Breaking

Friday, March 6, 2020

കാറിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്ന കൊച്ചുമകൻ പിടിയിൽ

ഉരുളികുന്നം/കുറവിലങ്ങാട്: ഉരുളികുന്നത്ത് എഴുപതുവയസ്സുള്ള വീട്ടമ്മയുടെ മാല പൊട്ടിച്ച് കാറിൽ രക്ഷപ്പെട്ട സംഘത്തിലെ ഒരാൾ കുറവിലങ്ങാട് പോലീസിന്റെ പിടിയിൽ. ഒരാൾ രക്ഷപ്പെട്ടു. വീട്ടമ്മയുടെ മകളുടെ മകൻ പാലാ മുരിക്കുംപുഴ കിഴക്കേപ്പറമ്പിൽ സച്ചിൻ സാബുവാണ്(24) കാറുമായി പിടിയിലായത്. രാമപുരം സ്വദേശി വിഷ്ണു(23) വാണ് രക്ഷപ്പെട്ടത്. മാല കോട്ടയത്ത് ജൂവലറിയിൽ വിൽക്കുന്നതിന് സഹായിച്ചതിന് സച്ചിന്റെ ഭാര്യ അഖിലയെയും പോലീസ് കസ്റ്റഡിയിലെടുത്തു. അഖില തുടക്കം മുതൽ ഇവർക്കൊപ്പം വാഹനത്തിലുണ്ടായിരുന്നോ എന്ന് വ്യക്തമായിട്ടില്ല. വ്യാഴാഴ്ച രാവിലെ 9.30-നാണ് കുരുവിക്കൂട്-കുറ്റിപ്പൂവം റോഡിലുള്ള വീട്ടുമുറ്റത്തുനിന്ന് ഈരയിൽ മേരിയുടെ മൂന്നു പവൻ തൂക്കമുള്ള സ്വർണമാല പൊട്ടിച്ചെടുത്തത്. പഞ്ചായത്ത് റോഡിൽ നിന്ന് 200 മീറ്ററിലേറെ ചെമ്മൺപാതയിലൂടെ കാറോടിച്ച് വീടിനടുത്ത് നിർത്തിയശേഷം ഇറങ്ങിവന്ന ഒരാൾ കേബിൾ ടി.വി.യുടെ തകരാർ പരിഹരിക്കാനെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തി. വീടിനുള്ളിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ മേരിയുടെ കഴുത്തിലെ മാല പൊട്ടിച്ചെടുത്ത് കാറിലേക്കോടിക്കയറി. മേരി നിലവിളിച്ചപ്പോൾ ഓടിയെത്തിയ അയൽക്കാർ കാർ തടയാൻ ശ്രമിച്ചെങ്കിലും വെട്ടിച്ചുമാറ്റി രക്ഷപ്പെട്ടു. ഉടൻതന്നെ കാറിന്റെ നമ്പർ പോലീസിന് കൈമാറി തിരച്ചിൽ ഊർജിതമാക്കി. സോഷ്യൽ മീഡിയയിൽ കാറിന്റെ നമ്പർ കണ്ട കുര്യനാട് സ്വദേശി തന്റെ കാർ വാടകയ്ക്ക് കൊണ്ടുപോയ ആൾ തിരികെ നൽകിയിട്ടില്ലെന്ന് കുറവിലങ്ങാട് പോലീസിൽ പരാതി നൽകി. പിന്നീട് പാറ്റാനി കവലയിലൂടെ കാർ പോകുന്നത് കണ്ട് കുറവിലങ്ങാട് പോലീസ് കാറിന് പിന്നാലെ പാഞ്ഞു. മഠത്തിക്കാവ് റോഡിലൂടെ കാർ തോട്ടുവായിലെത്തി. അവിടെനിന്ന് കുറുപ്പന്തറ റെയിൽവേ ക്രോസിലെത്തിയപ്പോഴാണ് പോലീസിന് തടയാനായത്. വിഷ്ണു ഇറങ്ങി ഓടിരക്ഷപ്പെട്ടു. സച്ചിനെ കസ്റ്റഡിയിലെടുത്തു. കുറവിലങ്ങാട് എസ്.ഐ. ദീപു, എസ്.ഐ. സജിമോൻ, എ.എസ്.ഐ. രാജൻ, സി.പി.ഒ.മാരായ അരുൺ, ബിജു, ജിനു എന്നിവർ ചേർന്നാണ് പിന്തുടർന്ന് പിടികൂടിയത്. പൊൻകുന്നം എസ്.ഐ. രാജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കുറവിലങ്ങാട് സ്റ്റേഷനിലെത്തി മാലമോഷണക്കേസിൽ തുടർനടപടി സ്വീകരിച്ചു. കുറവിലങ്ങാട് പോലീസ് കാർ മോഷണത്തിനും കേസ് രജിസ്റ്റർ ചെയ്തു. Content Highlights: Accused Arrested


from mathrubhumi.latestnews.rssfeed https://ift.tt/32TcLm9
via IFTTT