Breaking

Monday, July 6, 2020

കോവിഡ്: കേരളത്തില്‍ ഒന്നും മൂടിവെച്ച് പരിഹരിക്കാന്‍ കഴിയില്ല, അനുഭവക്കുറിപ്പുമായി സനല്‍കുമാര്‍

കേരളം കോവിഡ് കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് പൊതുവേ നല്ല മതിപ്പാണെങ്കിലും യാഥാർഥ്യം അങ്ങനെ അല്ലെന്ന് മനസ്സിലായെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ. പനിയെയും മറ്റ് അസ്വസ്ഥതകളെയും തുടർന്ന് ആശുപത്രിയിൽ പോയതിനെ കുറിച്ച് ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പിലായിരുന്നു സനൽകുമാറിന്റെ പ്രതികരണം.പോസ്റ്റ് വിവാദമായതോടെ കേരളം കോവിഡ് കൈകാര്യം ചെയ്യുന്ന രീതികൾ അപ്പടി മോശമാണ് എന്ന് ആരോപിക്കാൻ ഉദ്ദേശിച്ച് എഴുതിയതായിരുന്നില്ല എന്നും അദ്ദേഹം മറ്റൊരു പോസ്റ്റിലൂടെ വിശദീകരിച്ചു. രോഗവ്യാപനം ക്രമാതീതമായി ഉണ്ടായാൽ നമ്മുടെ ആശുപത്രി സംവിധാനങ്ങൾക്ക് കൈകാര്യം ചെയ്യാൻ കഴിയാത്ത അവസ്ഥയുണ്ടാവും എന്ന തിരിച്ചറിവുണ്ടാവണം. എല്ലാ സൂചനകളും പഠനങ്ങളും പറയുന്നത് രോഗവ്യാപനം ഉണ്ടാകും എന്നു തന്നെയാണ്. അങ്ങനെ വന്നാൽ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്നതേക്കുറിച്ച് കൃത്യമായ ധാരണ വേണമെന്നും അദ്ദേഹം പറയുന്നു. ചെറിയതോതിലുള്ള രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ തന്നെ ടെസ്റ്റ് ചെയ്യണം എന്ന് പറയുകയും ടെസ്റ്റ് ചെയ്യാനുള്ള സംവിധാനങ്ങൾ കുറവായിരിക്കുകയും ടെസ്റ്റ് ചെയ്ത് ഫലം പോസിറ്റീവ് ആയാൽ എങ്ങിനെ കൈകാര്യം ചെയ്യും എന്നതിന് ഒരു സ്ട്രാറ്റജി ഇല്ലാതിരിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ടെസ്റ്റിംഗിന്റെ കാര്യത്തിൽ ഒരു ആശയക്കുഴപ്പം നിലനിൽക്കുന്നത്. ഈ ഗുരുതരമായ ആശയക്കുഴപ്പം എത്രയും പെട്ടെന്ന് മാറ്റുക എന്നതാണ് അടിയന്തിരമായി ചെയ്യേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. നൽകുമാർ ശശിധരന്റെ ഫെയ്സ്ബുക്ക് കുറിപ്പ് അഞ്ചു ദിവസമായി കടുത്ത പനിയും ശരീര വേദനയും. ആദ്യം രണ്ടുദിവസം നോക്കിയിട്ട് ദിശയിൽ അറിയിക്കാമെന്ന് കരുതി. ചുക്കുകാപ്പിയും മറ്റു നാട്ടുമരുന്നുകളും കഴിച്ഛപ്പോൾ ആദ്യ രണ്ടുദിവസം കൊണ്ട് പനി പൂർണമായും മാറി. എന്നാൽ രണ്ട് ദിവസം കഴിഞ്ഞപ്പോൾ അത് വീണ്ടും വന്നു. ഇത്തവണ കടുത്ത ശരീരവേദനയും ക്ഷീണവും ചെറിയ തലവേദനയും. എന്തായാലും ദിശയിൽ വിളിച്ചറിയിക്കാമെന്ന് കരുതി വിളിച്ചു. ട്രാവൽ ഹിസ്റ്ററിയുണ്ടോ എന്ന് അവർ ചോദിച്ചു. എനിക്ക് ഇടയ്ക്കൊരു ദിവസം ഓട്ടോറിക്ഷയിൽ യാത്രചെയ്യേണ്ടിവന്നിരുന്നു. അതിന്റെ പേരിൽ ആരെങ്കിലും വിളിച്ചോ എന്ന് ചോദിച്ചു. ഇല്ല എന്ന് പറഞ്ഞു. എന്നാൽ കുഴപ്പമില്ല. ഇസഞ്ജീവനിയിൽ കയറി ഡോക്ടറെ കാണാൻ പറഞ്ഞു. ഡോക്ടർ വൈറൽ ഫിവറിനുള്ള മരുന്നു തന്നു. ദിശയിൽ വീണ്ടും വിളിച്ച് കോവിഡ് ടെസ്റ്റ് ചെയ്യാൻ ഡോക്ടർ പറഞ്ഞതായിൽ പറയാനും പറഞ്ഞു. വീണ്ടും ദിശയിൽ വിളിച്ചു. വീണ്ടും പഴയ ചോദ്യങ്ങൾ ട്രാവൽ ഹിസ്റ്ററി ഇല്ലെങ്കിൽ കോവിഡ് അല്ല എന്ന് പറഞ്ഞു. എന്തായാലും അടുത്തുള്ള സർക്കാർ ആശുപത്രിയിലെ ഫിവർ ക്ലിനിക്കിൽ പോകാൻ പറഞ്ഞു. ഞാൻ നേരെ തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിലെ കോവിഡ് ഒപിയിൽ പോയി. പേരു കൊടുത്ത് കാത്തിരുന്നു. ഒരു ടാർപോളിൻ വലിച്ചുകെട്ടിയിട്ടുള്ളതിനു താഴെ ഏതാണ്ട് മുപ്പത് മുപ്പത്തഞ്ചോളം ആളുകൾ കാത്തിരിക്കുന്നു. ഒരാളുടെ വിവരം ശേഖരിക്കാൻ തന്നെ അരമുക്കാൽ മണിക്കൂർ എടുക്കുന്നു. എല്ലാവരും മാസ്ക് ഒക്കെ വെച്ചിട്ടുണ്ടെങ്കിലും പലരും തുപ്പാൻ മുട്ടുമ്പോൾ മാസ്ക് താഴ്ത്തി വിശാലമായി തുപ്പുന്നു, തുമ്മുന്നു. വൈകിട്ട് 7 മണിക്ക് പോയ ഞാൻ 10 മണിവരെ കാത്തിരുന്നു. പലരുടെയും പേരു വിളിക്കുമ്പോൾ അവർ ഇല്ല. കാത്തിരുന്നു മടുത്തിട്ട് തിരികെ പോയതാണ്. പത്തേകാൽ ആയപ്പോൾ ഞാൻ എന്റെ ഊഴം എപ്പൊഴായിരിക്കും എന്ന് ചോദിച്ചു. കടലാസു കെട്ടിന്റെ ഒരു കുന്ന് തുരന്ന് എന്റെ പേരു കണ്ടുപിടിച്ചിട്ട് ഒരു ഡോക്ടർ നിസഹായതയോടെ പറഞ്ഞു. 7 മണീക്ക് വന്നിട്ടാണോ ചേട്ടാ? അപ്പോൾ അടുത്തിരിക്കുന്ന ഒരാൾ പറഞ്ഞു ഞാൻ രണ്ടു മണിക്ക് വന്നതാണ്. പിന്നെ അവിടെ നിന്നിട്ട് കാര്യമുണ്ടെന്ന് തോന്നിയില്ല. ഒരു പക്ഷേ സാധാരണ വൈറൽ ഫിവർ വല്ലതും ആണെങ്കിൽ തന്നെ എട്ടും പത്തും മണിക്കൂർ ഇത്രയധികം പനിയുള്ള ആളുകൾക്കിടയിൽ ഇരുന്നാൽ അസുഖം വന്നോളും. സ്റ്റാഫുകളുടെ കുറവും അവർക്ക് ഇത്രയധികം ആളുകളെ കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ടും ഒക്കെ മനസിലാക്കാവുന്നതേ ഉള്ളു. പക്ഷേ എന്തുകൊണ്ട് ഒരു ഓൺലൈൻ രെജിസ്ട്രെഷൻ സിസ്റ്റത്തിലൂടെയോ മറ്റോ ടൈം സ്ലോട്ട് കൊടുത്ത് രോഗികളുടെ കാത്തിരുപ്പ് സമയം ഒഴിവാക്കിക്കൂടാ. എനിക്ക് മനസിലാവുന്നില്ല. കേരളം കോവിഡ് കൈകാര്യം ചെയ്യുന്നതേക്കുറിച്ച് പൊതുവേ നല്ല മതിപ്പാണ്. പക്ഷേ റിയാലിറ്റി അങ്ങനെ അല്ലെന്ന് എനിക്കിന്നലെ മനസിലായി. ഇതാണ് അവസ്ഥ എങ്കിൽ വലിയ ദുരന്തം നമ്മെ കാത്തിരിക്കുന്നു എന്ന് പേടിക്കണം. ഇന്ന് ചെറുതായി പനി കുറവുണ്ട്. പക്ഷേ തൊണ്ടവേദനയുണ്ട്. പ്രൈവറ്റ് ടെസ്റ്റിംഗ് സെന്ററുകൾ ഏതൊക്കെ എന്നന്വേഷിച്ചു. ഡിഡിആർസിയിൽ വിളിച്ചു. ഇന്ന് ഞായറാഴ്ച ആയതിനാൽ അവർ മുടക്കമാണ്. നാളെ ചെല്ലാൻ പറഞ്ഞു. അതേസമയം കുറിപ്പ് വലിയ ചർച്ചയായതിനു പിന്നാലെ, കേരളം കോവിഡ് കൈകാര്യം ചെയ്യുന്ന രീതികൾ അപ്പടി മോശമാണ് എന്ന് ആരോപിക്കാൻ ഉദ്ദേശിച്ച് എഴുതിയതായിരുന്നില്ല ആ പോസ്റ്റ് എന്ന വിശദീകരണവുമായി സനൽകുമാർ രംഗത്തെത്തി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെ തന്നെയായിരുന്നു സനൽകുമാറിന്റെ വിശദീകരണവും. സനൽകുമാറിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് കേരളം കോവിഡ് കൈകാര്യം ചെയ്യുന്ന രീതികൾ അപ്പടി മോശമാണ് എന്ന് ആരോപിക്കാൻ ഉദ്ദേശിച്ച് എഴുതിയതായിരുന്നില്ല ആ പോസ്റ്റ്. പലരും അങ്ങനെ ഉപയോഗിച്ച് കണ്ടു. ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൌതുകം എന്ന് സമാധാനിക്കാനേ വഴിയുള്ളു. പറയാനുദ്ദേശിച്ചത് ഇതാണ് കോവിഡ് ടെസ്റ്റിന് എത്തുന്ന രോഗികൾ ഒന്നിച്ച് കൂടിയിരിക്കുന്ന അവസ്ഥ അപകടകരമാണ്. രോഗം ഉള്ളവരും ഇല്ലാത്തവരുമായ നാൽപതും അൻപതും പേർ ആറും ഏഴും മണിക്കൂർ ഒരു സ്ഥലത്ത് കാത്തിരിക്കേണ്ടിവരുന്നത് രോഗ വ്യാപനത്തിന് കാരണമാവും. ഒരു ഓൺലൈൻ സംവിധാനം ഉപയോഗിച്ച് രോഗികളുടെ ഡീറ്റെയിത്സ് ശേഖരിക്കുകയും ടെസ്റ്റിന് ഒരു നിശ്ചിത സമയം നൽകുകയും ചെയ്യുകയാണെങ്കിൽ ടെസ്റ്റ് നടക്കുന്ന സ്ഥലത്ത് ഒരേ സമയം മൂന്നോ നാലോ രോഗികൾ മാത്രമായി നിയന്ത്രിക്കാം. അത് രോഗികൾക്ക് മാത്രമല്ല ആരോഗ്യപ്രവർത്തകർക്കും ഗുണകരമാണ്. കേരളം കോവിഡ് കൈകാര്യം ചെയ്യുന്നതിൽ തീർച്ചയായും വലിയ അഭിനന്ദനം അർഹിക്കുന്നുണ്ട്. പക്ഷേ രോഗവ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ചെറിയ പിഴവുകൾ പോലും വലിയ വിപത്തുകൾ കൊണ്ടുവരും. കൃത്യമായ വിവരങ്ങൾ ജനങ്ങളിലേക്കെത്തിക്കുകയും സാഹചര്യങ്ങളെ മറികടക്കാൻ സന്നദ്ധരാക്കുകയും വേണം. ഒരു കാര്യവും മൂടിവെച്ച് പരിഹരിക്കാൻ കഴിയില്ല. തുറന്നു വെക്കണം കാണണം പരിഹാരങ്ങൾ തനിയേ വരും. രോഗവ്യാപനം ക്രമാതീതമായി ഉണ്ടായാൽ നമ്മുടെ ആശുപത്രി സംവിധാനങ്ങൾക്ക് കൈകാര്യം ചെയ്യാൻ കഴിയാത്ത അവസ്ഥയുണ്ടാവും എന്ന തിരിച്ചറിവുണ്ടാവണം. എല്ലാ സൂചനകളും പഠനങ്ങളും പറയുന്നത് രോഗവ്യാപനം ഉണ്ടാകും എന്നു തന്നെയാണ്. അങ്ങനെ വന്നാൽ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്നതേക്കുറിച്ച് കൃത്യമായ ധാരണ വേണം. ചെറിയതോതിലുള്ള രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ തന്നെ ടെസ്റ്റ് ചെയ്യണം എന്ന് പറയുകയും ടെസ്റ്റ് ചെയ്യാനുള്ള സംവിധാനങ്ങൾ കുറവായിരിക്കുകയും ടെസ്റ്റ് ചെയ്ത് ഫലം പോസിറ്റീവ് ആയാൽ എങ്ങിനെ കൈകാര്യം ചെയ്യും എന്നതിന് ഒരു സ്ട്രാറ്റജി ഇല്ലാതിരിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ടെസ്റ്റിംഗിന്റെ കാര്യത്തിൽ ഒരു ആശയക്കുഴപ്പം നിലനിൽക്കുന്നത്. ഈ ഗുരുതരമായ ആശയക്കുഴപ്പം എത്രയും പെട്ടെന്ന് മാറ്റുക എന്നതാണ് അടിയന്തിരമായി ചെയ്യേണ്ടത്. NB: പനി നന്നായി കുറവുണ്ട് തൊണ്ടവേദനയും. content highlights: director sanalkumar sasidharan facebook post about keralas covid management


from mathrubhumi.latestnews.rssfeed https://ift.tt/3e4YAhL
via IFTTT