Breaking

Saturday, July 18, 2020

കോവിഡ് ചികിത്സയ്ക്ക് പുതുതായി ഒരുക്കുന്നത് ആയിരത്തിലേറെ ആശുപത്രികൾ

കണ്ണൂർ: കോവിഡ് സമൂഹവ്യാപന സാധ്യതയേറിയതോടെ പ്രാദേശികമായി ഒരുക്കുന്നത് ആയിരത്തിലേറെ ആശുപത്രികൾ. ഓരോ പഞ്ചായത്തിലും 100 കിടക്കകളുള്ള ഒന്നുവീതവും നഗരങ്ങളിൽ ഓരോ വാർഡിലും 50 കിടക്കകളുള്ള ഒന്നുവീതവും പ്രാഥമിക ചികിത്സാകേന്ദ്രം ഒരുക്കാനാണു നിർദേശം. നഗരങ്ങളിലെ അടുത്തടുത്തുള്ള വാർഡുകളിൽ സംയുക്തമായാണ് ആശുപത്രി ഒരുക്കുക.തദ്ദേശസ്ഥാപനങ്ങൾ, പി.എച്ച്.സി.കൾ, സി.എച്ച്.സി.കൾ എന്നിവയ്ക്കടുത്തായി കണ്ടെത്തുന്ന കെട്ടിടങ്ങളിലാണ് ആശുപത്രി ഒരുക്കുക. സ്കൂളുകൾ, കോളേജുകൾ, ഓഡിറ്റോറിയങ്ങൾ തുടങ്ങിയ കെട്ടിടങ്ങളാണ് പരിഗണനയിൽ. ഓരോ കേന്ദ്രത്തിലും സ്വന്തംനിലയ്ക്കോ വാടകയ്ക്കോ ഒരു ആംബുലൻസെങ്കിലും ഉറപ്പാക്കും. വാഹനം, കട്ടിൽ, കിടക്കകൾ, വിരിപ്പുകൾ തുടങ്ങിയവ സംഭാവനയിലൂടെ സമാഹരിക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം വാർഡുകൾ, ശൗചാലയ സൗകര്യം, പരിശോധനാ മുറി, നഴ്‌സസ് റൂം, നിരീക്ഷണ മുറി, ഫാർമസി, ഭക്ഷണമുറി, സ്റ്റോർ, ഫ്രണ്ട് ഓഫീസ് സംവിധാനമൊരുക്കും. കോവിഡ് പെരുമാറ്റച്ചട്ടം അനുസരിച്ചുള്ള സുരക്ഷാ സംവിധാനത്തോടെയാണ് പ്രത്യേകം വാർഡുകളും മുറികളും സജ്ജമാക്കുക. തൊട്ടടുത്തുള്ള സർക്കാർ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറാണ് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിന്റെ ചുമതല വഹിക്കുക.പുതിയ ആശുപത്രിയുടെ നടത്തിപ്പിന് തദ്ദേശസ്ഥാപന ചെയർപേഴ്‌സന്റെ നേതൃത്വത്തിൽ മാനേജിങ് കമ്മിറ്റി രൂപവത്‌കരിക്കും. തദ്ദേശസ്ഥാപനത്തിലെ ഒരു ഉദ്യോഗസ്ഥനെ നോഡൽ ഓഫീസറായും നിയോഗിക്കും. കട്ടിൽ, കിടക്ക എന്നിവയ്ക്കും കെട്ടിട നിർമാണ-അറ്റകുറ്റപ്പണിക്കും ആവശ്യമായ തുക ദുരന്തനിവാരണ അതോറിറ്റിവഴി ലഭ്യമാക്കും. ഇതടക്കം ചെലവിനുള്ള തുക കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം മാനേജിങ് കമ്മിറ്റിയുടെ ജോയന്റ് അക്കൗണ്ടിൽ നിക്ഷേപിക്കും. 100 കിടക്കവരെ 25 ലക്ഷം, 200 കിടക്കവരെ 40 ലക്ഷം, 200-നു മുകളിൽ 60 ലക്ഷം എന്നിങ്ങനെയാണ് ആദ്യഘട്ടത്തിൽ കൈമാറുക. ഓരോ തദ്ദേശസ്ഥാപന ഓഫീസിലും കോവിഡ് പ്രാഥമികാരോഗ്യകേന്ദ്രവുമായി ബന്ധപ്പെട്ട് പ്രത്യേകം ഓഫീസും ഉണ്ടാകും.


from mathrubhumi.latestnews.rssfeed https://ift.tt/2ZEpV6r
via IFTTT