Breaking

Monday, July 20, 2020

അവകാശികളില്ലാതെ ബാങ്കിൽ കിടക്കുന്നു, ഇടമലക്കുടിക്കാരുടെ എട്ടരക്കോടി രൂപ

മൂന്നാർ: എല്ലുമുറിയെ പണിചെയ്ത് കിട്ടിയ പണം അവർ ബാങ്കിലിട്ടു. കാലങ്ങൾ കടന്നുപോയി. പലരും മൺമറഞ്ഞുപോയി. അവകാശികളാരെന്നറിയാതെ ആ പണം ഇപ്പോഴും ബാങ്കുകളിൽ കിടക്കുന്നു. ഇടമലക്കുടിയിലെ ആദിവാസികളുടെ പേരിലാണ് പ്രമുഖ ബാങ്കിന്റെ മൂന്നാർ, അടിമാലി ശാഖകളിലും മാങ്കുളം, വാൽപ്പാറ, മറയൂർ എന്നിവിടങ്ങളിലെ ചില ബാങ്കുകളിലും എട്ടരക്കോടിയോളം രൂപ കിടക്കുന്നത്. ഒരു ബാങ്കിന്റെ എ.ടി.എം. കൗണ്ടർ ഇടമലക്കുടിയിൽ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സൊസൈറ്റിക്കുടിയിൽ നടന്ന അവലോകനയോഗത്തിലാണ് ഉന്നത ഉദ്യോഗസ്ഥർ ഇക്കാര്യം വെളിപ്പെടുത്തിയത്. വർഷങ്ങൾക്കുമുമ്പ് ഇടമലക്കുടിയിൽ ജീവിച്ചിരുന്ന ആദിവാസികൾ ഏലയ്ക്കാ ഉൾപ്പെടെയുള്ള കാർഷികവിളകൾ വിറ്റുകിട്ടുന്ന പണം നിക്ഷേപിച്ചതാണിത്. ആദിവാസികളുടെ സാമ്പത്തിക അഭിവൃദ്ധിക്കും അവർക്കിടയിൽ സമ്പാദ്യശീലം വളർത്താനും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ പ്രേരണയിലാണ് ഈ നിക്ഷേപം നടന്നത്.എഴുത്തും വായനയും അറിയാത്ത ഇവർ പേരിനൊപ്പം ഇടമലക്കുടി എന്നുമാത്രമാണ് ബാങ്കുകളിൽ വിലാസം നൽകിയിരുന്നത്. വഴിയോ വാഹനസൗകര്യമോ ഇല്ലാതിരുന്നതിനാൽ ഇടമലക്കുടിയിലെത്തി അക്കൗണ്ടുടമകളെ കണ്ടെത്തുക ബാങ്ക് അധികൃതർക്ക് സാധ്യവുമല്ലായിരുന്നു. ഇപ്പോൾ സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇവിടെ ജീപ്പ് എത്തും. എന്നാൽ, മൺമറഞ്ഞുപോയ അക്കൗണ്ടുടമകളുടെ വിലാസം വ്യക്തമല്ലാത്തതിനാൽ ബന്ധുക്കളെ കണ്ടെത്തുക ബാങ്ക് അധികൃതർക്ക്‌ എളുപ്പമല്ല. തങ്ങളുടെ പൂർവികരിൽ ആർക്കെങ്കിലും ബാങ്ക് നിക്ഷേപമുണ്ടായിരുന്നോ എന്നതുസംബന്ധിച്ച് ഇവിടത്തുകാർക്ക് കാര്യമായ അറിവുമില്ല.


from mathrubhumi.latestnews.rssfeed https://ift.tt/3fOStQk
via IFTTT