Breaking

Saturday, March 7, 2020

കൊറോണ ബാധിതര്‍ ഒരു ലക്ഷം കവിഞ്ഞു; ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചു,ഫെയ്‌സ്ബുക്ക്‌ ഓഫീസുകള്‍ അടച്ചു

ലണ്ടൻ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഫേയ്സ്ബുക്കിന്റെ ലണ്ടൻ ഓഫീസും സിങ്കപ്പൂർ ആസ്ഥാന ഓഫീസിന്റെ ഭാഗവും അടയ്ക്കുന്നു. സിങ്കപ്പൂർ ഓഫീസിലെ ജീവനക്കാരിൽ ഒരാൾക്ക് കോവിഡ്- 19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. ഫേയ്സ്ബുക്കിന്റെ മറീന വൺ ഓഫീസിലെ ജീവനക്കാരനാണ് വെള്ളിയാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാൾ അടുത്തിടെ ലണ്ടൻ ഓഫീസ് സന്ദർശിച്ചിരുന്നു. അതിനാലാണ് ലണ്ടൻ ഓഫീസും അടയ്ക്കാൻ തീരുമാനിച്ചത്. മാർച്ച് ഒമ്പത് വരെയാണ് ലണ്ടൻ ഓഫീസ് അടയ്ക്കുന്നത്. വൈറസ് ബാധ സ്ഥീരീകരിച്ച ഓഫീസുകൾ വൈറസ് മുക്തമാക്കുന്നതിനായി ഉടൻ അടച്ചുപൂട്ടാൻ നിർദേശിച്ചതായി ഫേയ്സ്ബുക്ക് സ്ഥിരീകരിച്ചു. സിങ്കപ്പൂർ ഓഫീസിലെജീവനക്കാരോട് മാർച്ച് 13 വരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദേശിച്ചതായും കമ്പനി വ്യക്തമാക്കി. രോഗം സ്ഥിരീകരിച്ച ആളുമായി ബന്ധപ്പെട്ട മറ്റു ജീവനക്കാർക്ക് സമ്പർക്കവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഫേയ്സ്ബുക്കിന്റെ ഷാങ്ഹായ് ഓഫീസ് നേരത്തെ അടച്ചിരുന്നു. ഇറ്റലി, ദക്ഷിണ കൊറിയ, സാൻ ഫ്രാൻസിസ്കോ എന്നിവിടങ്ങളിലെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ കമ്പനി നിർദേശിച്ചിട്ടുണ്ട്. ലോകത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം വെള്ളിയാഴ്ച ഒരുലക്ഷം കടന്നു. 1,01,569 പേരിലാണ് വൈറസ് സ്ഥിരീകരിച്ചത്. വൈറസ് ബാധമൂലമുള്ള മരണം 3461 ആയി. Content Highlights:Facebook Shuts London, Singapore Offices After Coronavirus Case


from mathrubhumi.latestnews.rssfeed https://ift.tt/2vOyqQ6
via IFTTT