Breaking

Saturday, March 7, 2020

യെസ് ബാങ്ക് പ്രതിസന്ധി: ഫോണ്‍ പേ സേവനങ്ങള്‍ താറുമാറായി

പേമെന്റ് ആപ്ലിക്കേഷനായ ഫോൺ പേയുടെ സേവനങ്ങളെ യെസ് ബാങ്ക് പ്രതിസന്ധി സാരമായി ബാധിച്ചിരിക്കുകയാണ്. യെസ് ബാങ്കുമായി സഹകരിച്ചാണ് ഫോൺ പേ യുപിഐ സേവനങ്ങൾ നൽകിവന്നിരുന്നത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന യെസ്ബാങ്കിന് വ്യാഴാഴ്ച റിസർവ് ബാങ്ക് മോറട്ടോറിയം ഏർപ്പെടുത്തിയിരുന്നു. നിക്ഷേപകർക്ക് ഒരു മാസത്തേക്ക് 50,000 രൂപ മാത്രമേ യെസ്ബാങ്കിൽ നിന്നും പിൻവലിക്കാൻ സാധിക്കുകയുള്ളൂ. ബാങ്കിന്റെ ഡയറക്ടർ ബോർഡിനേയും പിരിച്ചുവിട്ടു. വായ്പകൾ അനുവദിക്കുന്നതും പുതുക്കുന്നതും നിക്ഷേപം നടത്തുക, ഏതെങ്കിലും ബാധ്യത വരുത്തുക അല്ലെങ്കിൽ ഏതെങ്കിലും പേയ്മെന്റ് വിതരണം ചെയ്യാൻ സമ്മതിക്കുക എന്നിവയും നിർത്തിവച്ചിരിക്കുകയാണ്. ഇത് യെസ് ബാങ്കിന്റെ യുപിഐ സേവനത്തെ ആശ്രയിച്ചിരുന്ന വ്യവസായ പങ്കാളികളേയും ബാധിച്ചു. ഇന്ത്യയിലെ മുൻനിര യുപിഐ ആപ്ലിക്കേഷനുകളിൽ ഒന്നാണ് ഫോൺ പേ. യെസ് ബാങ്ക് പ്രതിസന്ധിയെ തുടർന്ന് ഫോൺ പേ സേവനങ്ങൾ തടസപ്പെട്ടു. ലക്ഷക്കണക്കിന് വരുന്ന ഫോൺപേ ഉപയോക്താക്കളേയാണ് ഇത് ബാധിച്ചത്. സേവനങ്ങളിൽ തടസം നേരിട്ടതിൽ ഖേദിക്കുന്നുവെന്നും സേവനങ്ങൾ തിരികെ കൊണ്ടുവരാൻ ശ്രമിച്ചുവരികയാണെന്നും ഫോൺ പേ സിഇഓ സമീർ നിഗം പറഞ്ഞു. മണിക്കൂറുകൾക്കുള്ളിൽ ആപ്പിന്റെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്നാണ് അദ്ദേഹം ട്വീറ്റിൽ പറഞ്ഞിരുന്നത് എങ്കിലും ഇപ്പോഴും ഫോൺ പേ വഴി പണമയക്കാൻ സാധിക്കുന്നില്ല. വ്യാപാരികളുമായുള്ള പണമിടപാട് പുനരാരംഭിച്ചിട്ടുണ്ടെന്നും മറ്റ് ഉപയോക്താക്കളുടെ യുപിഐ സേവനങ്ങൾ തിരികെ കൊണ്ടുവരാൻ ശ്രമിച്ചുവരികയാണെന്നും ഫോൺ പേ പറഞ്ഞു. യെസ് ബാങ്ക് പ്രതിസന്ധിയെ തുടർന്ന് ഫ്ളിപ്പ്കാർട്ട്, മേക്ക് മൈ ട്രിപ്പ്, മിന്ത്ര, ജബോങ്, ക്ലിയർ ട്രിപ്പ്, എയർടെൽ, സ്വിഗ്ഗി, റെഡ്ബസ്, ഹങ്കർബോക്സ്, മുദ്ര പേ, ഉഡാൻ, മൈക്രോസോഫ്റ്റ് കൈസാല, പിവിആർ എന്നീ സേവനങ്ങളും പ്രശ്നങ്ങൾ നേരിടുന്നുണ്ട്. അതേസമയം മറ്റ് പേമെന്റ് ഗേറ്റ് വേകൾ ഉപയോഗിക്കുന്നതിനാൽ എയർടെൽ, മിന്ത്ര പോലുള്ള സേവനങ്ങളുടെ പണമിടപാടുകളെ യെസ്ബാങ്ക് പ്രശ്നം സാരമായി ബാധിച്ചിട്ടില്ല. ഫോൺ പേ യുപിഐ സേവനത്തിനായി യെസ് ബാങ്കിനെ മാത്രമാണ് ആശ്രയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, വാലറ്റ് പേമന്റ് ഓപ്ഷനുകൾ ഫോൺ പേ ലഭ്യമാക്കിയിട്ടുണ്ട്. Content Highlights:yes bank crisis affected phone pe upi services


from mathrubhumi.latestnews.rssfeed https://ift.tt/2PRn7gP
via IFTTT