ഭോപ്പാൽ: മധ്യപ്രദേശിന്റെ ചരിത്രത്തിൽ തന്നെ ഇതാദ്യമായിട്ടാണ് നിയമസഭയിൽ അംഗത്വം നേടുന്നതിന് മുമ്പ് തന്നെ 14 പേർ മന്ത്രിമാരാകുന്നത്. വ്യാഴാഴ്ച നടന്ന മധ്യപ്രദേശ് മന്ത്രിസഭാ പുന:സംഘടനയിൽ കോൺഗ്രസ് വിട്ടെത്തിയ ജ്യോതിരാദിത്യ സിന്ധ്യയുടെ അനുയായികളിൽ 12 പേരാണ് മന്ത്രിമാരായത്. മാസങ്ങളുടെ നിശബ്ദതയ്ക്കും ഊഹാപോഹങ്ങൾക്കുമൊടുവിൽ സംസ്ഥാന രാഷ്ട്രീയത്തിന്റെ മുൻ നിരയിലേക്ക് താൻ വരുന്നെന്ന് സിന്ധ്യ ഒറ്റവരിയിൽ പ്രഖ്യാപിച്ചു. കടുവ ഇപ്പോഴും ജീവിച്ചിരിക്കുന്നു കമൽനാഥും ദിഗ്വിജയ് സിങുമടക്കമുള്ള തന്റെ മുൻ സഹപ്രവർത്തകരെ ലക്ഷ്യംവച്ചുകൊണ്ട് സത്യപ്രതിജ്ഞാ ചടങ്ങിൽ സിന്ധ്യ പറഞ്ഞു. ബിജെപി ടിക്കറ്റിൽ അടുത്തിടെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സിന്ധ്യ സത്യപ്രതിജ്ഞാ ചടങ്ങിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ആഞ്ഞടിച്ചു.കമൽനാഥിൽ നിന്നോ ദിഗ് വിജയ് സിങിൽ നിന്നോ എനിക്ക് ഒരു സർട്ടിഫിക്കറ്റും ആവശ്യമില്ല. 15 മാസത്തിനുള്ളിൽ അവർ എങ്ങനെയാണ് സംസ്ഥാനത്തെ കൊള്ളയടിച്ചതെന്ന് ജനങ്ങൾക്ക് മുന്നിൽ വസ്തുതകളുണ്ട്. അനീതിക്കെതിരെ പോരാടേണ്ടത് തങ്ങളുടെ കടമയാണ്. യുദ്ധമാണെങ്കിൽ പോലും ജ്യോതിരാദിത്യ സിന്ധ്യ മുൻനിരയിലുണ്ടാകും. കഴിഞ്ഞ രണ്ടു മാസമായി ചില ആളുകൾ എന്നെ കളങ്കപ്പെടുത്താൻ ശ്രമിക്കുകയാണ്. അവരോട് പറയാൻ ആഗ്രഹമുണ്ട് ടൈഗർ അഭി സിന്ദാ ഹേ (കടുവ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്) സിന്ധ്യ പറഞ്ഞു. സിന്ധ്യ അനുയായികളായ 22 എംഎൽഎമാർ കോൺഗ്രസ് വിട്ടതോടെയാണ് കമൽനാഥ് സർക്കാർ താഴെവീണത്. രണ്ട് എംഎൽഎമാർ മരിച്ചതടക്കം മധ്യപ്രദേശിലെ 24 നിയമസഭാ സീറ്റുകളിലേക്ക് സെപ്റ്റംബറിൽ ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. ശിവ് രാജ്സിങ് ചൗഹാൻ സർക്കാരിൽ ഇന്നലെ 34 പുതിയ മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇതിൽ 11 കാബിനറ്റ് മന്ത്രിമാർ സിന്ധ്യക്കൊപ്പം കോൺഗ്രസിൽ നിന്ന് വന്നവരാണ്. കോൺഗ്രസ് വിട്ടെത്തിയ മൂന്ന് പേർ ഏപ്രിലിൽ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇതോടെ സിന്ധ്യ അനുകൂലികളായ പേർ 14 മന്ത്രിമാരായി. കമൽനാഥ് സർക്കാരിൽ ആറ് മന്ത്രിമാർ മാത്രമാണ് സിന്ധ്യ അനുകൂലികളായി ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോഴുള്ള 14 മന്ത്രിമാരേയും ഉപതിരഞ്ഞെടുപ്പിൽ വിജയിപ്പിക്കുക എന്നുള്ളതാണ് സിന്ധ്യക്കും ബിജെപിക്കും മുന്നിലുള്ള പ്രധാന വെല്ലുവിളി. ഉപതിരഞ്ഞെടുപ്പിൽ വിജയിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി സിന്ധ്യയുടെ മറുപടി ഇങ്ങനെയായിരുന്നു. എല്ലാ തിരഞ്ഞെടുപ്പുകളും ഒരു വെല്ലവിളിയാണ്. എന്നാൽ മധ്യപ്രദേശിലെ ജനങ്ങൾ ഏറെ വിവരമുള്ളവരാണ്. 15 മാസത്തെ കോൺഗ്രസ് ഭരണം എല്ലാത്തരം അഴിമതികളും വാഗ്ദാന ലംഘനങ്ങളും കണ്ടു. ഇപ്പോൾ നമുക്ക് ശിവ്രാജ് സിങ് ചൗഹാൻ നയിക്കുന്ന ഒരു സർക്കാരുണ്ട്. അദ്ദേഹം എപ്പോഴും പൊതുസേവനത്തിൽ മാത്രം വിശ്വസിക്കുന്നു. 24 സീറ്റിലും വിജയിക്കുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്. Content Highligts:"Tiger Zinda Hai", Quips Jyotiraditya Scindia After Madhya Pradesh "Win
from mathrubhumi.latestnews.rssfeed https://ift.tt/2YUmIPN
via
IFTTT