തിരുവനന്തപുരം: കോട്ടയം ജില്ലയിൽ ജനസ്വാധീനമുള്ള പാർട്ടിയാണ് കേരളാ കോൺഗ്രസ് മാണി വിഭാഗമെന്ന് മന്ത്രി ഇ.പി. ജയരാജൻ. കാനം രാജേന്ദ്രന്റേത് രാഷ്ട്രീയ നിരീക്ഷണമാണെന്നും ഇ.പി. ജയരാജൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ജോസ് കെ മാണി വിഭാഗം എൽഡിഎഫിലേക്ക് എത്തിയതുകൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടാകാൻ പോകുന്നില്ലെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം ജില്ലയെ സംബന്ധിച്ചിടത്തോളം ബഹുജന സ്വാധീനമുള്ള ഒന്നാമത്തെ രാഷ്ട്രീയപാർട്ടി കേരളാ കോൺഗ്രസ് എം ആണെന്നാണ് ഞങ്ങളുടെ വിലയിരുത്തൽ. അവർ ജനപിന്തുണയുള്ള പാർട്ടി തന്നെയാണ്. സിപിഐയ്ക്ക് ഒരു പാർട്ടി എന്നനിലയിൽ സ്വന്തം അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. ജോസ് കെ മാണി വിഭാഗം നിലപാട് വ്യക്തമാക്കുമ്പോൾ ഞങ്ങൾ സ്വാഭാവികമായും ചർച്ച ചെയ്യും. എൽഡിഎഫിലെ എല്ലാ പാർട്ടികൾക്കും അക്കാര്യത്തിൽ അഭിപ്രായമുണ്ടാകും. ഇവയെല്ലാം ചർച്ച ചെയ്ത് കേരളത്തിന്റെ വളർച്ചയ്ക്കും അഭിവൃദ്ധിക്കും അനുയോജ്യമായ നിലപാട് എൽഡിഎഫ് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓരോ ജനോപകാരപ്രദമായ പദ്ധതികളേയും തകർക്കുകയും അതിന്റെ മുന്നേറ്റത്തെ തടഞ്ഞുനിർത്തുക തുടങ്ങിയ നിലപാടുകളാണ് കേരളത്തിൽ യുഡിഎഫ് സ്വീകരിച്ചിരിക്കുന്നതെന്ന് ഇ.പി. ജയരാജൻ ആരോപിച്ചു. അവർ സ്വീകരിക്കുന്ന ഓരോ നിലപാടുകളും അവർക്കുതന്നെ എതിരായി തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ടുപോകുന്ന ഒരു മുന്നണിക്കകത്ത് സ്വാഭാവികമായും പ്രശ്നങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അതാണ് ഇപ്പോൾ യുഡിഎഫിലെ ഓരോ ഘടകകക്ഷികളെയും ബാധിക്കുന്നത്. ഇത് ഇനിയും രൂക്ഷമാകും. അതിന്റെ ഭാഗമായി ഇനിയും പ്രശ്നങ്ങൾ ഉണ്ടാകും. ഇപ്പോൾ ഒരു പാർട്ടിയെ അവർ പുറത്താക്കി. ഇനിയും ചിലപ്പോൾ ചില പാർട്ടികളെ അവർ പുറത്താക്കിയെന്നിരിക്കും. ഈ നിലയിൽ യുഡിഎഫ് ദുർബലപ്പെട്ട് കഴിഞ്ഞിരിക്കുന്നു. കേരളത്തിനെ സംബന്ധിച്ചിടത്തോളം മുന്നണി രാഷ്ട്രീയമാണ് നയിക്കുന്നത്. ഓരോ രാഷ്ട്രീയപാർട്ടികളുമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുക്കേണ്ടത്. ഇപ്പോൾ ബിജെപി പോലും എൻഡിഎ മുന്നണിയുണ്ടാക്കിയിരിക്കുകയാണ്. അവരും ഏതെങ്കിലും ഘടക പാർട്ടികളേക്കൂടി ഉണ്ടാക്കിയെടുക്കാമോയെന്ന് അന്വേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. Content Highlights:Kerala Congress M is a popular party says Minister E P Jayajajan
from mathrubhumi.latestnews.rssfeed https://ift.tt/31BxMmN
via
IFTTT