Breaking

Thursday, July 16, 2020

അമ്മേ പോയി വരാം... ഉണ്ണിക്കുട്ടന് അമ്മ വന്നു

കൊച്ചി: ഉണ്ണിക്കുട്ടനെ ഷീനയുടെ കൈകളിലേക്കു നൽകുമ്പോൾ അനിതയുടെ മിഴികൾ നിറഞ്ഞുതുളുമ്പി. 'പോറ്റമ്മ'യുടെ കൈകളിൽനിന്ന് പെറ്റമ്മയുടെ കൈകളിലേക്കു പോകുമ്പോൾ ഉണ്ണിക്കുട്ടന്റെ കുഞ്ഞിക്കൈകൾ ആദ്യം പരതിയത് ഷീനയുടെ മുഖാവരണത്തിലായിരുന്നു. അപരിചിതമായ രൂപംപോലെ മുന്നിൽ തെളിഞ്ഞ മുഖത്തെ സ്പർശിച്ച നേരത്തുതന്നെ ഉണ്ണിക്കുട്ടൻ രക്തബന്ധം തിരിച്ചറിഞ്ഞു. പൊന്നുമോനെ ഷീന ചുംബനങ്ങളാൽ പൊതിയുമ്പോൾ അരികിൽനിന്ന എൽദോസിന്റെ കൈകകൾ അവനെ തഴുകി. സ്നേഹത്തിന്റെയും വാൽസല്യത്തിന്റെയും അമ്മമനസ്സുകളുടെ ഒത്തുചേരലും യാത്രപറയലുമായിരുന്നു ബുധനാഴ്ച പകൽ നഗരമധ്യത്തിലെ ഫ്ളാറ്റ് മുറ്റത്തു തെളിഞ്ഞത്. കോവിഡ് പോസിറ്റീവായി ചികിത്സയിലായിരുന്ന എൽദോസിന്റെയും ഷീനയുടെയും ആറുമാസം പ്രായമുള്ള കുഞ്ഞ് എൽവിൻ ഒരു മാസമായി സാമൂഹിക പ്രവർത്തകയായ മേരി അനിതയ്ക്കൊപ്പമാണു കഴിഞ്ഞിരുന്നത്. ഹരിയാണയിൽ നഴ്സായി ജോലിചെയ്യുകയായിരുന്ന എൽദോസിന് അവിടെവെച്ചാണ് കോവിഡ് സ്ഥിരീകരിച്ചത്. ഷീനയ്ക്കു നാട്ടിലെത്തിയപ്പോഴാണ് കോവിഡ് പോസിറ്റീവായത്. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുമ്പോൾ കുഞ്ഞിനു കോവിഡ് ടെസ്റ്റ് നടത്തിയെങ്കിലും നെഗറ്റീവാണെന്നു കണ്ടതോടെ അമ്മയിൽനിന്നു മാറ്റാൻ നിർദേശം വന്നു. അമ്മയുടേയോ അച്ഛന്റേയോ ബന്ധുക്കൾ വന്നു കുഞ്ഞിനെ ഏറ്റെടുക്കുമെന്നു കരുതിയെങ്കിലും ആരും വന്നില്ല. അതോടെ കുഞ്ഞിനെ ഉപേക്ഷിച്ചുപോരാൻ മനസ്സുവരാതെ അവനെയും കൂട്ടി നഗരത്തിലെ ഒരു ഫ്ളാറ്റിലേക്കു മാറാൻ അനിത തീരുമാനിക്കുകയായിരുന്നു. കോവിഡ് നെഗറ്റീവ് ഫലംവന്ന് നിരീക്ഷണകാലവും കഴിഞ്ഞാണ് എൽദോസും ഷീനയും ഉണ്ണിക്കുട്ടനെ തിരികെ കൊണ്ടുപോകാൻ എത്തിയത്. ''നന്മയും വാൽസല്യവുമുള്ള അനിതയുടെ മനസ്സാണ് ഞങ്ങളുടെ കുഞ്ഞിനു കാവലായത്. കുഞ്ഞിനെ അരികിൽനിന്നു മാറ്റണമെന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ എന്തുചെയ്യണമെന്നറിയാതെ കരഞ്ഞുപോയ എന്റെ മുന്നിലേക്ക് ഒരു മാലാഖയെപ്പോലെയാണ് അനിത പ്രത്യക്ഷപ്പെട്ടത്. ഈ ജന്മം മുഴുവൻ ഞങ്ങളും ഉണ്ണിക്കുട്ടനും അനിതയോടു കടപ്പെട്ടിരിക്കുന്നു''- ഷീന പറഞ്ഞു. കളിപ്പാട്ടങ്ങളും ഉടുപ്പും മരുന്നും ബാഗിലേക്കെടുത്തു വെച്ച് ഉണ്ണിക്കുട്ടനെ യാത്രയാക്കുമ്പോൾ അനിതയുടെ മിഴികൾ നിറഞ്ഞുതുളുമ്പി. ''ഇത്രയും ദിവസം അവനെന്റെ പൊന്നുമോനായിരുന്നു. അവൻ പോകുമ്പോൾ എനിക്ക്...'' സങ്കടത്താൽ അനിതയുടെ വാക്കുകൾ ഇടറിയപ്പോൾ അരികിൽ നിന്ന ഇളയമകൾ മൗഷ്മി അമ്മയുടെ കൈകളിൽ മുറുകെപ്പിടിച്ചു. ഉണ്ണിക്കുട്ടനുമായി വീട്ടിലെത്തി അല്പനേരം കഴിഞ്ഞ് ഷീന അനിതയെ ഫോണിൽ വിളിച്ചു. ഉണ്ണിക്കുട്ടൻ വലിയ കരച്ചിലാണെന്നും വീഡിയോ കോളിൽ കാണിക്കട്ടേയെന്നും ചോദിച്ചപ്പോൾ അനിതയുടെ മറുപടി ഇതായിരുന്നു: ''വേണ്ട, അവൻ ഇപ്പോൾ എന്നെ കാണണ്ട. അവന്റെ സങ്കടം അമ്മയുടെയും അച്ഛന്റെയും സ്നേഹച്ചൂടിൽ അലിഞ്ഞ് ഇല്ലാതാകട്ടെ...'' Content Highlights: Dr Mary Anitha hand overn Unni kuttan to parents


from mathrubhumi.latestnews.rssfeed https://ift.tt/2ZzHBAi
via IFTTT