Breaking

Saturday, March 7, 2020

സെഞ്ചുറിയുമായി ലിറ്റണ്‍ ദാസും തമീം ഇഖ്ബാലും; സിംബാബ്‌വെയെ തൂത്തുവാരി ബംഗ്ലാദേശ്

സിൽഹെറ്റ്: സെഞ്ചുറി നേടുന്ന ആദ്യ ബംഗ്ലാദേശ് ഓപ്പണിങ് ജോഡിയായി ലിറ്റൺ ദാസും തമീം ഇഖ്ബാലും. സിംബാബ്വെയ്ക്കെതിരായ മത്സരത്തിലാണ് ഇരുവരുടേയും റെക്കോഡ് പ്രകടനം. ലിറ്റൺ ദാസ് 143 പന്തിൽ 176 റൺസ് നേടിയപ്പോൾ 109 പന്തിൽ 128 റൺസോടെ തമീം പുറത്താകാതെ നിന്നു. ഇരുവരും ഓപ്പണിങ് വിക്കറ്റിൽ 292 റൺസ് കൂട്ടുകെട്ടുമുണ്ടാക്കി. ഏകദിനത്തിൽ ബംഗ്ലാദേശിന്റെ ഏറ്റവുമയർന്ന കൂട്ടുകെട്ടു കൂടിയാണിത്. ലിറ്റൺ ദാസിന്റെ 176 റൺസ് ഏകദിനത്തിൽ ഒരു ബംഗ്ലാദേശ് താരത്തിന്റെ ഏറ്റവുമയർന്ന സ്കോറാണ്. മഴ തടസ്സെപ്പെടുത്തിയ മൂന്നാം ഏകദിനത്തിൽ ബംഗ്ലാദേശ് സിംബാബ്വേയെ 123 റൺസിന് പരാജയപ്പെടുത്തി. ഇതോടെ മൂന്നു ഏകദിനങ്ങളടങ്ങിയ പരമ്പര ബംഗ്ലാദേശ് തൂത്തുവാരി. മഴ മൂലം 43 ഓവർ ആയി ചുരുക്കിയ മത്സരത്തിൽ ബംഗ്ലാദേശ് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 322 റൺസാണ് അടിച്ചെടുത്തത്. മഹ്മൂദുള്ളയും അഫീഫ് ഹുസൈനുമാണ് പുറത്തായ മറ്റു ബാറ്റ്സ്മാൻമാർ. സിംബാബ്വെയ്ക്കായി കാൾ മുംബ മൂന്നു വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വെ 37.3 ഓവറിൽ 218 റൺസിന് എല്ലാവരും പുറത്തായി. സികന്ദർ റാസ 61 റൺസെടുത്തപ്പോൾ വെസ്ലി മാധേവേറെ 42 റൺസ് അടിച്ചു. ബംഗ്ലാദേശിനായി മുഹമ്മദ് സൈഫുദ്ദീൻ 6.3 ഓവറിൽ 41 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. തൈജുൽ ഇസ്ലാം രണ്ട് വിക്കറ്റെടുത്തു. Content Highlights: Liton Das, Tamim Iqbal hit tons as Bangladesh thrash Zimbabwe


from mathrubhumi.latestnews.rssfeed https://ift.tt/2VQFOoN
via IFTTT