Breaking

Sunday, July 5, 2020

എസ്.എഫ്.ഐ. മുൻനേതാവിന് പത്തുകൊല്ലത്തിനുശേഷം മാർക്ക് ദാനം; ഗവർണർക്ക് പരാതി

തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലയിൽനിന്ന് 2009-ൽ എം.എ. പാസായ മുൻ എസ്.എഫ്.ഐ. വനിതാ നേതാവിന് പത്തുവർഷംകഴിഞ്ഞ് 21 മാർക്ക് ദാനമായി നൽകിയതിനെതിരേ ഗവർണർക്ക് പരാതി. സർവകലാശാലാ ചട്ടങ്ങൾക്കു വിരുദ്ധമായി മാർക്ക് നൽകിയ നടപടി റദ്ദാക്കണമെന്നും മാർക്ക് നൽകിയവർക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റിയാണ് പരാതി നൽകിയത്. കരാറടിസ്ഥാനത്തിൽ അധ്യാപികയായ മുൻ നേതാവിനാണ് മാർക്കു കൂട്ടിനൽകിയത്. 2007-2009 വർഷം സർവകലാശാലയുടെ വിമൻസ് സ്റ്റഡീസ് വകുപ്പിൽ എം.എ.ക്കാണ് ഇവർ പഠിച്ചത്. മതിയായ ഹാജരില്ലാത്ത വിദ്യാർഥികൾക്ക് ഹാജരിനുള്ള മാർക്ക് നൽകാൻ പാടില്ലെന്ന് സർവകലാശാലാ ചട്ടം വ്യക്തമാക്കുന്നു. ഈ വ്യവസ്ഥ മറികടന്ന് എല്ലാ പേപ്പറിനും മുഴുവൻ മാർക്കും നൽകണമെന്ന വിദ്യാർഥിനേതാവിന്റെ 2009-ലെ അപേക്ഷ അന്നത്തെ വി.സി. ഡോ. അൻവർ ജഹാൻ സുബേരി തള്ളി. എന്നാൽ, പുതിയ അപേക്ഷ പരിഗണിച്ച കാലിക്കറ്റ് സിൻഡിക്കേറ്റിന്റെ സ്ഥിരംസമിതി 21 മാർക്ക് അധികമായി നൽകാൻ തീരുമാനിക്കുകയായിരുന്നു. മുൻ വി.സി.യുടെ ഉത്തരവ് മറച്ചുവെച്ചാണ് അപേക്ഷയിൽ തീരുമാനമെടുത്തതെന്ന് പരാതിയിൽ ആരോപിക്കുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2C1wnuV
via IFTTT