Breaking

Friday, July 24, 2020

ആസാദ് മൈതാനത്തെ സമരപ്പന്തലിൽ ഇനി വിമൽ എത്തില്ല

മുംബൈ: സർക്കാർ ഏറ്റെടുത്തതായി പറയുന്ന പൈതൃകസ്വത്തിന് കോടികളുടെ നഷ്ടപരിഹാരമാവശ്യപ്പെട്ട് ആറുവർഷം മുംബൈ ആസാദ് മൈതാനത്ത് സമരംനടത്തിയ വിമൽ പേഠാക്കർ (70) നഗരത്തിലെ നടപ്പാതയിൽക്കിടന്ന് മരിച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു മരണം. സാംഗ്ലിയിലെ തസ്ഗാവിൽനിന്നുള്ള വിമൽ 2014-ലാണ് ഭർത്താവ് മോഹനും മകൻ ദത്താത്രേയയ്ക്കുമൊപ്പം നഗരത്തിന്റെ അംഗീകൃത സമരകേന്ദ്രമായ ആസാദ് മൈതാനത്ത് കുത്തിയിരിപ്പുതുടങ്ങിയത്. സാംഗ്ലിയിലെ മിറാജ് റോഡിലെ പൈതൃകസ്വത്ത് ഏറ്റെടുത്തതിന് നഷ്ടപരിഹാരമായി 2600 കോടിരൂപ ലഭിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ഇവിടത്തെ മൂന്നരയേക്കർ ഭൂമിയിൽ ഒരുഭാഗം 1881-ൽ ബ്രിട്ടീഷ് സർക്കാർ മീറ്റർഗേജ് റെയിൽപ്പാതയ്ക്കുവേണ്ടി ഏറ്റെടുത്തതാണെന്ന് ദത്താത്രേയ പറയുന്നു. ബാക്കിഭൂമി റോഡ് വീതികൂട്ടുന്നതിനായി സംസ്ഥാനസർക്കാർ ഏറ്റെടുത്തു. ഇതിന്നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് തെളിയിക്കുന്നതിനുള്ള ഒരു കെട്ട് രേഖകളുമായി മഹാരാഷ്ട്രയുടെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയേറ്റിൽ എത്തിയപ്പോൾ ഉദ്യോഗസ്ഥർ പരിഹസിച്ച് മടക്കിയയക്കുകയാണ് ചെയ്തതെന്ന് ദത്താത്രേയ പറഞ്ഞു. അങ്ങനെയാണ് ആസാദ് മൈതാനത്ത് കുത്തിയിരിപ്പുതുടങ്ങിയത്. ആറുമണിക്കുശേഷം ആസാദ് മൈതാനത്ത് ഇരിക്കാൻ അനുമതിയില്ലാത്തതിനാൽ തൊട്ടടുത്ത സി.എസ്.ടി. റെയിൽവേ സ്റ്റേഷനിൽ പോകും. രാത്രി അവിടെക്കിടന്ന് രാവിലെ പിന്നെയും സമരവേദിയിലെത്തും. ഭർത്താവ് മോഹൻ 2018-ൽ ആസാദ് മൈതാനത്തുകിടന്നുതന്നെ മരിച്ചപ്പോഴാണ് വിമലിന്റെ സമരത്തിന് ഇടവേളവന്നത്. നാട്ടിൽപ്പോയി 15 ദിവസത്തെ മരണാനന്തരകർമങ്ങൾ കഴിഞ്ഞ് മകനോടൊപ്പം തിരിച്ചെത്തി അവർ സമരം പുനരാരംഭിച്ചു. കോവിഡ് പ്രതിരോധത്തിന് ലോക്ഡൗൺ തുടങ്ങിയപ്പോൾ ആസാദ് മൈതാനത്തുനിന്ന് അമ്മയെയും മകനെയും ഒഴിപ്പിച്ചു. മുംബൈ നഗരസഭാ ആസ്ഥാനത്തിനുമുന്നിലെ നടപ്പാതയിലായി പിന്നെ സമരം. ലോക്ഡൗണിൽ ഇളവുവരുത്തി ശ്രമിക് തീവണ്ടികൾ ഓടാൻ തുടങ്ങിയെങ്കിലും അമ്മയും മകനും നാട്ടിൽ പോയില്ല. നഷ്ടപരിഹാരം അനുവദിക്കാനുള്ള നടപടിക്രമങ്ങൾ തുടങ്ങിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതുകാരണമാണ് മുംബൈയിൽത്തന്നെ കഴിഞ്ഞതെന്ന് ദത്താത്രേയ പറയുന്നു. തിങ്കളാഴ്ച രാവിലെ അമ്മ അനക്കമില്ലാതെ കിടക്കുന്നതുകണ്ട ദത്താത്രേയ പോലീസിന്റെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്. മൃതദേഹം ജന്മഗ്രാമത്തിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കത്തിലാണ് മകൻ. Content Highlights:vimal will no longer be present at the Azad Maidan protest tent


from mathrubhumi.latestnews.rssfeed https://ift.tt/3hI9CMj
via IFTTT