരുന്നു മോദിജിയുടേതെന്നാണ് നാഗ്പൂരിലെ ആശ്രമത്തിൽ തപസ്സിൽ നിന്നുണർന്ന ഒരു ഋഷിവര്യൻ പറഞ്ഞത്. എന്തു പൊരുളായിരിക്കാം മോദിജിയുടെ അകക്കണ്ണ് തുറപ്പിച്ചത്. എക്സിറ്റ് പോളുകൾ ഇന്റലിജൻസ് ബ്യൂറൊ ചോർത്തിക്കൊടുത്തിരിക്കാം എന്നാണോ ഋഷിജി ഉദ്ദേശിച്ചതെന്നറിയില്ല. മെയ് 23-ന് വരാനിരിക്കുന്ന ആ വലിയ വിധിയുടെ സാരംശം അറിഞ്ഞതിന്റെ ആഘാതത്തിലാണോ കഥാപുരുഷൻ യോഗനിദ്രയിലാണ്ടെതെന്ന് കുത്തിക്കുത്തി ചോദിച്ചെങ്കിലും നാഗ്പൂരിലെ ആ മുനിശ്രേഷ്ഠൻ വീണ്ടും ധ്യാനത്തിലേക്ക് മടങ്ങിയതിനാൽ മറുപടിയൊന്നും ലഭിച്ചില്ലെന്നാണ് സ്വലേ ഖേദപൂർവ്വം അറിയിക്കുന്നത്. മോദിജിയുടെ വിശ്വവിഖ്യാതമായ ആ 56 ഇഞ്ച് പ്രതിച്ഛായക്ക് ഇന്നലത്തെ വാർത്താസമ്മേളനം തിളക്കം കൂട്ടിയെന്ന് കടുത്ത ഭക്തർ പോലും പറയാനിടയില്ല. അപ്പോൾ പിന്നെ എന്തിനാണ് ഇങ്ങനെയൊരു സാഹസത്തിന് അദ്ദേഹം ഒരുങ്ങിയത്. അതൊരു ഹംസഗാനമായിരുന്നു എന്ന് നിരീക്ഷിക്കുന്നവരുണ്ട്. വ്യാഴാഴ്ച ബി.ജെ.പി. ആസ്ഥാനത്ത് നടത്തിയ ഷോയുടെ നായകൻ അമിത്ജിയായിരുന്നുവെന്നതിൽ സംശയമില്ല. ആരാണ് ജനറൽ ആരാണ് സോൾജിയർ എന്ന് സാക്ഷാൽ മോദിജി തന്നെ വ്യക്തമാക്കുകയും ചെയ്തു. അപ്പോൾ വരാനിരിക്കുന്നവന്റെ ജ്ഞാനസ്നാനമാണോ നമ്മൾ കണ്ടത്. വരും കാലത്തിന്റെ രക്ഷകനെ കാണൂ എന്നാണോ മോദിജി പറയാതെ പറഞ്ഞത്. റിലേയുടെ അവസാന ലാപ്പിൽ ബാറ്റൺ കൈമാറുന്ന ദൃശ്യത്തിനാണോ നമ്മൾ സാക്ഷികളായത്. അവസാന ലാപ്പിൽ വിജയത്തിലേക്ക് കുതിക്കുന്ന ഓട്ടക്കാരനെയല്ല പത്രസമ്മേളനത്തിൽ കണ്ടത്. മുഖം ക്ഷീണിതമായിരുന്നു, വാക്കുകളിൽനിന്ന് ആ ഐതിഹാസികതുല്യമായ ആവേശം ചോർന്നു പോയിരുന്നു. മനസ്സിലെ സംഘർഷങ്ങൾ മറച്ചുവെക്കാൻ ആ മുഖത്തിന് കഴിയുന്നുണ്ടായിരുന്നില്ല. ചലിയേ ധന്യവാദ്, സബ്കാ ബഹുത് ബഹുത് ധന്യവാദ് വാർത്താസമ്മേളനം അവസാനിപ്പിച്ചുകൊണ്ട് അമിത്ജി പറഞ്ഞ ഈ വാക്കുകൾ വാസ്തവത്തിൽ മോദജിയോടായിരുന്നുവെന്ന് പറഞ്ഞാൽ തള്ളിക്കളയാനാവില്ല. അത്ഭുതങ്ങൾക്കും അതിശയങ്ങൾക്കും പഞ്ഞമില്ലാത്ത ഇന്ത്യൻ രാഷ്ട്രീയത്തിൽ അച്ചേ ദിൻ കൊണ്ടുവരുന്നത് ആരായിരിക്കും? മഴക്കാറുകളില്ലാത്ത ആ തെളിഞ്ഞ ദിനത്തിൽ മോദിജിയുടെ റഡാറുകൾ എങ്ങിനെയാവും രാഹുൽജിയുടെ വിമാനങ്ങളെ നേരിടുക? മെയ് 23-ന് തിരശ്ശീല വീണ്ടുമുയരും വരെ കാത്തിരിക്കുകയല്ലാതെ നിവൃത്തിയില്ല. Content Highlights: The Great Indian War 2019, General Election 2019, Narendra Modi Press Conference, Amit Shah


from mathrubhumi.latestnews.rssfeed http://bit.ly/2w7sgax
via IFTTT