ഫുജൈറ : നാട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ റാസൽഖൈമ വിമാനത്താവളത്തിലെ എമിഗ്രേഷൻ ക്യുവിൽ കുഴഞ്ഞു വീണു മരിച്ച പ്രവാസി മകനുവേണ്ടി കരുതിയ സമ്മാനപ്പൊതികൾ യു.എ.ഇ. കെ.എം.സി.സി. പ്രവർത്തകർ വീട്ടിലെത്തിച്ചു. പത്താംക്ലാസ് പരീക്ഷയിൽ മികച്ചവിജയം നേടിയ മകനുള്ള സമ്മാനവുമായാണ് കുറ്റ്യാടി കായക്കൊടി സ്വദേശി മഞ്ചക്കൽ പവിത്രൻ യാത്രയ്ക്കെത്തിയത്. വിധി അതിനനുവദിക്കാതെ പവിത്രൻ അന്ത്യയാത്രയായി. മകനുള്ള സമ്മാനങ്ങൾ അടങ്ങുന്ന ബാഗുകൾ യു.എ.ഇ. കെ.എം.സി.സി. പ്രവർത്തകർ ചാർട്ടർചെയ്ത മറ്റൊരു വിമാനത്തിലെ യാത്രക്കാരനായ ഹരീഷ് വഴി നാട്ടിലെത്തിക്കുകയായിരുന്നു.അജ്മാനിലെ ജൂവലറിയിൽ തൊഴിലാളിയായിരുന്നു പവിത്രൻ. കോവിഡ് വ്യാപനത്തോടെ സ്ഥാപനം പൂട്ടി. അതോടെ തൊഴിലും നഷ്ടമായി. പ്രവാസികൂട്ടായ്മ വഴിയാണ് നാട്ടിലേക്കുപോകാൻ വഴികണ്ടെത്തിയത്. പവിത്രന്റെ മരണശേഷം നടത്തിയ പരിശോധനയിൽ കോവിഡ് ഫലം പോസിറ്റീവ് ആയതോടെ യു.എ.ഇയിൽത്തന്നെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2NZloEY
via
IFTTT