ന്യൂഡൽഹി: സച്ചിൻ പൈലറ്റ് കോൺഗ്രസിൽ വിമത നീക്കം നടത്തിയതിന് പിന്നിൽ തന്റെയും പിതാവ് ഫാറൂഖ് അബ്ദുള്ളയുടേയും മോചനവുമായി ബന്ധപ്പെടുത്തിയതിന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേലിനെതിരെ ഒമർ അബ്ദുള്ള. ബാഘേലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഒമർ അബ്ദുള്ള മുന്നറിയിപ്പ് നൽകി. ട്വിറ്ററിലൂടെയായിരുന്നു ഒമർ അബ്ദുള്ളയുടെ പ്രതികരണം. ഈ വർഷം ആദ്യം തടങ്കലിൽ നിന്ന് ഞാനും എന്റെ പിതാവും മോചിതരായത് സച്ചിൻ പൈലറ്റ് ചെയ്യുന്ന കാര്യങ്ങളോട് ബന്ധപ്പെട്ടിരിക്കുന്നു എന്ന അപകീർത്തിപരവും അടിസ്ഥാനരഹിതവുമായ ആരോപണത്തിൽ ഞാൻ അസ്വസ്ഥനാണ്. കഴിഞ്ഞതെല്ലാം കഴിഞ്ഞു, ഭൂപേഷ് ബാഘേൽ നിയമനടപടി നേരിടേണ്ടി വരുംഒമർ ട്വീറ്റ് ചെയ്തു. ഇതിന് ട്വിറ്ററിലൂടെ തന്നെ ഭൂപേഷ് ബാഘേൽ മറുപടി നൽകി. ജനാധിപത്യത്തിന്റെ ഈ ദാരുണമായ മരണത്തെ ഒരു അവസരമായി ഉപയോഗിക്കാൻ ദയവായി ശ്രമിക്കരുത്, ആരോപണമായി ഒരു ചോദ്യം മാത്രമാണ് ചോദിച്ചത്. അത് ഞങ്ങൾ വീണ്ടും ചോദിച്ചുകൊണ്ടേയിരിക്കും-ബാഘേൽ തിരിച്ചടിച്ചു. ബാഘേലിന് ട്വിറ്ററിലൂടെ തന്നെ വീണ്ടും ഒമർ അബ്ദുള്ള മറുപടി നൽകി. നിങ്ങൾക്ക് നിങ്ങളുടെ മറുപടി എന്റെ അഭിഭാഷകർക്ക് നൽകാം., ഇതാണ് ഇന്ന് കോൺഗ്രസിന് പറ്റിയിരിക്കുന്ന തെറ്റ്. നിങ്ങളെ എതിർക്കുന്നവരിൽ പോലും നിങ്ങളുടെ സുഹൃത്തുക്കൾ ആരെന്ന് നിങ്ങൾക്ക് അറിയില്ല. ഇതുകൊണ്ടാണ് നിങ്ങളുമായി ആളുകൾ ഇടയുന്നതെന്നും അദ്ദേഹം തിരിച്ചടിച്ചു ഒമർ അബ്ദുള്ളയുടെ സഹോദരി സാറയാണ് സച്ചിൻ പൈലറ്റിന്റെ ഭാര്യ. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് പിന്നാലെ ഒമർ അബ്ദുള്ളയും ഫാറൂഖ് അബ്ദുള്ളയുമടക്കമുള്ള രാഷ്ട്രീയ നേതാക്കളെ തടങ്കലിലാക്കിയിരുന്നു. ഏഴ് മാസത്തെ തടങ്കലിന് ശേഷം മാർച്ചിലാണ് ഒമർ അബ്ദുള്ളയെ മോചിപ്പിച്ചത്. ഒമർ അബ്ദുള്ളയുടേയും ഫാറൂഖ് അബ്ദുള്ളയുടേയും മോചനവും സച്ചിൻ പൈലറ്റിന്റെ വിമത നീക്കവുമായി ബന്ധമുണ്ടെന്ന തരത്തിൽ ഭൂപേഷ് ബേഘേൽ ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. മെഹബൂബ മുഫ്തിയേയും ഒമർ അബ്ദുള്ളയേയും ഒരേ വകുപ്പുകൾ ചുമത്തിയാണ് തടങ്കലിലാക്കിയത്. ഒമർ അബ്ദുള്ളയെ മാത്രം വിട്ടയച്ചതിൽ ആശ്ചര്യമുണ്ട്. സച്ചിൻ പൈലറ്റിന്റെ ഭാര്യ സഹോദരനായതു കൊണ്ടാണോ ഇതെന്നും ബാഘേൽ അഭിമുഖത്തിൽ സംശയം പ്രകടിപ്പിച്ചു. രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ സച്ചിൻ ബിജെപി നേതൃത്വവുമായി ഗൂഢാലോചന നടത്തിയെന്ന ആരോപണങ്ങൾ നിലനിൽക്കുന്നതിനിടെയായിരുന്നു ഭൂപേഷ് ബാഘേലിന്റെ പ്രസ്താവന വരുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/32Dj1A9
via
IFTTT