രൈരു നായർ ധർമടം: സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ് സഹയാത്രികനുമായ സി.രൈരു നായർ (98) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി 7.30-ഓടെ കോഴിക്കോട് സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. ധർമടം മേലൂരിൽ ജഡ്ജി ബംഗ്ലാവ് എന്നറിയപ്പെടുന്ന വസതിയിലായിരുന്നു താമസം. 1922 ഫെബ്രുവരി 10-ന് കണ്ണൂർ ജില്ലയിലെ പിണറായിയിൽ കർഷക കുടുംബത്തിൽ ജനിച്ച രൈരു നായർ വിദ്യാഭ്യാസകാലത്തുതന്നെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ ആകൃഷ്ടനായി. പതിനഞ്ചാം വയസ്സിൽ വാർധയിലെ ആശ്രമത്തിലെത്തി. ഗാന്ധിജിയും നെഹ്രുവും സുഭാഷ് ചന്ദ്ര ബോസും ഉൾപ്പെടെയുള്ള ദേശീയ സ്വാതന്ത്ര്യസമര നേതാക്കളുമായി ബന്ധപ്പെടാൻ കഴിഞ്ഞ അദ്ദേഹം 1939-ൽ നാട്ടിൽ തിരിച്ചെത്തി. തലശ്ശേരിയിലും കോഴിക്കോട്ടുമായി പഠനം തുടർന്നു. പഠനശേഷം ജ്യേഷ്ഠനും ഐ.എൻ.എ. പ്രവർത്തകനുമായിരുന്ന കെ.പി.എൻ.നായർക്കൊപ്പം മലേഷ്യയിലേക്ക് പോയി. അവിടെ ഐ.എൻ.എ.യുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരുന്നു. പിൽക്കാലത്ത് കോഴിക്കോട്ട് മലബാർ ഫാർമസി നടത്തി. കോഴിക്കോട്ടെ ജീവിതത്തിനിടയിൽ കമ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. എ.കെ.ജി.യും ഇ.എം.എസും മുതൽ മുഖ്യമന്ത്രി പിണറായി വിജയൻ വരെയുള്ള നേതാക്കളുമായും സാമൂഹിക സാഹിത്യ സാംസ്കാരിക മേഖലകളിലെ പ്രമുഖരുമായും വ്യക്തിപരമായ അടുപ്പം സൂക്ഷിച്ചു. മറ്റ് രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളുമായും സൗഹൃദം സൂക്ഷിച്ചിരുന്നു. പരേതരായ തേർളയിൽ രൈരു നായരുടെയും ചാത്തോത്ത് മാധവിയമ്മയുടെയും മകനാണ്. ഭാര്യ: നാരായണിക്കുട്ടിയമ്മ. മക്കൾ: പ്രദീപ് (മലേഷ്യ), പ്രവീണ (കോഴിക്കോട്), പ്രസന്ന (ഊട്ടി), പ്രീത (വാഷിങ്ടൺ), തനൂജ (ഓസ്ട്രേലിയ). മരുമക്കൾ: സുരേഷ് മേനോൻ (കോഴിക്കോട്), ഗിരിധരൻ (ഓസ്ട്രേലിയ), പുരുഷോത്തമൻ (വാഷിങ്ടൺ), പരേതനായ ഡേവിഡ് ഡോസൺ (വിങ് കമാൻഡർ). സഹോദരങ്ങൾ: ജാനകി, പരേതരായ കെ.പി.നാരായണൻ നായർ, കൃഷ്ണൻ, കുഞ്ഞിക്കണ്ണൻ, ലക്ഷ്മി. ശവസംസ്കാരം ശനിയാഴ്ച 12-ന് മേലൂരിലെ വീട്ടുവളപ്പിൽ. നിധിപോലെ കാത്തു, നേതാജി സമ്മാനിച്ച മൺകൂജ #ദിനകരൻ കൊമ്പിലാത്ത് നേതാജി സമ്മാനിച്ച മൺകൂജയുമായി രൈരു നായർ കണ്ണൂർ: തൊണ്ണൂറ്റി എട്ടാമത്തെ വയസ്സിലും ഓർമകൾക്ക് തളർച്ചയില്ലാത്ത വ്യക്തിയായിരുന്നു കഴിഞ്ഞദിവസം അന്തരിച്ച സി. രൈരു നായർ. ആരോടും മുഖം നോക്കാതെ സംസാരിക്കുന്ന അദ്ദേഹം നീണ്ട സുഹൃദ്വലയത്തിന്റെ ഉടമായിരുന്നു. പിണറായിയിലെ ആ വീട്ടിൽ പ്രമുഖരുടെ നിരതന്നെ -മുഖ്യമന്ത്രി പിണറായി വിജയൻ വരെ സൗഹൃദസംഭാഷണത്തിനെത്തിയിരുന്നു. നേതാജി സുഭാഷ് ചന്ദ്രബോസിനെ കാണുകയും സംസാരിക്കുകയും ചെയ്ത വ്യക്തി മാത്രമല്ല, അദ്ദേഹം നൽകിയ മനോഹരമായ മൺകൂജ ഒരു നിധിപോലെ വീട്ടിൽ സൂക്ഷിക്കുകയും ചെയ്തു രൈരു നായർ.സുഭാഷ് ചന്ദ്രബോസിനെ മാത്രമല്ല മഹാത്മാഗാന്ധി, ജവാഹർലാൽ നെഹ്രു, മുഹമ്മദലി ജിന്ന തുടങ്ങിയ ദേശീയ നേതാക്കളെ പരിചയപ്പെടാൻ അദ്ദേഹത്തിന് കഴിഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടി പിറവികൊണ്ട പിണറായിയിൽ മരിക്കുന്നതുവരെ ഇടതുപക്ഷക്കാരനായി മനസ്സിൽ പോരാട്ടം നിറച്ച വ്യക്തിയാണ് രൈരു നായർ. 16-ാമത്തെ വയസ്സിൽ ഗാന്ധിജിയെ കാണാനായി വാർധയിലേക്ക് കള്ളവണ്ടി കയറിയ പിണാറായിക്കാരനായ ബാലന്റെ മനസ്സിൽ സ്വാതന്ത്ര്യസമരത്തിന്റെ തീ തന്നെയായിരുന്നു. വാർധയ്ക്കുസമീപം മംഗൻവാഡി എന്ന സ്ഥലത്ത് ഒരുവർഷം കുടിൽവ്യവസായം പഠിച്ചു. അവിടെവെച്ചാണ് അദ്ദേഹം നേതാക്കളെ നേരിട്ട് കാണുകയും പരിചയപ്പെടുകയും ചെയ്തത്. ബാലനായ തന്റെ ദൈന്യവും കീറിയ വസ്ത്രവും കണ്ട് സുഭാഷ് ചന്ദ്രബോസ് തന്നെയുംകൂട്ടി ഒരു ഖാദിക്കടയിൽ പോയി ഇഷ്ടമുള്ള തുണി വാങ്ങാൻ പറഞ്ഞ കാര്യം രൈരു നായർ പിന്നീട് ഓർത്തെടുക്കുമായിരുന്നു. കോൺഗ്രസിന്റെ വർക്കിങ് കമ്മിറ്റി കഴിഞ്ഞ് കൊൽക്കത്തയിലേക്ക് പോകാൻ നേതാജി വാർധ റെയിൽവേ സ്റ്റേഷനിൽ നിൽക്കുന്ന സമയം. രാവിലെ എട്ടുമണി. ഒരു സ്യൂട്ട് കേസ്, ഒരു മൺകൂജ, ചെറിയ ബാഗ് ഇത്രയുമാണ് നേതാജിയുടെ കൈയിൽ. പെട്ടെന്ന് തീവണ്ടി സ്റ്റേഷനിലെത്തി. സ്യൂട്ട്കേസും ബാഗും എടുക്കുന്ന തിരക്കിൽ മൺകൂജ എടുക്കാൻ മറന്നു. അത് രൈരു നായർ എടുത്തുസൂക്ഷിച്ച് പിന്നീട് നേതാജിക്ക് തിരിച്ചുനൽകി. പക്ഷേ അദ്ദേഹം മനോഹരമായ അതിന്റെ സ്റ്റാൻഡ് മാത്രം വാങ്ങി, കൂജ രൈരു നായർക്ക് തിരിച്ചുകൊടുത്തു. നേതാജി സ്പർശിച്ച കൂജ, നേതാജി വെള്ളംകുടിച്ച കൂജ. അതിന് വിലയിടാൻ പറ്റില്ല. ഇന്നുമത് ഞാൻ നിധിപോലെ സൂക്ഷിക്കുന്നു -രൈരു നായർ ഒരിക്കൽ പറഞ്ഞു. content highlights: freedom fighter rairu nair passes away
from mathrubhumi.latestnews.rssfeed https://ift.tt/2Zz6BGx
via
IFTTT